അൽ മൗജിലെ സെന്റ് റീജീസ് ലക്ഷ്വറി ഹോട്ടലിന്റെ വിഹഗ വീക്ഷണം
ആഗോള നിക്ഷേപ സാധ്യതതേടി ‘ഇൻസ്പയർ ഒമാൻ സമ്മിറ്റ്’ ഇന്ന്
മസ്കത്ത്: ഒമാൻ സുൽത്താനേറ്റിൽ വളർന്നു വരുന്ന ബിസിനസ് അന്തരീക്ഷത്തിന് ആഗോള പിന്തുണ ഉറപ്പാക്കാനും ബിസിനസ് രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചവരെ ആദരിക്കാനും അവരുടെ വിജയയാത്രയെ അടയാളപ്പെടുത്താനും ഒമാൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി ആവിഷ്രിച്ച ‘ഇൻസ്പയർ ഒമാൻ സമ്മിറ്റ്’ ബുധനാഴ്ച മസ്കത്തിൽ നടക്കും. അൽ മൗജിലെ സെന്റ് റീജീസിൽ രാവിലെ 10ന് ആരംഭിക്കുന്ന ഓപണിങ് സെഷനിൽ ഒമാൻ രാജകുടുംബാംഗം സയ്യിദ് മുഹമ്മദ് ബിൻ സാലിം അൽ സഈദ് മുഖ്യാതിഥിയാവും. ചടങ്ങിൽ കർണാടക ആരോഗ്യ കുടുംബക്ഷേമ മന്ത്രി യു.ടി. ഖാദർ സന്നിഹിതനാവും.
ഒമാൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി (ഒ.സി.സി.ഐ) ചെയർമാൻ ശൈഖ് ഫെസൽ ബിൻ അബ്ദുല്ല അൽ റവാസ് ‘വൈ ഒമാൻ വൈ നൗ’ എന്ന തലക്കെട്ടിൽ മുഖ്യ അവതരണം നിർവഹിക്കും. സുൽത്താനേറ്റിലെ ലോജിസ്റ്റിക്സ്, മാനുഫാക്ചറിങ്, ടൂറിസം, ഹോസ്പിറ്റാലിറ്റി, ഭക്ഷ്യ സുരക്ഷ, ഫിഷറീസ്, സുസ്ഥിരത, മൈനിങ്- മിനറൽസ്, ഹെൽത്ത്കെയർ, ടെക്നോളജി തുടങ്ങിയ മേഖലകളിലെ നിക്ഷേപ സാധ്യതകളെ സമഗ്രമായി അവതരിപ്പിക്കുന്ന അവതരണം ഈ സെഷനിൽ നടക്കും. തുടർന്ന്, ഇൻസ്പയർ ഒമാന്റെ ലക്ഷ്യങ്ങളെയും കാഴ്ചപ്പാടുകളെയും സദസ്സിന് പരിചയപ്പെടുത്തും. ഒമാനിലെ പുതിയ നിക്ഷേപ പദ്ധതികളുടെ പ്രഖ്യാപനവും ധാരണാപത്രം കൈമാറലും നടക്കും. ഒ.സി.സി.ഐ ബോർഡംഗവും ഫോറിൻ ഇൻവെസ്റ്റ്മെന്റ് കമ്മിറ്റി ഹെഡുമായ അബ്ദുല്ലത്തീഫ് ഉപ്പള ചേംബറിന്റെ നിക്ഷേപ സന്ദേശം കൈമാറും. തുടർന്ന്, ഒമാനിലെ ഇന്ത്യൻ അംബാസഡർ പ്രശാന്ത് പിസെ സംസാരിക്കും. ഇടവേളക്കുശേഷം, ‘അൺലോക്കിങ് ദ മൈൻഡ്സെറ്റ് ബിഹൈൻഡ് ഓപർച്യൂനിറ്റി’ എന്ന തലക്കെട്ടിൽ പ്രശസ്ത മെന്റർ അർഫീൻ ഖാന്റെ സെഷൻ അരങ്ങേറും.
ആധുനിക ഒമാന്റെ വികസന ചരിത്രത്തിലെ മൂന്ന് ബിസിനസ് അതികായർ ‘ഇൻസ്പയർ ഒമാൻ സമ്മിറ്റി’ൽ അനുഭവങ്ങൾ പങ്കിടാനെത്തുന്ന സെഷനും വ്യത്യസ്തമാവും. ഗൾഫാർ എൻജിനീയറിങ് സ്ഥാപകൻ ഡോ. പി. മുഹമ്മദലി, ഖിംജി രാംദാസ് ഗ്രൂപ്പ് ഡയറക്ടർ അനിൽ ഖിംജി, അൽ അൻസാരി ഗ്രൂപ്പ് സ്ഥാപകൻ കിരൺ ആഷർ എന്നിവരാണ് ‘മീറ്റ് ദ പയനിയേഴ്സ്’ സെഷനിൽ സദസ്സുമായി സംവദിക്കുക.
ഇന്ത്യ- ഒമാൻ സമഗ്ര പങ്കാളിത്ത വ്യാപാര കരാർ സംബന്ധിച്ച സെഷനിൽ ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി സതീഷ് ബി. കൃഷ്ണൻ വിഷയമവതരിപ്പിക്കും. തുടർന്ന്, ബിസിനസ് രംഗത്തെ സുസ്ഥിര മാതൃകയെ കുറിച്ചുള്ള ചർച്ചയിൽ ഒമാന്റെ ഹരിത ഭാവിയും സർക്കുലർ ഇക്കോണമിയും അടിസ്ഥാനമാക്കി പാനൽ ചർച്ച നടക്കും. ഒമാൻ പരിസ്ഥിതി അതോറിറ്റിയിലെ എൻവയോൺമെന്റൽ കോംപ്ലയൻസ് വിഭാഗം ഡയറക്ടർ ജനറൽ ഡോ. മുഹമ്മദ് സൈഫ് അൽ കൽബാനി, ഒമാനിൽ മാലിന്യസംസ്കരണത്തെ ലാഭകരമായ ബിസിനസ് മാതൃകകളാക്കി മാറ്റിയ പ്രവാസി വ്യവസായ പ്രമുഖരായ നൗഷാദ് റഹ്മാൻ, ഇബ്രാഹിം അബ്ദുൽ റഹീം, ഇ.എം. ബദറുദ്ദീൻ എന്നിവർ പാനലിസ്റ്റുകളാവും. മൈനിങ്-മിനറൽസ് മേഖലയിലെ നിക്ഷേപ അവസരങ്ങളെ കുറിച്ചുള്ള ഹ്രസ്വ സെഷൻ ഷിജു ശശിധരൻ അവതരിപ്പിക്കും. ഒമാനിലെ ഫിഷറീസ് മേഖലയിലെ നിക്ഷേപ-വാണിജ്യ സാധ്യതകൾ ചർച്ച ചെയ്യുന്ന പ്രത്യേക സെഷനിൽ മസ്കത്തിലെ വകുപ്പുതല ഡയറക്ടർ ഡോ. ഹുസൈൻ മുഹമ്മദ് അൽ മസ്കത്തി, പ്രവാസി വ്യവസായി മുഹമ്മദ് അമീൻ സേട്ട് തുടങ്ങിയവർ പങ്കെടുക്കും. വൈകീട്ടോടെ സമ്മിറ്റിന് സമാപനമാവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.