മസ്കത്ത്: വംശനാശഭീഷണി നേരിടുന്ന കടലാമകളുടെ കുഞ്ഞുങ്ങളെ ശാസ്ത്രീയമായി ട്രാക്ക് ചെയ്യുന്നതിനും പഠിക്കുന്നതിനുമായി പരിസ്ഥിതി അതോറിറ്റി (ഇ.എ) തെക്കൻ ശർഖിയയിലെ റാസ് അൽ ഹദ്ദ് ടർട്ടിൽ റിസർവിൽ പുതിയ നിരീക്ഷണ പദ്ധതി ആരംഭിച്ചു. ഒക്ടോബർ അവസാനം വരെ നീണ്ടുനിൽക്കുന്ന ഈ സംരംഭം, കൂടുകളിൽനിന്ന് പുറത്തുവരുന്ന കുഞ്ഞുങ്ങളുടെ എണ്ണം നിരീക്ഷിക്കുക, അവയുടെ അതിജീവന നിരക്ക് വിലയിരുത്തുക, കടലിലേക്കുള്ള അവയുടെ യാത്രയെ സ്വാധീനിക്കുന്ന പാരിസ്ഥിതിക ഘടകങ്ങൾ പരിശോധിക്കുക എന്നിവയാണ് ലക്ഷ്യമിടുന്നത്.
കടലാമകളുടെ സംരക്ഷണത്തിനായുള്ള തന്ത്രങ്ങൾ വികസിപ്പിക്കുന്നതിന് ഈ പദ്ധതി രൂപകൽപന ചെയ്തിരിക്കുന്നത്. ശാസ്ത്രീയ ഗവേഷണത്തിനും നയരൂപവതകരണത്തിനും പിന്തുണ നൽകുന്നതിനായി കൃത്യമായ ഡേറ്റ ഉപയോഗിച്ച് ദേശീയ ഡാറ്റാബേസിനെ സമ്പന്നമാക്കുന്നതിനൊപ്പം, പരിസ്ഥിതി നിരീക്ഷണം, സമുദ്ര ജീവശാസ്ത്രം എന്നീ മേഖലകളിലെ ദേശീയ പ്രഫഷണലുകളുടെശേഷി വർധിപ്പിക്കാനും ഇത് ശ്രമിക്കുന്നു. സമുദ്ര പരിസ്ഥിതിയുടെ സുസ്ഥിരത വർധിപ്പിക്കുന്നതിനും ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനും തീരദേശ ആവാസവ്യവസ്ഥയുടെ ആരോഗ്യ സൂചകങ്ങൾ മെച്ചപ്പെടുത്തുന്നതിനുമുള്ള വിശാലമായ ശ്രമങ്ങളുടെ ഭാഗമാണ് ഈ സംരംഭമെന്ന് ഇ.എ പ്രസ്താവനയിൽ പറഞ്ഞു.
സാമ്പത്തിക വികസനത്തിനും സുൽത്താനേറ്റിന്റെ സമ്പന്നമായ പ്രകൃതി പൈതൃകത്തിന്റെ ഭാവി തലമുറകൾക്കായി സംരക്ഷണത്തിനും ഇടയിലുള്ള സന്തുലിതാവസ്ഥക്ക് ഊന്നൽ നൽകുന്ന ഒമാൻ വിഷൻ 2040 മായി ഈ പദ്ധതി യോജിപ്പിച്ചിരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.