അബൂബക്കർ എൻ.കെ, അൽഖൂദ്
‘പോയകാല ജീവിത യാത്രക്കിടയിലെ തെരഞ്ഞെടുപ്പുകൾ ഞങ്ങൾക്കൊരാഘോഷ നാളുകളായിരുന്നു. പുത്തലത്ത് മൂസക്കയുടെ ചായപ്പീടികയിൽനിന്ന് കിട്ടുന്ന ചായയും കടിയും അവിടെയുള്ള രാഷ്ട്രീയ ചർച്ചകളും തെരഞ്ഞടുപ്പ് നാളുകളിൽ ഒരു പ്രത്യേകതയായിരുന്നു. എത്ര വാശിയേറിയ മത്സരമാണെങ്കിലും ഏറെ സൗഹൃദപരമായ സമീപനത്തിലൂടെ മാത്രം മുന്നണികളും പാർട്ടികളും തമ്മിൽ പെരുമാറുകയും വിഷയങ്ങളിൽ ഇടപെടുകയും ചെയ്തിരുന്നു.’
പുരാതന ചരിത്രങ്ങളെമ്പാടും കഥ പറയുന്ന നാദാപുരം പള്ളിയും കുറ്റിപ്രം കോവിലകവും മറ്റു വിവിധ ചരിത്ര കേന്ദ്രങ്ങളുടെയും സംഗമ ഭൂമികയായ നാദാപുരം പഞ്ചായത്ത് ഓർമവെച്ച മുതലേ പതിറ്റാണ്ടുകളോളമായി ഒരേ മുന്നണി തന്നെയാണ് ഭരണം നടത്തിക്കൊണ്ടിരിക്കുന്നത്. ഇടതൂർന്ന് നിൽക്കുന്ന തെങ്ങിൻ തോപ്പുകളും മനോഹരമായ വയലേലകളും കൊണ്ട് ഹരിതഭംഗി ചാർത്തുന്ന ഞങ്ങളുടെ ഗ്രാമമടങ്ങുന്ന നാദാപുരം.
പഞ്ചായത്ത് അതിന്റെ പുരോഗതിയുടെ വാതായനങ്ങൾ എന്നും തുറന്നുകിടക്കുന്നു. ഒരേ മുന്നണി തന്നെ ആവർത്തിച്ച് ഭരിക്കുന്നതുകൊണ്ടാകാം വികസനത്തുടർച്ച എന്നതും ഞങ്ങളുടെ പഞ്ചായത്തിൽ ഒരു പ്രത്യേകതയാണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പടുക്കുമ്പോൾ വിശാലമായ വയൽവരമ്പിലൂടെ ജാഥയായി മുദ്രാവാക്യം വിളിച്ച് പോകും. പ്രധാന വരമ്പിലൂടെ ജാഥ പോകുമ്പോൾ എതിർപാർട്ടിയുടെ ജാഥയും എതിർ വശത്തുനിന്ന് വരുന്ന ശബ്ദം കേട്ടാൽ മുതിർന്നവർ വന്ന് വഴിമാറി ഉപവരമ്പിലൂടെ പോകാൻ പറയും. കാരണം, തമ്മിൽ ഉരസാതെ കാക്കുകയാണ് മുതിർന്നവർ.
അങ്ങനെ അല്ലലും അലട്ടുമില്ലാതെ തെരഞ്ഞെടുപ്പും റിസൽട്ടുമൊക്കെ കഴിഞ്ഞാൽ നമ്മുടെ റോഡിന്റെയും വഴി വിളക്കിന്റെയും കാര്യം വളരെ സീരിയസായിത്തന്നെ മെംബറുടെയും ഭരണ സമിതിയുടെയും ശ്രദ്ധയിൽപെടുത്തും.
ഞാനോർക്കുകയാണ് ഞങ്ങളുടെ പള്ളി മദ്റസകളിലേക്കും സ്കൂളുകളിലേക്കും ഒട്ടനവധി വീടുകളിലേക്കുമുള്ള പ്രധാന വഴി ഒരു ചെറു വരമ്പായിരുന്നു. ഒരു പഞ്ചായത്ത് ഭരണസമിതി അധികാരത്തിൽ വന്നയുടൻ ദുർഘടമായ ഈ വഴിയുടെ കാര്യം ഞങ്ങളുടെ ഗ്രാമവാസികളെക്കൊണ്ട് ഒപ്പ് ശേഖരിച്ച് അധികാരികൾക്ക് നൽകി. ഉടൻതന്നെ അതിന്റെ പരിഹാരമെന്നോണം സുന്ദരമായ ഒരു നടപ്പാതക്ക് അനുമതിയും സഹായവും നൽകി. ആ ചരിത്ര പുരോഗതിയുടെ കാര്യങ്ങൾക്ക് ചുക്കാൻപിടിക്കാൻ തുമ്പോളി അമ്മദ് ഹാജിയായിരുന്നു ഉണ്ടായിരുന്നത്. കുറിപ്പുകാരൻ കൺവീനറും അമ്മദ് ഹാജി ചെയർമാനുമായി എം.പി. സൂപ്പിക്കയും ഇ.പി. അബൂബക്കർ ഹാജിയും സി.ടി. മൊയ്തു ഹാജിയും നാട്ടിലെ പ്രമുഖരും നേതൃത്വംനൽകിയ ഒരു ജനകീയ കൂട്ടായ്മയുടെ പരിശ്രമത്തിലൂടെ ഒരു നടപ്പാത പിന്നീട് പഞ്ചായത്തുതന്നെ ഏറ്റെടുത്ത് മനോഹരമായ ഒരു റോഡുണ്ടായത് വളരെ ആവേശത്തോടെ ഞങ്ങളുടെ ഗ്രാമവാസികൾ എന്നും സ്മരിക്കാറുണ്ട്.
ഞങ്ങളുടെ പ്രദേശത്തെ വലയം ചെയ്തൊഴുകുന്ന തോട് സുരക്ഷ ഭിത്തി നിർമിച്ച് മനോഹരമാക്കിയതും ജനങ്ങൾക്ക് ഏറെ ഉപകാരപ്പെടുന്ന സ്ഥലങ്ങളിലുള്ള വിളക്ക് തൂണുകളും ഗ്രാമ പഞ്ചായത്ത് ഞങ്ങളുടെ കൊച്ചു ഗ്രാമത്തെ ഭംഗിയാക്കിയ ഓർമകൾ ഇവിടെ പങ്കുവെക്കുകയാണ്. പോയകാല ജീവിതയാത്രക്കിടയിലെ തെരഞ്ഞെടുപ്പുകൾ ഞങ്ങൾക്കൊരാഘോഷനാളുകളായിരുന്നു. പുത്തലത്ത് മൂസക്കയുടെ ചായപ്പീടികയിൽനിന്ന് കിട്ടുന്ന ചായയും കടിയും അവിടെയുള്ള രാഷ്ട്രീയ ചർച്ചകളും തെരഞ്ഞടുപ്പ് നാളുകളിൽ ഒരു പ്രത്യേകതയായിരുന്നു. എത്ര വാശിയേറിയ മത്സരമാണെങ്കിലും ഏറെ സൗഹൃദപരമായ സമീപനത്തിലൂടെ മാത്രം മുന്നണികളും പാർട്ടികളും തമ്മിൽ പെരുമാറുകയും വിഷയങ്ങളിൽ ഇടപെടുകയും ചെയ്തിരുന്നു.
അതിനാൽത്തന്നെ പരിസരങ്ങളിലുള്ള തെരഞ്ഞെടുപ്പ് സംബന്ധമായ സ്വാഭാവിക അസ്വാരസ്യങ്ങൾ പോലും ഞങ്ങളുടെ പ്രദേശത്ത് ഉണ്ടാകാറില്ല. ഈ കാര്യം തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തുന്ന ഉദ്യോഗസ്ഥർക്ക് വളരെയേറെ സന്തോഷകരമാണ്. ഏറെ കലുഷിതമായ വർത്തമാനകാലത്തും ഈ നില തുടരുന്നു എന്നതിൽ പ്രദേശവാസികൾ സന്തോഷവാന്മാരാണ്. സാങ്കേതികമായ സങ്കീർണതകളേറെയില്ലാതെ ഭരണകേന്ദ്രങ്ങളിൽനിന്ന് നേരിട്ട് അവകാശങ്ങളും ആനുകൂല്യങ്ങളും നേടിയെടുക്കാനും അനുഭവിക്കാനും കഴിയുന്ന ജനങ്ങൾക്ക് വളരെ ഉപകാരപ്രദമായ സംവിധാനമായ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഏതൊരു സാധാരണക്കാരനും പ്രത്യേക ആവേശമാണ്.
കോഴിയും ആടും വിത്തുകളും തൈകളും തന്റെ വീടുകളിലേക്കെത്തുന്നതും പ്രസ്തുത സംവിധാനങ്ങളിലൂടെയാണെന്നതുതന്നെ സാധാരണക്കാരുമായി ഏറെ ഇടപഴകി നിൽക്കുന്ന ഒരു വ്യവസ്ഥയും സംവിധാനവുമാണ് തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.