മസ്കത്ത്: ലൈസൻസില്ലാത്ത നടത്തുന്ന സ്വകാര്യ പരിശീലന പ്രവർത്തനങ്ങൾക്കെതിരെ മുന്നറിയിപ്പുമായി തൊഴിൽ മന്ത്രാലയം. ഫോർമാറ്റ് പരിഗണിക്കാതെ എല്ലാ സ്വകാര്യ പരിശീലന പ്രവർത്തനങ്ങളും നേരിട്ടുള്ള നിയന്ത്രണത്തിനും മേൽനോട്ടത്തിനും വിധേയമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. ലൈസൻസില്ലാതെ അത്തരം സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന വ്യക്തികളോ സ്ഥാപനങ്ങളോ നിയമപരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരും. പരിശീലന പരിപാടികൾ, കോഴ്സുകൾ, വർക്ക്ഷോപ്പുകൾ, സമാനമായ പ്രവർത്തനങ്ങൾ എന്നിവ ഉൾപ്പെടെ എല്ലാത്തരത്തിലുമുള്ള സ്വകാര്യ പരിശീലന പ്രവർത്തനങ്ങങ്ങളും ഇതിന്റെ പരിധിയിൽ വരും. നേരിട്ടോ വെർച്വലായോ അല്ലെങ്കിൽ സംയോജിത ഫോർമാറ്റിൽ നടത്തിയാലും ഇത് ബാധകമാണെന്ന് തൊഴിൽ മന്ത്രാലയം പറഞ്ഞു. സ്വകാര്യ പരിശീലന സ്ഥാപനങ്ങളുടെ ഡയറക്ടറേറ്റ് ജനറലിൽനിന്ന് ആവശ്യമായ ലൈസൻസുകളും ഔദ്യോഗിക അംഗീകാരങ്ങളും നേടാതെ അത്തരം പ്രവർത്തനങ്ങൾ നടത്താൻ പാടില്ല എന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.
രാജ്യത്തെ സ്വകാര്യ പരിശീലനത്തെ നിയന്ത്രിക്കുന്ന ചട്ടങ്ങൾ വിവരിക്കുന്ന മന്ത്രിതല തീരുമാനം നമ്പർ 40/2021, തൊഴിൽ പരിശീലന മേഖല ഔദ്യോഗികമായി തൊഴിൽ മന്ത്രാലയത്തിന് കൈമാറിയ റോയൽ ഡിക്രി നമ്പർ 61/2024 എന്നിവ അനുസരിച്ചാണ് ഈ നിർദേശം.
ആവശ്യമായ ലൈസൻസ് നേടാതെ സ്വകാര്യ പരിശീലന പ്രവർത്തനം നടത്തുന്ന ഏതൊരു രീതിയും നിയമപരമായ ലംഘനമായി കണക്കാക്കും. പിഴ ചുമത്തൽ, പ്രവർത്തനം താൽക്കാലികമായി നിർത്തിവെക്കൽ, നിയമലംഘകരെ യോഗ്യതയുള്ള അധികാരികൾക്ക് റഫർ ചെയ്യൽ തുടങ്ങിയ നിയമനടപടികൾക്ക് വിധേയമാകും.
ഗുണനിലവാരവും അംഗീകൃത മാനദണ്ഡങ്ങളും പാലിക്കുന്നതും ഉറപ്പാക്കുന്ന രീതിയിൽ പരിശീലന വിപണിയെ നിയന്ത്രിക്കുന്നതിനുള്ള പ്രതിബദ്ധത മന്ത്രാലയം വീണ്ടും ആവർത്തിച്ച് വ്യക്തമാക്കി. ഇത്തരത്തിലുള്ള പരിശീലന പരിപാടികൾ നടത്താൻ ആഗ്രഹിക്കുന്ന എല്ലാവരും സ്വകാര്യ പരിശീലന സ്ഥാപനങ്ങളുടെ ഡയറക്ടറേറ്റ് ജനറൽ അംഗീകരിച്ച ഔദ്യോഗിക മാർഗങ്ങൾ വഴി അവരുടെ ലൈസൻസിങ്ങിനായി അപേക്ഷകൾ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് 8007 7000 എന്ന നമ്പറിൽ ബന്ധപ്പെടാമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.