ബജറ്റ് വിശദീകരണ വാർത്തസമ്മേളനത്തിൽ ധനമന്ത്രാലയ
ഉപസെക്രട്ടറി അബ്ദുല്ല അൽ ഹർത്തി സംസാരിക്കുന്നു
മസ്കത്ത്: സാമൂഹികവും അടിസ്ഥാനവുമായ മേഖലകളിലെ വികസനത്തിനായി 5.2 ബില്യൺ ഒമാനി റിയാൽ മാറ്റിവെച്ചതായി ധനമന്ത്രാലയ ഉപസെക്രട്ടറി അബ്ദുല്ല അൽ ഹർത്തി പറഞ്ഞു. 11ാമത് പഞ്ചവത്സര വികസന പദ്ധതിയെയും 2026ലെ സംസ്ഥാന ബജറ്റിനെയും വിശദീകരിച്ചുള്ള വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതിൽ വിദ്യാഭ്യാസ മേഖലക്ക് 40 ശതമാനവും സാമൂഹിക സുരക്ഷ, സാമൂഹിക പരിചരണം എന്നിവക്കായി 26 ശതമാനവും, ആരോഗ്യ മേഖലക്ക് 25 ശതമാനവും, ഭവന മേഖലക്ക് ഒമ്പതു ശതമാനവും വകയിരുത്തിയിട്ടുണ്ട്. വിദ്യാഭ്യാസ മേഖലയുടെ വികസന പ്രവർത്തനങ്ങളുടെ ഭാഗമായി 42 പുതിയ സർക്കാർ സ്കൂളുകളുടെ നിർമാണം പൂർത്തിയാക്കും. 2026ൽ ഗവ. സ്കൂളുകളിലെ അധ്യാപക ഫാക്കൽറ്റി ശക്തിപ്പെടുത്തുന്നതിനായി 4,000 അധ്യാപകരെ നിയമിക്കും. ഇതോടെ വിവിധ ഗവർണറേറ്റുകളിലെ ഈവനിങ് സ്കൂളുകളുടെ എണ്ണം കുറയാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ.
മറ്റ് പ്രധാന പദ്ധതികളിൽ ലോ കോളജിന്റെ പുതിയ കെട്ടിട നിർമാണം, സുൽത്താൻ ഖാബൂസ് സർവകലാശാലയിലെ ലബോറട്ടറികളുടെ നവീകരണം, വിവിധ ഗവർണറേറ്റുകളിലെ യൂനിവേഴ്സിറ്റി ഓഫ് ടെക്നോളജി ആൻഡ് അപ്ലൈഡ് സയൻസസ് ശാഖകളിലെ കെട്ടിടങ്ങളുടെ പുനരുദ്ധാരണം എന്നിവ ഉൾപ്പെടും. അതോടൊപ്പം, 2025-26 അക്കാദമിക് വർഷത്തിൽ യൂനിവേഴ്സിറ്റി ഓഫ് ടെക്നോളജി ആൻഡ് അപ്ലൈഡ് സയൻസസ് ശാഖകളിലെ വിദ്യാർഥി പ്രവേശനം 500 സീറ്റ് കൂടി വർധിപ്പിക്കും.
ആരോഗ്യ മേഖലയിലെ വികസനത്തിന്റെ ഭാഗമായി, ഒമാനിലെ വിവിധ ഗവർണറേറ്റുകളിലായി ആറ് സർക്കാർ ആശുപത്രികളും ഒമ്പത് ആരോഗ്യ കേന്ദ്രങ്ങളും നിർമിക്കും.
കൂടാതെ, ആരോഗ്യ സ്ഥാപനങ്ങൾക്ക് ആവശ്യമായ ജീവനക്കരെ ഉറപ്പാക്കുന്നതിന് 3,706 ജീവനക്കാരെ നിയമിക്കും.
ദേശീയ വനിതാരോഗ്യ കേന്ദ്രത്തിനായുള്ള കൺസൾട്ടൻസി സേവനങ്ങൾ ആരംഭിക്കുന്നതും പദ്ധതിയുടെ ഭാഗമായി ഉണ്ടാകുമെന്ന് ധനമന്ത്രാലയ ഉപസെക്രട്ടറി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.