ഒമാൻ: വിവാഹത്തിന് മുമ്പുള്ള മെഡിക്കൽ പരിശോധന ഒമാനിൽ നിർബന്ധമാക്കി. ഇതു സംബന്ധിച്ച പുതിയ രാജകീയ ഉത്തരവ് ജനുവരി ഒന്നു മുതൽ പ്രാബല്യത്തിൽ വന്നതായി ഒമാൻ ന്യൂസ് ഏജൻസി അറിയിച്ചു.
വിവാഹം രജിസ്റ്റർ ചെയ്യുന്നതിന് മുമ്പ്, ഒമാനി പൗരന്മാർ തങ്ങളുടെ പങ്കാളിയോടൊപ്പം മെഡിക്കൽ പരിശോധനക്ക് വിധേയരാകണം. രാജ്യത്തിനകത്തും പുറത്തും നടക്കുന്ന ഒമാനി പൗരന്മാരുടെ വിവാഹങ്ങൾക്കും ഇത് ബാധകമാണ്. ദമ്പതികളിൽ ഒരാൾ മാത്രം ഒമാനി പൗരൻ / പൗരി ആണെങ്കിലും നിയമം ബാധകമാണ്.
സുൽത്താൻ ഹൈതം ബിൻ താരിഖ് കഴിഞ്ഞ വർഷം പുറപ്പെടുവിച്ച രാജകീയ ഉത്തരവ് നമ്പർ 111/2025 (വിവാഹത്തിന് മുമ്പുള്ള മെഡിക്കൽ പരിശോധനയുടെ നിയന്ത്രണം) പ്രകാരമാണ് പുതുവർഷത്തിൽ ഈ പരിഷ്കാരം നടപ്പാക്കുന്നത്.
പരിശോധന നടത്തുന്ന ആരോഗ്യസ്ഥാപനങ്ങൾ, വിവാഹം കഴിക്കാൻ ഉദ്ദേശിക്കുന്ന ഇരുവരെയും പരിശോധന ഫലങ്ങളെക്കുറിച്ച് അറിയിക്കണം. ആവശ്യമായ സാഹചര്യങ്ങളിൽ മെഡിക്കൽ കൗൺസലിങ്ങും നൽകണം. പരിശോധന ഫലങ്ങൾ മൂന്നാമതൊരാൾക്ക് വെളിപ്പെടുത്തുന്നത് നിരോധിച്ചിട്ടുണ്ട്.
മെഡിക്കൽ പരിശോധന പൂർത്തിയാക്കിയതായി തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ആരോഗ്യസ്ഥാപനങ്ങൾ നൽകണം. ഈ സർട്ടിഫിക്കറ്റ് ഹാജരാക്കാതെ വിവാഹ കരാർ പൂർത്തിയാക്കാൻ വിവാഹം നടത്തിപ്പുകാർക്ക് അനുവാദമില്ല. രാജകീയ ഉത്തരവ് ലംഘിക്കുന്നവർക്ക് കുറഞ്ഞത് 10 ദിവസവും പരമാവധി ആറുമാസവും തടവോ, അല്ലെങ്കിൽ 100 മുതൽ 1,000 ഒമാനി റിയാൽ വരെ പിഴയോ, അല്ലെങ്കിൽ രണ്ടും ചേർന്നോ ശിക്ഷ ലഭിക്കുമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.
നേരത്തേ ഇതുസംബന്ധിച്ച ഉത്തരവ് പുപ്പെടുവിച്ചിരുന്നെങ്കിലും നിർബന്ധമാക്കിയിരുന്നില്ല. മൂന്ന് ഘട്ടങ്ങളിലായി പദ്ധതി നടപ്പാക്കുന്നതിനാണ് മന്ത്രിസഭ അംഗീകാരം നൽകിയത്.
ആദ്യ ഘട്ടമായ 2024-25 കാലയളവിൽ പരിശോധന ഐച്ഛികമാക്കി, വിവാഹത്തിന് മുമ്പുള്ള ആരോഗ്യ പരിശോധനയുടെ പ്രാധാന്യത്തെക്കുറിച്ച് സമൂഹത്തിൽ ബോധവത്കരണം നടത്തിവരുകയായിരുന്നു. രണ്ടാം ഘട്ടത്തിൽ ഐച്ഛിക പരിശോധന തുടർന്നുകൊണ്ട്, 2025-26 അക്കാദമിക് വർഷാരംഭത്തിൽ വിദ്യാർഥികളെയും പരിശോധനയുടെ പരിധിയിൽ ഉൾപ്പെടുത്തുന്ന രീതിയിൽ പദ്ധതി വ്യാപിപ്പിച്ചു. മൂന്നാം ഘട്ടത്തിലാണ് പുതുവർഷത്തിൽ നിയമം നിർബന്ധമാക്കിയത്.
ഒമാനിൽ പ്രീ-മാരിറ്റൽ പരിശോധനക്ക് വിധേയരാകുന്നവരുടെ എണ്ണം 2024ലെ 15 ശതമാനത്തിൽ നിന്ന് 2025ൽ 43 ശതമാനമായി ഉയർന്നതായി ആരോഗ്യകാര്യ അണ്ടർ സെക്രട്ടറി ഡോ. സഈദ് ബിൻ ഹറബ് അൽ ലംക്കി വ്യക്തമാക്കി. ആരോഗ്യ മന്ത്രാലയവും ബന്ധപ്പെട്ട മറ്റ് ഏജൻസികളും നടത്തിയ ബോധവത്കരണ കാമ്പയിനുകളാണ് ഈ വർധനക്ക് കാരണമെന്ന് അദ്ദേഹം പറഞ്ഞു.
പദ്ധതിയുടെ ഭാഗമായി 11ാം ക്ലാസ് വിദ്യാർഥികളെ പരിശോധനക്ക് വിധേയരാക്കാനും തീരുമാനിച്ചിട്ടുണ്ട്. വിവാഹവുമായി ബന്ധപ്പെട്ട നിർണായക തീരുമാനങ്ങളെടുക്കാൻ മതിയായ സമയം ലഭ്യമാക്കുകയെന്നതാണ് ഇതിന്റെ ലക്ഷ്യം.
തുടർച്ചയായ ബോധവത്കരണത്തിലൂടെ സമൂഹം വരാനിരിക്കുന്ന വർഷങ്ങളിൽ പരിശോധനയുടെ പ്രാധാന്യം പൂർണമായി അംഗീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിദ്യാർഥികളുടെ പരിശോധന സാമൂഹിക വികസന മന്ത്രാലയവുമായി സഹകരിച്ചാണ് നടപ്പാക്കുന്നത്. പരിശോധനഫലങ്ങൾ അവരുടെ തിരിച്ചറിയൽ കാർഡുകളിൽ രേഖപ്പെടുത്തുകയും രോഗങ്ങൾ നേരത്തേ തിരിച്ചറിയുകയും ചെയ്യും. ഇതിലൂടെ ചെറുപ്പത്തിലേ ആരോഗ്യബോധം വളർത്താനാകുമെന്ന് അധികൃതർ വ്യക്തമാക്കി.
അതേസമയം, വനിത-ശിശു ആരോഗ്യ വിഭാഗം ഡയറക്ടറും പൊതുജനാരോഗ്യ ഉപദേഷ്ടാവുമായ ഡോ. ജമീല ബിൻത് തൈസീർ അൽ അബ്രിയുടെ നേതൃത്വത്തിൽ ‘സ്റ്റാർട്ട് റൈറ്റ്’ എന്ന മുദ്രാവാക്യത്തോടെ ദേശീയ മാധ്യമപ്രചാരണം ആരംഭിച്ചിട്ടുണ്ട്.
2026ൽ നിർബന്ധിത പരിശോധന നടപ്പാക്കുന്നതിനുള്ള തയാറെടുപ്പിന്റെ ഭാഗമായി 2025 മുഴുവൻ വ്യാപകമായ പ്രവർത്തനപദ്ധതിയാണ് നടപ്പാക്കിയത്.
1999ൽ ഒമാനിൽ സർക്കാർ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിൽ ഐച്ഛിക സേവനമായി ആരംഭിച്ച പ്രീ-മാരിറ്റൽ മെഡിക്കൽ പരിശോധന, പാരമ്പര്യ രക്തരോഗങ്ങൾ വ്യാപിക്കുന്നത് തടയാനും മാതൃ-ശിശുമരണനിരക്ക് താഴ്ത്താനും ഫലപ്രദമായ പ്രതിരോധ നടപടിയെന്ന നിലയിൽ ആരോഗ്യ മന്ത്രാലയം അംഗീകരിച്ചിട്ടുണ്ട്. സിക്കിൾ സെൽ അനീമിയ, ബീറ്റാ തലാസീമിയ തുടങ്ങിയ രോഗങ്ങളുടെ വ്യാപനം കുറക്കുക തുടങ്ങിയവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.