മസ്കത്ത്: ക്രിമിയൻ-കോംഗോ ഹെമറേജിക് ഫീവർ (സി.സി.എച്ച്.എഫ്) എന്നറിയപ്പെടുന്ന വൈറൽ പനിക്കെതരെ ബലിപെരുന്നാൾ ആഘോഷവേളയിൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യന്ത്രാലയം മുന്നറിയിപ്പ് നൽകി. മൃഗങ്ങളുടെ രക്തം കുടിക്കുന്ന ചെള്ളുകളുടെ കടിയേറ്റോ, രോഗബാധിതരായ മൃഗങ്ങളുടെ രക്തവുമായും കലകളുമായും നേരിട്ടുള്ള സമ്പർക്കത്തിലൂടെയോ, കശാപ്പ് സമയത്തും ശേഷവും മൃഗങ്ങളിൽനിന്ന് മനുഷ്യരിലേക്ക് പകരാൻ സാധ്യതയുള്ള രോഗമാണിത്. പലരും പെരുന്നാളിൽ കന്നുകാലികളുമായി കൂടുതൽ ഇടപഴകാൻ സാധ്യതയുള്ളവരാണ്. അതിനാൽ ആവശ്യമായ മുൻകരുതലുകൾ എടുക്കണം. മൃഗങ്ങളെ കൈകാര്യം ചെയ്യുമ്പോൾ ഉചിതമായ നടപടികൾ എടുക്കണം. ഇത് അണുബാധ സാധ്യത കുറക്കാൻ സഹായിക്കും. പനി, തലവേദന, പേശി വേദന, ഓക്കാനം, വയറിളക്കം എന്നിവയാണ് സി.സി.എച്ച്.എഫിന്റെ പൊതുവായി കണ്ടുവരുന്ന ലക്ഷണങ്ങൾ. ഗുരുതരമായ കേസുകളിൽ വായിൽ നിന്നോ കണ്ണിൽ നിന്നോ ചെവിയിൽ നിന്നോ രക്തസ്രാവവും ഉണ്ടാകാറുണ്ട്. മൃഗങ്ങളെ സ്പർശിച്ച ആർക്കും ഈ ലക്ഷണങ്ങൾ അനുഭവപ്പെടാൻ തുടങ്ങിയാൽ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ എത്തി വൈദ്യ സഹായം തേടണം.
ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, ഈ രക്തസ്രാവ വൈറൽ പനി ബാധിച്ചവരിൽ 10 മുതൽ 40 ശതമാനം വരെ പേർ മരിക്കാൻ സാധ്യതയുണ്ട്. ഒരുതരം ചെള്ളിനുള്ളിൽ കാണപ്പെടുന്ന ഒരു നൈറോവൈറസാണ് ക്രോമിയൻ-കോംഗോ ഹെമറേജിക് പനിക്ക് കാരണമാകുന്നത്. ആട്, പശു, ചെമ്മരിയാട് പോലുള്ള നാല്ക്കാലികളില് ജീവിക്കുന്ന ഈ ചെള്ള് മൃഗങ്ങളുമായി അടുത്ത് ഇടപഴകുന്ന കൃഷിക്കാര്‍, കശാപ്പുശാലയിലെ ജീവനക്കാര്‍, വെറ്റിനറി ഡോക്ടര്‍മാര്‍ എന്നിവരെ കടിക്കാനും വൈറസ് പരത്താനും സാധ്യതയുണ്ട്. രോഗം ബാധിച്ച മൃഗങ്ങളുടെ രക്തത്തിൽ നിന്ന് വൈറസ് അവരിലേക്ക് പകരാം. രക്തത്തിലൂടെയും മറ്റ് സ്രവങ്ങളിലൂടെയും വൈറസ് മനുഷ്യരിൽനിന്ന് മനുഷ്യരിലേക്ക് പകരാം.
മൃഗങ്ങുടെ രക്തം കുടിക്കുന്ന ചെള്ളുമായുള്ള നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കുക. അവയെ കൈകൊണ്ട് ഞെരിച്ച് കളയുകയോ മൃഗങ്ങളിൽനിന്ന് നീക്കം ചെയ്യുകയോ അരുത്.
സാധ്യമാകുമ്പോഴെല്ലാം, സുരക്ഷാ നടപടികൾ നിലവിലുള്ള അംഗീകൃത കശാപ്പുശാലകളിൽ മൃഗങ്ങളെ അറുക്കുക.
വീട്ടിലോ മറ്റെവിടെയെങ്കിലുമോ കശാപ്പ് ചെയ്യുന്നത് ഒഴിവാക്കാനാവില്ലെങ്കിൽ, കൈയുറകൾ, നീളമുള്ള ബൂട്ടുകൾ, സംരക്ഷണ കണ്ണടകൾ എന്നിവയുൾപ്പെടെയുള്ള വധരിക്കുക.
മാംസം ശരിയായി പാകം ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുക. മലിനീകരണത്തിന് കൂടുതൽ സാധ്യതയുള്ള അസംസ്കൃത മാംസം, പ്രത്യേകിച്ച് കരൾ, പ്ലീഹ എന്നിവ കഴിക്കുന്നത് ഒഴിവാക്കുക.
എല്ലാ കശാപ്പ് മാലിന്യങ്ങളും ശരിയായി സംസ്കരിക്കുക. അത് മാലിന്യ സഞ്ചികളിലോ ചാക്കുകളിലോ സ്ഥാപിച്ച് നിയുക്ത മാലിന്യ നിർമാർജന സ്ഥലങ്ങളിൽ ഉപേക്ഷിക്കുന്നുവെന്ന് ഉറപ്പാക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.