കേരളത്തിന്റെ സാമ്പത്തിക നട്ടെല്ലായി ദീർഘകാലം പ്രവർത്തിച്ചവരാണ് പ്രവാസികൾ. സ്വന്തം കുടുംബത്തിന്റെ മാത്രമല്ല, സംസ്ഥാനത്തിന്റെ തന്നെ വികസനയാത്രയിൽ നിർണായക പങ്കുവഹിച്ച ഒരു സമൂഹമാണ് പ്രവാസികൾ. വിദേശനാണ്യ വരുമാനത്തിലൂടെ കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുകയും വിദ്യാഭ്യാസം, ആരോഗ്യം, ഭവനനിർമാണം തുടങ്ങിയ മേഖലകളിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കുകയും ചെയ്തത് പ്രവാസി സമൂഹത്തിന്റെ അധ്വാനമാണ്. എന്നാൽ ജീവിതത്തിന്റെ സായാഹ്നത്തിൽ നാട്ടിലേക്ക് മടങ്ങിയെത്തുന്ന പല പ്രവാസികളും സാമ്പത്തികവും ആരോഗ്യപരവുമായ വെല്ലുവിളികൾ നേരിടുന്ന കാഴ്ചയാണ് ഇന്ന് കാണുന്നത്.
ഈ സാഹചര്യത്തിലാണ് പ്രവാസി ക്ഷേമനിധി പെൻഷന്റെ പ്രസക്തി വർധിക്കുന്നത്. എന്നാൽ നിലവിലുള്ള പെൻഷൻ തുക ഇന്നത്തെ ജീവിതച്ചെലവുകളുമായി താരതമ്യം ചെയ്യുമ്പോൾ പര്യാപ്തമാണോ എന്ന ചോദ്യം ഉയരുന്നുണ്ട്. വിലക്കയറ്റം ദിനംപ്രതി വർധിക്കുമ്പോഴും ചികിത്സാചെലവുകൾ കുതിച്ചുയരുമ്പോഴും വർഷങ്ങൾക്കുമുമ്പ് നിശ്ചയിച്ച ആനുകൂല്യങ്ങൾ അതേപടി തുടരുന്നത് യുക്തിസഹമല്ല.
നിലവിലെ പെൻഷൻ ആനുകൂല്യം
നിലവിൽ കാറ്റഗറി എ യിൽ ഉള്ളവർക്ക് പ്രതിമാസം 3500 രൂപയും കാറ്റഗറി ബി യിൽ ഉള്ളവർക്ക് പ്രമാസം 3000 രൂപയുമാണ് മിനിമം പെൻഷൻ. 5 വർഷത്തിനു മുകളിൽ അംശദായം അടച്ച ഓരോ വർഷത്തിനും മൂന്നു ശതമാനം പെൻഷൻ അധികം ലഭിക്കും. ഇത് പരമാവധി 7000 രൂപയായി നിജപ്പെടുത്തിയിട്ടുണ്ട്. 2022 ലാണ് ഇത് അവസാനമായി പരിഷ്കരിച്ചത്. യുവാക്കളായ പ്രവാസികൾക്ക് ഈ ഒരു പരമാവധി പെൻഷൻ തുക ഒട്ടും സ്വീകാര്യമല്ല. അവർ പറയുന്നത് 50 വയസ്സൊക്കെ ആകുമ്പോൾ അംഗത്വം എടുക്കാം എന്നാണ്. കാരണം മിനിമം അഞ്ചു വർഷം അടച്ചാൽ 3500 രൂപ കിട്ടും. ഇരുപത്തഞ്ചോ മുപ്പതോ വർഷം അടച്ചാൽ പരമാവധി 7000 രൂപ കിട്ടും. അപ്പോൾ പെൻഷൻ പദ്ധതിക്ക് ഒരു മാറ്റം ആവശ്യമാണ് എന്നതിൽ സംശയം ഇല്ല. ചെറിയ കാലയളവിൽ പദ്ധതിയിൽ അംഗമായി കൂടുതൽ കാലത്തേക്ക് പെൻഷൻ കിട്ടുന്ന രീതിക്ക് ഒരു മാറ്റം വരണം. കൂടുതൽ യുവാക്കളെ ഈ പദ്ധതിയിൽ ചേരാനുള്ള മാർഗങ്ങൾ ആവശ്യമാണ്. ഇത് സർക്കാനിനുണ്ടാക്കുന്ന സാമ്പത്തിക ബാധ്യത കുറക്കാൻ കഴിയും. മാത്രമല്ല ഇത് പ്രവാസി ക്ഷേമനിധി പദ്ധതികളിലെ അംഗത്വം വർധിപ്പിക്കുന്നതിനും കൂടുതൽ യുവപ്രവാസികളെ ആകർഷിക്കുന്നതിനും ആനുകൂല്യങ്ങൾ കാലോചിതമായി പുതുക്കുന്നതിനും സഹായിക്കും.
സർക്കാറിന് അധിക ബാധ്യത ഇല്ലാത്ത നിർദേശം
വിദേശത്തുള്ള ഒരു പ്രവാസി ഒരു മാസം അടക്കേണ്ട അംശദായം 350 രൂപയാണ്. അതായതു വര്ഷം 4200 രൂപ. ഇവിടെ പ്രവാസിയുടെ സാമ്പത്തിക സ്ഥിതി കണക്കാക്കുന്നില്ല ഇ തൊരു ന്യുനതയാണ് അതുകൊണ്ടു ഏറ്റവും കുറഞ്ഞത് മൂന്ന് വിഭാഗങ്ങളിയാളി തിരിക്കാം. മാസം 500, 750, 1000. അതായതു വാർഷികമായി 6000, 9000 12000 എന്നിങ്ങനെ. ഇന്നത്തെ വിനിമയ നിരക്കിൽ പ്രതിമാസം ആയിരം രൂപ മാറ്റിവെക്കുന്നത് അത്ര ബുദ്ധിമുട്ടുള്ള സംഗതി അല്ല. ഒരു സ്കീമിൽ നിന്ന് മറ്റൊരു സ്കീമിലേക്കു മാറാനുള്ള സൗകര്യം സ്കീം കാലാവധിയിൽ ഒരു പ്രാവശ്യം നൽകാവുന്നതാണ്. അങ്ങനെ ചെയ്യുമ്പോൾ ഉയർന്ന സ്കീമിലേക്കു മാറുമ്പോൾ അധികമായി അടക്കേണ്ട തുക പലിശ ഉൾപ്പെടെ വാങ്ങാവുന്നതും അതുപോലെ കുറഞ്ഞ സ്കീം ആണെങ്കിൽ അധികം അടച്ച തുക പിന്നീടുള്ള അംശാദായത്തിൽ അഡ്ജസ്റ്റ് ചെയ്യാവുന്നതും ആണ്. ഇത് പ്രവാസം മതിയാക്കി തിരികെ പോകുന്നവർക്ക് ഗുണകരമായിരിക്കും. മുൻ പ്രവാസികൾക്കും ഈ സ്കീമിൽ ചേരാനുള്ള ഓപ്ഷൻ കൊടുക്കാം.
നിലവിൽ ഒരു 55 വയസുള്ള ഒരു പ്രവാസി 5 വർഷം മുടങ്ങാതെ അംശദായം അടക്കുമ്പോൾ 60 വയസ്സാകുമ്പോൾ മൊത്തം അടക്കുന്ന തുക 21000 ആണ് (4200x5). പെൻഷൻ കിട്ടുന്നതാകട്ടെ ജീവിത കാലം മുഴുവൻ വാർഷികമായി 42000 രൂപയും (3500x 12). ആശ്രിത പെൻഷൻ ആയി 21000 രൂപയും.(പെൻഷന്റെ 50 ശതമാനം ). എന്നാൽ 10 വർഷം അടക്കുന്ന ഒരു പ്രവാസിക്ക് ഏകദേശം മാസം 4100 രൂപയാണ് പെൻഷൻ കിട്ടുന്നത്. ഇത് ആവശ്യമെങ്കിൽ പുനഃപരിശോധിക്കാം. (മുൻ പ്രവാസിയുടെ പ്രതി മാസ അടവിലും പെൻഷൻ തുകയിലും വ്യതാസം ഉണ്ട് )
മേൽപറഞ്ഞ സ്കീമിൽ 500, 750, 1000 എങ്ങനെ മാസ തവണ അടക്കുന്നവർക്കു പ്രതിമാസം ഏറ്റവും കുറഞ്ഞത് 5000, 7500, 10,000 രൂപ പെൻഷൻ കൊടുക്കാവുന്നതാണ്. ഒരു നാലു ശതമാനം പണപ്പെരുപ്പം കൂട്ടിയാൽ തന്നെ ഈ തുക തീരെ ചെറുതാണെന്ന് പറയാം. ഓരോ അധിക വർഷത്തിനും ആനുപാതികമായി 5 ശതമാനം പെൻഷൻ വർധന പരിഗണിക്കണം.
അതുപോലെ തന്നെ 15 വർഷത്തിലധികം തുടർച്ചയായി തവണ അടക്കുന്നവർക്കു 60 വയസ് ആകുമ്പോൾ അവർ അടച്ച അംശാദായത്തിന്റെ 10 ശതമാനം തിരിച്ചു കൊടുക്കാനുള്ള (withdrawal) ഒരു സംവിധാനം വേണം. ആനുപാതികമായി ഈ തുക പെൻഷനിൽ കുറവ് ചെയ്യാവുന്നതാണ്. ഇത് ഈ പദ്ധതി കൂടുതൽ ആകർഷണനീയമാക്കാൻ കഴിയും. സർക്കാറിലേക്ക് അടക്കുന്ന തുക മികച്ചതും സുരക്ഷിതമായ രീതിയിൽ നിക്ഷേപം നടത്തിയാൽ മെച്ചപ്പെട്ട പെൻഷൻ സർക്കാറിന് ബാധ്യതയാകാത്ത നിലയിൽ കൊടുക്കാൻ കഴിയും. അതുപോലെ തന്നെ ഒരു ഗ്രൂപ്പ് അപകട ഇൻഷുറൻസ് പോളിസിക്കുള്ള തുക കൂടി ഉൾപ്പെടുത്തിയെങ്കിൽ പദ്ധതി കൂടുതൽ ആകർഷണീയമാക്കാൻ കഴിയും.
പ്രവാസികളുടെ ജീവിത യാഥാർഥ്യങ്ങൾ സർക്കാർ ഗൗരവത്തോടെ വിലയിരുത്തേണ്ട സമയമാണിത്. പെൻഷൻ തുക കാലാനുസൃതമായി വർധിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണം.. ജീവനക്കാരുടെ പെൻഷനിലും സാമൂഹിക സുരക്ഷാ പദ്ധതികളിലും നടപ്പാക്കുന്ന രീതിയിൽ വിലക്കയറ്റ സൂചികയെ അടിസ്ഥാനമാക്കി നിശ്ചിത ഇടവേളകളിൽ പെൻഷൻ പുനഃപരിശോധിക്കാനുള്ള സംവിധാനം കൊണ്ടുവരണം.
പെൻഷൻ വർധനവ് ഒരു ആനുകൂല്യമെന്നതിലുപരി പ്രവാസികളുടെ സംഭാവനയോടുള്ള സമൂഹത്തിന്റെ ആദരവായും കാണേണ്ടതുണ്ട്. ജീവിതത്തിന്റെ ഏറ്റവും ഉൽപാദനക്ഷമമായ കാലഘട്ടം കുടുംബത്തിൽ നിന്ന് അകന്ന് വിദേശമണ്ണിൽ ചെലവഴിച്ചവർക്ക് വാർധക്യകാലത്ത് ലഭിക്കേണ്ട സുരക്ഷിതത്വം ഉറപ്പാക്കുക എന്നത് ക്ഷേമരാഷ്ട്രത്തിന്റെ കടമയാണ്. അതിനാൽ പ്രവാസി പെൻഷൻ കാലോചിതമായി പുതുക്കുക എന്ന ആവശ്യം മാനുഷിക പരിഗണന അർഹിക്കുന്നു .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.