ആർ. മധുസൂദനൻ

പ്രവാസ ജാലകം @ 50: അറിവിൽനിന്ന് സാമ്പത്തിക സുരക്ഷയിലേക്ക്

ഒരു ലേഖനപരമ്പരയെ സംബന്ധിച്ചിടത്തോളം ഇത് ഒരു നാഴികക്കല്ലാണ്. ‘സമ്പത്തു കാലത്തു തൈ പത്തു വച്ചാൽ ആപത്തു കാലത്തു കാ പത്തു തിന്നാം’ എന്ന പേരിൽ ആരംഭിച്ച ഈ യാത്ര ഇന്ന് അമ്പതാം ലക്കത്തിലെത്തുമ്പോൾ, കഴിഞ്ഞ കുറെ വർഷങ്ങളായി പങ്കുവച്ച ആശയങ്ങളിലേക്കും അനുഭവങ്ങളിലേക്കും ഒരിക്കൽ കൂടി തിരിഞ്ഞുനോക്കുകയാണ്.ഇന്ത്യയിലും വിദേശത്തുമായി ഏകദേശം നാലു പതിറ്റാണ്ടിലേറെക്കാലം നേടിയ അറിവിന്റെയും അനുഭവങ്ങളുടെയും വെളിച്ചത്തിലാണ് ഈ ലേഖനങ്ങൾ എഴുതിയത്. സ്റ്റേറ്റ് ബാങ്കിലെ മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട ഔദ്യോഗിക ജീവിതത്തിനിടയിൽ പ്രവാസികൾ ഉൾപ്പെടെ വിവിധ വിഭാഗങ്ങളിലുള്ള ആളുകളുടെ സാമ്പത്തിക ജീവിതവുമായി അടുത്തിടപഴകാൻ കഴിഞ്ഞത് ഈ എഴുത്തുകൾക്ക് ഏറെ സഹായകമായി.

വിദ്യാഭ്യാസത്തിനുമപ്പുറം

എന്റെ അനുഭവത്തിൽ, ഉന്നത വിദ്യാഭ്യാസം നേടിയവരിൽപ്പോലും സാമ്പത്തിക സാക്ഷരതയുടെ തോത് പലപ്പോഴും പ്രതീക്ഷിക്കുന്നത്ര ഉയർന്നതല്ല. നല്ല ജോലിയും ഉണ്ടായിട്ടും സാമ്പത്തിക ആസൂത്രണത്തിന്റെ അഭാവം മൂലം പ്രതിസന്ധിയിലാകുന്നവരെ കണ്ടിട്ടുണ്ട്. മറുവശത്ത്, പരിമിതമായ വരുമാനത്തിൽ നിന്ന് സന്തോഷമായി ജീവിക്കുന്നവരെയും കണ്ടിട്ടുണ്ട് .എവിടെ, എങ്ങനെ, എപ്പോൾ, എത്രമാത്രം സമ്പാദിക്കണം എന്നതിനെക്കുറിച്ച് വിവിധ ലക്കങ്ങളിൽ വിശദമായി ചർച്ച ചെയ്തിട്ടുണ്ട്. ചെറുപ്പത്തിൽ തന്നെ സമ്പാദ്യശീലം ആരംഭിച്ച വാറൻ ബഫറ്റിന്റെ ജീവിതകഥയും അതിന്റെ പ്രാധാന്യം വ്യക്തമാക്കാൻ പങ്കുവച്ചിരുന്നു.

സമ്പാദ്യത്തിന്റെ വൈവിധ്യവത്കരണം

‘എല്ലാ മുട്ടകളും ഒരേ കൊട്ടയിൽ വെക്കരുത്’ എന്ന പഴമൊഴി നിക്ഷേപത്തിനും ബാധകമാണ്. ഒരു നിക്ഷേപ മാർഗത്തിൽ മാത്രം മുഴുവൻ പണവും കേന്ദ്രീകരിക്കുന്നത് അപകടകരമാണ്. ബാങ്ക് നിക്ഷേപങ്ങൾ, ഓഹരികൾ, ചിട്ടികൾ, ബോണ്ടുകൾ, മ്യൂച്ചൽ ഫണ്ടുകൾ, സ്വർണം, വെള്ളി, വസ്തുവകകൾ തുടങ്ങിയ വിവിധ നിക്ഷേപ മാർഗങ്ങളെക്കുറിച്ച് മനസ്സിലാക്കി, സ്വന്തം ആവശ്യങ്ങൾക്കും സാമ്പത്തിക ശേഷിക്കും റിസ്ക് എടുക്കാനുള്ള കഴിവിനും അനുസരിച്ച് നിക്ഷേപം വൈവിധ്യവൽക്കരിക്കണം.

അൽപലാഭം പെരും ചേതം

പെട്ടെന്ന് വലിയ ലാഭം നേടാനുള്ള ആഗ്രഹമാണ് പല സാമ്പത്തിക തട്ടിപ്പുകളുടെയും പിന്നിൽ. പ്രവാസികൾ ഉൾപ്പെടെ നിരവധി പേർ വ്യാജ നിക്ഷേപ പദ്ധതികൾ, സ്വർണ പദ്ധതികൾ, പാതിവില തട്ടിപ്പുകൾ തുടങ്ങിയവയിൽപ്പെട്ട് വർഷങ്ങളോളം അധ്വാനിച്ച് സമ്പാദിച്ച പണം നഷ്ടപ്പെടുത്തിയിട്ടുണ്ട്. തട്ടിപ്പുകളുടെ ഇത്തരം വാർത്തകൾ നിരന്തരം പുറത്തുവരുമ്പോഴും ആളുകൾ അതിൽനിന്ന് ആവശ്യമായ പാഠം പഠിക്കാത്തത് ദുഃഖകരമാണ്.

പെൻഷൻ: വിരമിക്കൽ ദിനത്തിൽ തുടങ്ങേണ്ടതല്ല

ജീവിതത്തിന്റെ സായാഹ്നത്തിൽ ഒരു കൈത്താങ്ങായി മാറേണ്ടതാണ് പെൻഷൻ. എന്നാൽ വിരമിക്കുന്ന സമയത്ത് മാത്രം പെൻഷനെക്കുറിച്ച് ചിന്തിച്ചാൽ മതിയാകില്ല. റിട്ടയർമെന്റ് ആസൂത്രണം തൊഴിൽ ജീവിതത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ ആരംഭിക്കേണ്ടതാണ്. കേരള പ്രവാസി പെൻഷൻ പദ്ധതി, നാഷണൽ പെൻഷൻ സിസ്റ്റം (എൻ.പി.എസ്), അടൽ പെൻഷൻ യോജന, കുട്ടികൾക്കായുള്ള എൻ.പി.എസ് വാത്സല്യ തുടങ്ങിയ വിവിധ പദ്ധതികളെക്കുറിച്ച് കഴിഞ്ഞ ലക്കങ്ങളിൽ വിശദീകരിച്ചിരുന്നു.

വായ്പകൾ ആവശ്യത്തിനുമാത്രം

‘കൊക്കിലൊതുങ്ങുന്നതേ കൊത്തോവൂ..’ എന്ന ചൊല്ല് വളരെ അർഥവത്താണ്. വരുമാനത്തെക്കാൾ ഉയർന്ന ജീവിതശൈലി നിലനിർത്തുന്നതിനായി നിരന്തരം വായ്പയെടുക്കുന്നത് അപകടകരമാണ്. പ്രത്യേകിച്ച് ഉയർന്ന പലിശയുള്ള വ്യക്തിഗത വായ്പകൾ, ക്രെഡിറ്റ് കാർഡ് കുടിശ്ശിക, അനാവശ്യ ഉപഭോക്തൃ വായ്പകൾ എന്നിവ നിയന്ത്രണമില്ലാതെ വർധിച്ചാൽ കുടുംബത്തിന്റെ സാമ്പത്തിക സ്വാതന്ത്ര്യം തന്നെ നഷ്ടപ്പെടാം.

ബാങ്കിങ് സേവനങ്ങളിലെ പ്രശ്നങ്ങൾ

ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും നൽകുന്ന സേവനങ്ങളെക്കുറിച്ച് വ്യക്തമായ ധാരണ ഇല്ലാത്തതിനാൽ പലരും വിവിധ ചാർജുകൾക്കും സാമ്പത്തിക ചൂഷണങ്ങൾക്കും ഇരയാകാറുണ്ട്. പ്രവാസികൾ ഇക്കാര്യത്തിൽ പ്രത്യേകിച്ച് ജാഗ്രത പുലർത്തേണ്ടതുണ്ട്. ഇൻഷുറൻസ് മിസ്-സെല്ലിങ്, അനാവശ്യ സേവനങ്ങൾ, വ്യക്തമാക്കാത്ത ചാർജുകൾ തുടങ്ങിയ വിഷയങ്ങളും ഈ പരമ്പരയിൽ ചർച്ച ചെയ്തിട്ടുണ്ട്.

ഡിജിറ്റൽ സുരക്ഷ

ഡിജിറ്റൽ ബാങ്കിങ്, മൊബൈൽ പേയ്‌മെന്റുകൾ, ഓൺലൈൻ ഷോപ്പിംഗ് തുടങ്ങിയവ നമ്മുടെ സാമ്പത്തിക ഇടപാടുകൾ കൂടുതൽ എളുപ്പമാക്കിയിരിക്കുന്നു. എന്നാൽ, സൗകര്യങ്ങൾക്കൊപ്പം അപകടസാധ്യതകളും വർധിച്ചിട്ടുണ്ട്. സൈബർ തട്ടിപ്പുകളിലൂടെ വലിയ തുകകൾ നഷ്ടപ്പെടുന്ന സംഭവങ്ങൾ ഇന്ന് നിത്യവാർത്തകളാണ്. ഡിജിറ്റൽ അറസ്റ്റ് പോലുള്ള തട്ടിപ്പുകളിൽ ഉന്നത ഉദ്യോഗസ്ഥരും ന്യായാധിപന്മാരും വരെ ഇരയായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

അമ്പതു ലക്കങ്ങൾക്കുമപ്പുറം .......

ഒരു ലേഖനപരമ്പരയുടെ അമ്പതാം ലക്കം എന്നത് എനിക്ക് വ്യക്തിപരമായും ഏറെ സന്തോഷവും സംതൃപ്തിയും നൽകുന്ന ഒരു അവസരമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഈ ലേഖനങ്ങൾ വായിക്കുകയും അഭിപ്രായങ്ങൾ അറിയിക്കുകയും ചെയ്ത എല്ലാ വായനക്കാരോടും എന്റെ ഹൃദയം നിറഞ്ഞ നന്ദി.

ഈ ലേഖന പരമ്പര കൃത്യമായി പ്രസിദ്ധികരിച്ച ഒമാനിലെ ‘ഗൾഫ് മാധ്യമം’ പത്രത്തിന്റെ എഡിറ്റോറിയൽ ബോർഡിനും പ്രവർത്തകർക്കും എന്റെ നന്ദിയും കടപ്പാടും ഈ അവസരത്തിൽ രേഖപ്പെടുത്തുന്നു. ഈ യാത്ര ഇവിടെ അവസാനിക്കുന്നില്ല.

സാമ്പത്തിക സുരക്ഷ അത് ഒരു ലക്ഷ്യം മാത്രമല്ല; ജീവിതകാലം മുഴുവൻ തുടരേണ്ട ഒരു യാത്രയാണ്.

...............................................................

(മസ്‌കത്തിലെ ഗ്ലോബൽ മണി എക്സ്ചേഞ്ച് എക്സിക്യൂട്ടീവ് ഡയറക്ടറാണ് ലേഖകൻ)   

Tags:    
News Summary - Pravasi Jaalakam @ 50: From Knowledge to Financial Security

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.