അൽഹസം കോട്ട
മസ്കത്ത്: റുസ്താഖ് വിലായത്തിലെ വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുന്നതിനും ഉത്തേജിപ്പിക്കുന്നതിന്‍റെയും ഭാഗമായി അൽഹസം കോട്ട വികസിപ്പിക്കാനുള്ള പദ്ധതിക്ക് പൈതൃക, ടൂറിസം മന്ത്രാലയം (എം.എച്ച്.ടി) തുടക്കമിട്ടു. കോട്ടയുടെ നടത്തിപ്പിനും വികസനത്തിനുമായി സ്വകാര്യമേഖലയുമായി സഹകരിക്കാനാണ് മന്ത്രാലയം ശ്രമിക്കുന്നത്. ഇതിനായി മന്ത്രാലയം ടെൻഡർ ക്ഷണിച്ചതായി ഉദ്യോഗസ്ഥൻ അറിയിച്ചു. രാജ്യത്തെ സമ്പത്ത് വ്യവസ്ഥയെ പിന്തുണക്കുന്നതിനായി ചരിത്ര സ്മാരകങ്ങളിൽനിന്ന് മറ്റും പ്രയോജനം ലഭിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് കോട്ടയുടെ നടത്തിപ്പിന് ടെൻഡർ ക്ഷണിച്ചിരിക്കുന്നത്.
കോട്ടയെ വാണിജ്യപരമായും സാംസ്കാരികമായും വിപണനം ചെയ്യുക, സാംസ്കാരിക ശിൽപശാലകൾ നടത്തുക, കലാ-സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കുക, കോട്ടയുടെ പുനരുജ്ജീവനത്തിനായി വിവിധ പ്രവർത്തനങ്ങൾ അവതരിപ്പിക്കുക തുടങ്ങിയവ വിശദീകരിക്കുന്ന കാര്യങ്ങൾ ടെൻഡർ കമ്പനികൾ സമർപ്പിക്കേണ്ടതാണെന്നും മന്ത്രാലയം അറിയിച്ചു. കമ്പനികൾ കോട്ടയുടെ വാസ്തുവിദ്യ പ്രത്യേകതകൾ എടുത്തുകാണിക്കുകയും വിവിധ സാംസ്കാരിക സാമൂഹിക പരിപാടികളിൽ പ്രാദേശിക സമൂഹത്തെ ഉൾപ്പെടുത്തുകയും വേണം. രാജ്യത്തെ മനോഹരമായ കോട്ടകളിലൊന്നാണ് അൽഹസം. 1708ൽ ഒമാനിലെ അൽ യറൂബി ഗോത്രം തങ്ങളുടെ ഭരണത്തിന്‍റെ അവസാനത്തിൽ റുസ്താഖിനെ തലസ്ഥാനമാക്കിയപ്പോഴാണ് ഇത് നിർമിക്കുന്നത്.
ഇമാം സുൽത്താൻ ബിൻ സെയ്ഫ് അൽ യറൂബിയാണ് കോട്ട രൂപകൽപന ചെത്ത്. ഒമാനിൽനിന്ന് പോർചുഗീസുകാരെ തുടച്ചുനീക്കുന്നതിൽ സുപ്രധാന പങ്ക് വഹിച്ചവരാണ് അൽ യാറൂബി ഗോത്രം. കോട്ട പ്രധാനമായും പ്രതിരോധ, സുരക്ഷ ആവശ്യങ്ങൾക്കായി രൂപകൽപന ചെയ്തിട്ടുള്ളതായിരുന്നു. പ്രധാന കെട്ടിടത്തിന്‍റെ വാതിൽ ഇന്ത്യൻ മരത്തടികൾ കൊണ്ടാണ് നിർമിച്ചിട്ടുള്ളത്. ജയിൽ, പള്ളി, മതപരമായ ക്ലാസ് മുറി എന്നിവ കോട്ടയിൽ ഉണ്ട്. പ്രദേശത്തെ നിരവധി ഈത്തപ്പഴ തോട്ടങ്ങൾക്കും മറ്റ് കാർഷിക മേഖലക്കും വെള്ളം നൽകി കോട്ടക്ക് സമീപത്തൂടെ ഒരു ഫലജും ഒഴുകുന്നുണ്ട്. തലസ്ഥാന നഗരമായ മസ്‌കത്തിൽനിന്ന് 110 കിലോമീറ്റർ അകലെയാണ് അൽഹസം. 2018ൽ 3,66,360 ആളുകളാണ് രാജ്യത്തെ വിവിധ കോട്ടകൾ സന്ദർശിച്ചത്. 1,33,464 ആളുകളാണ് 2020ൽ എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.