സലാലയിലെ തെങ്ങിൻ തോട്ടങ്ങളിലൊന്ന്
മസ്കത്ത്: ഒരു കാലത്ത് അഭിവൃദ്ധി പ്രാപിച്ചിരുന്ന ദോഫാർ ഗവർണറേറ്റിലെ തെങ്ങ് കൃഷി പ്രതിസന്ധി നേരിടുന്നു.കീടങ്ങൾ,കാലാവസ്ഥ വ്യതിയാനം എന്നിവയാണ് പ്രധാന വെല്ലുവിളിയായി കർഷകർക്ക് മാറിയിരിക്കുന്നത്.എന്നാൽ,ഇതിന് സുസ്ഥിര പരിഹാരങ്ങൾ തേടാെനാരുങ്ങുകയാണ് അധികൃതർ.
സലാല, താഖ എന്നിവിടിങ്ങളിലെ നാളികേര വിളവ് കുറയുന്നത് പരിഹരിക്കുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങൾ നടത്തുന്നുണ്ടെന്ന് ഗവർണറേറ്റിലെ കൃഷി, മത്സ്യബന്ധനം, ജലവിഭവ ഡയറക്ടറേറ്റ് ജനറൽ വ്യക്തമാക്കി.ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെയും (സി.പി.എ) മറ്റൂ ബന്ധപ്പെട്ട അധികാരികളുടെയും സഹകരണത്തോടെ ഫീൽഡ് ടീമുകൾ ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരിഹാരശ്രമം ആരംഭിച്ചിരിക്കുന്നത്. തേങ്ങകളുടെ ക്ഷാമത്തിന്റെ കാരണങ്ങളും വിൽപനശാലകളിൽ ലഭ്യത നേരിടുന്ന വെല്ലുവിളികളും സംഘം അന്വേഷിച്ചു. കഴിഞ്ഞ കുറെ വർഷങ്ങളായി നാളികേരത്തിന്റെ ഉൽപാദനം കുറഞ്ഞുവരിുകയാണെന്ന് ദോഫാറിലെ
കാർഷികം,മത്സ്യബന്ധനം,ജലവിഭവം എന്നിവയുടെ ആക്ടിങ് ഡയറക്ടർ ജനറൽ എഞ്ചിനീയർ മുസ്ലിംബിൻ സലേം റഫീത് വിശദീകരിച്ചു.അനുചിതമായ കാർഷിക രീതികൾ,കീടങ്ങളുടെ ആക്രമണം എന്നിവയുൾപ്പെടെ ഇതിന് കാരണമാകുന്നുണ്ട്. കൂടാതെ, ശൈത്യകാലത്തെ തണുത്ത താപനില സ്വാഭാവികമായും ഉൽപാദനക്ഷമത കുറക്കുന്നു. ഭൂവിനിയോഗത്തിലെ മാറ്റങ്ങൾ കൃഷിക്ക് ലഭ്യമായ കാർഷിക സ്ഥലം കുറച്ചിട്ടുണ്ടെന്നും അദേഹം പറഞ്ഞു.
കൃഷി വിപുലീകരിക്കുക, പുതിയ നിക്ഷേപ അവസരങ്ങൾ തിരിച്ചറിയുക, കാർഷിക കീടങ്ങളെ നിയന്ത്രിക്കുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങൾ എന്നിങ്ങനെയുള്ള സംരംഭങ്ങളിലൂടെ നാളികേര ഉൽപാദനം വർധിപ്പിക്കുന്നതിനായി ഡയറക്ടറേറ്റ് പ്രവർത്തിക്കുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു. കൂടാതെ, പ്രാദേശിക ഒമാനി കമ്പനികൾ വഴി കാർഷിക വ്യാപാര, വിപണന ശൃംഖലകൾ മെച്ചപ്പെടുത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്.ഒരുകാലത്ത് മലയാളികളടക്കമുള്ള പ്രവാസികൾ സലാലയിലും മറ്റും തെങ്ങുകൃഷിയിൽ സജീവമായിരുന്നു. സ്വദേശി പൗരൻമാരിൽ നിന്ന് തോട്ടങ്ങൾ പാട്ടത്തിനെടുത്തായിരുന്നു കൃഷി നടത്തിയിരുന്നത്.
തേങ്ങപറിക്കാനായി നാട്ടിൽനിന്നുപോലും ആളുകളെ ഇവിടേക്ക് എത്തിച്ചിരുന്നു.കീടങ്ങളുടെ ആക്രമണവും മറ്റും തുടങ്ങിയതോടെ പല മലയാളികളും ഈ മേഖലയെ കൈവിടുകയായിരുന്നു. ഇപ്പോൾ ഈ മേഖലയിൽ ഭൂരിഭാഗവും ബംഗ്ലാദേശുകാരാണ് കൈയടക്കിവെച്ചിരിക്കുന്നത്.അതേസമയം,കഴിഞ്ഞ വർഷത്തെ ഖരീഫ് കാലത്തെ പ്രധാന കച്ചവടം കരിക്കായിരുന്നുവെന്ന് കച്ചവടക്കാർ പറഞ്ഞു. തോട്ടങ്ങൾ പാട്ടത്തിനെടുത്ത് തെങ്ങിന് വെള്ളവും വളവും നൽകി പരമാവധി കരിക്കുകൾ വെട്ടി എടുക്കാതെ ഖരീഫ് സീസണിനായി കരുതിവെക്കുകയായിരുന്നു.ഖരീഫ് സീസണിൽ സലാലയിലെത്തുന്നവരെ ഏറെ ആകർഷിക്കുന്നത് കരിക്കുകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.