മസ്കത്ത്: റമദാൻ മാസം പകുതിയിലെത്തിതോടെ അവധിയും പെരുന്നാൾ ആഘോഷ ചിന്തകളുമായി പ്രവാസികൾ. നീണ്ട അവധി കിട്ടുമെന്ന പ്രതീക്ഷയിൽ നാട്ടിൽ പെരുന്നാൾ ആഘോഷിക്കാൻ പോവുന്നവരും നിരവധിയാണ്. അവധി ആഘോഷിക്കാൻ യൂറോപ്യൻ രാജ്യങ്ങളിലും പോവാൻ പദ്ധതിയിടുന്നവരുമുണ്ട്.
യൂറോപ്യൻ രാജ്യങ്ങളിലും നാട്ടിലും പോവാൻ കഴിയാത്തവരിൽ പലരും യു.എ.ഇയിലും ജി. സി.സി രാജ്യങ്ങളിലും അവധി ആഘോഷിക്കുന്നത് ആലോചിക്കുന്നുണ്ട്. എന്നാൽ രണ്ടു മാസം കൊണ്ട് സ്കൂൾ വേനൽ അവധി എത്തുന്നതിനാൽ കുടുംബവുമായി കഴിയുന്നവർ അവധിക്കാലത്ത് നാട്ടിൽ പോവുന്നത് കുറയും. പെരുന്നാൾ അവധി ഒമ്പത് ദിവസം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ പദ്ധതികൾ തയാറാക്കുന്നത്.
റമദാൻ 29ന് മാസപ്പിറവി കാണുകയാണെങ്കിൽ ഞായറാഴ്ചയായിരിക്കും ഈദുൽ ഫിത്ർ. അങ്ങനെ വരികയാണെങ്കിൽ നാലു ദിവസത്തെ അവധിയാണ് ലഭിക്കുകയെന്നാണ് പ്രവാസികൾ കണക്കു കൂട്ടുന്നത്. വ്യാഴാഴ്ച പ്രവൃത്തി ദിനമാവും. എന്നാൽ, ഗോളശാസ്ത്ര കണക്കനുസരിച്ചും ഒമാൻ കലണ്ടർ കണക്കനുസരിച്ചും ഈ വർഷം 30 നോമ്പുകൾ പൂർത്തിയാക്കി തിങ്കളാഴ്ചയാണ് ഈദുൽ ഫിത്ർ ആവുക.
അങ്ങനെയാണെങ്കിൽ ഞായർ മുതൽ വ്യാഴം വരെ അവധി ലഭിക്കുമെന്ന കണക്കു കൂട്ടലിലാണ് പലരും. അഞ്ചു ദിവസത്തെ അവധിക്കൊപ്പം പെരുന്നാളിന് മുമ്പുള്ള രണ്ടു വാരാന്ത്യ അവധിയും ശേഷമുള്ള രണ്ടു വാരാന്ത്യ അവധിയും കൂട്ടുമ്പോൾ ഒമ്പതു ദിവസം അവധി ലഭിക്കും.
അതിനാൽ പ്രവാസികൾ പലരും റമദാൻ 30 പൂർത്തിയാക്കി തിങ്കളാഴ്ച അവധി ലഭിക്കണമെന്ന് ആഗ്രഹിക്കുന്നതാണ്. ഒമ്പതു ദിവസത്തെ അവധി ലഭിക്കുമെന്ന കണക്കു കൂട്ടൽ വന്നതോടെ പലരും നാട്ടിലേക്ക് ടിക്കറ്റെടുക്കുകയാണ്. വിമാന ടിക്കറ്റ് നിരക്കുകൾ കുത്തനെ
കൂടിയിട്ടുണ്ട്. പല വിമാനങ്ങളിലും സീറ്റുകൾ ഫുള്ളായി കഴിഞ്ഞു. ഉയർന്ന ടിക്കറ്റ് നിരക്കും സീറ്റ് ലഭ്യതക്കുറവും കാരണം യാത്രകൾ ഒഴിവാക്കുന്നവരും നിരവധിയാണ്. അവധി മുമ്പിൽ കണ്ട് ടിക്കറ്റുകൾ നേരത്തേ എടുത്തു വെച്ചവർക്കാണ് കോളടിച്ചത്. പെരുന്നാൾ അവധിക്കൊപ്പം കൂടുതൽ അവധിയെടുത്ത് കൂടുതൽ ദിവസം നാട്ടിൽ തങ്ങാൻ പദ്ധതിയിടുന്നവരുമുണ്ട്. എതായാലും പെരുന്നാൾ അവധി ആരംഭിക്കുന്ന ദിവസങ്ങളിൽ വിമാനത്താളങ്ങളിൽ നല്ല തിരക്ക് അനുഭവപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.