മസ്കത്ത്: ഒപെക് രാജ്യങ്ങൾ ഉൽപാദനം വർധിപ്പിക്കാൻ മുന്നോട്ടുവന്നതോടെ എണ്ണവില കുറഞ്ഞുതുടങ്ങി. ഒമാൻ അസംസ്കൃത എണ്ണയുടെ വില ഒറ്റദിവസം കൊണ്ട് 12.34 ഡോളർ കുറഞ്ഞു. മേയിൽ വിതരണം ചെയ്യാനുള്ള അസംസ്കൃത എണ്ണ ബാരലിന് 115.37 ഡോളറായിരുന്നു വ്യാഴാഴ്ച വില. ബുധാനാഴ്ച ഒമാൻ എണ്ണ ബാരലിന് 127.71 ഡോളറായിരുന്നു. വില കുറഞ്ഞതോടെ സ്വർണനിരക്കിലും കുറവുണ്ടായി. കഴിഞ്ഞ ദിവസം 12 ശതമാനം കുറവാണുണ്ടായത്.
ഒറ്റ ദിവസം 15 ഡോളറിന്റെ ഇടിവുണ്ടായി. ആഗോള മാർക്കറ്റിൽ കഴിഞ്ഞ ദിവസം ബാരലിന് 139 ഡോളർവരെ എത്തിയിരുന്നു. 2008ലാണ് സമാനമായി ഉയർന്നത്. ഉൽപാദനം വർധിപ്പിക്കുമെന്ന യു.എ.ഇ പ്രഖ്യാപനമാണ് വില കുറയാനിടയാക്കിയത്. എണ്ണ ഉൽപാദകരാജ്യമായ ഇറാഖും ഉൽപാദനം വർധിപ്പിക്കുമെന്ന് ബുധനാഴ്ച പ്രഖ്യാപിച്ചിരുന്നു. വില പിടിച്ചുനിർത്താൻ ഉൽപാദനം വർധിപ്പിക്കുമെന്നും ഒപെക് അംഗ രാജ്യങ്ങളെ ഇതിന് പ്രോത്സാഹിപ്പിക്കുമെന്നും യു.എ.ഇ ഊർജമന്ത്രി സുഹൈൽ അൽ മസ്റൂഹി ട്വീറ്റ് ചെയ്തു. ഉൽപാദനം വർധിപ്പിക്കാൻ തങ്ങൾ ഒരുക്കമാണെന്ന് അമേരിക്കയിലെ യു.എ.ഇ അംബാസഡറും വ്യക്തമാക്കി.
യു.എ.ഇ.യും സൗദി അറേബ്യയുമാണ് ഒപെകിലെ വലിയ ഉൽപാദകർ. അമേരിക്കൻ പ്രസിഡൻറ് ബൈഡൻ റിയാദിനോടും അബൂദബിയോടും ഉൽപാദനം വർധിപ്പിക്കണമെന്ന് ഫോണിൽ ആവശ്യപ്പെട്ടതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അമേരിക്കൻ ഊർജ സെക്രട്ടറി ജനിഫർ ഗ്രഹാമും ഇക്കാര്യം ആവശ്യപ്പെട്ടു. തൊഴിലാളി ക്ഷാമം അമേരിക്കൻ എണ്ണവ്യവസായ മേഖലക്ക് ഉൽപാദനം വർധിപ്പിക്കുന്നത് വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തൽ.
എണ്ണവില താഴ്ന്നതോടെ സ്വർണവിലയും കുറഞ്ഞിട്ടുണ്ട്. ബുധനാഴ്ച 22 കാരറ്റ് സ്വർണ ഗ്രാമിന് ഒമാനിലെ ജ്വല്ലറികൾ 25.100 റിയാലാണ് ഈടാക്കിയത്. ഇത് സർവകാല റെക്കോഡാണ്. എന്നാൽ, വ്യാഴാഴ്ച ഗ്രാമിന് 24.450 റിയലായി കുറഞ്ഞു. ഇന്ത്യൻ കറൻസിയുമായുള്ള റിയാലിന്റെ വിനിമയനിരക്ക് വ്യാഴാഴ്ച 197.75 രൂപയിലെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.