മസ്കത്ത്: രാജ്യത്തെ മുഴുവൻ ഓൺലൈൻ സ്ഥാപനങ്ങളും ഉപഭോക്തൃ സംരക്ഷണ നിയമവും അതിലെ എക്സിക്യൂട്ടിവ് ചട്ടങ്ങളും കര്‍ശനമായി പാലിക്കണമെന്ന് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സി.പി.എ) അറിയിച്ചു. ഉപഭോക്താക്കള്‍ക്ക് സുരക്ഷിതവും സുതാര്യവുമായ ഡിജിറ്റല്‍ വിപണി ഉറപ്പാക്കാനുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് സി.പി.എ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
രാജ്യത്ത് ഏറെ പ്രചാരം നേടുകയും വളര്‍ച്ച കൈവരിക്കുകയും ചെയ്യുന്ന ഇ-കൊമേഴ്സ് മേഖലയില്‍ ഉപഭോക്തൃ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് നിയമപരമായ ആവശ്യകതകള്‍ അനിവാര്യമാണെന്ന് സി.പി.എ പറഞ്ഞു. കൂടുതല്‍ വ്യവസായങ്ങള്‍ ഓണ്‍ലൈനിലേക്ക് മാറുകയും ഉപഭോക്താക്കള്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളെ കൂടുതലായി ആശ്രയിക്കുകയും ചെയ്യുന്നതിനാല്‍, വിപണിയില്‍ വിശ്വാസവും ഉത്തരവാദിത്വവും വളര്‍ത്തിയെടുക്കുന്നതിന് നിയന്ത്രണങ്ങള്‍ ആവശ്യമാണ്.
ഉപഭോക്തൃ സംരക്ഷണ നിയമത്തിന്റെ ആര്‍ട്ടിക്കിൾ 33 അനുസരിച്ച് ഒമാനില്‍ താമസിക്കുന്നവരായാലും പ്രാദേശിക ഏജന്റുമാരായാലും ഓണ്‍ലൈനില്‍ ബിസിനസ് നടത്തുന്നവര്‍ ഇ-കൊമേഴ്സില്‍ ഏര്‍പ്പെടുമ്പോള്‍ വിവിധ കരാറുകളില്‍ ഏര്‍പ്പെടുകയും ബാധ്യതകള്‍ പാലിക്കുകയും വേണം.
ഓണ്‍ലൈന്‍ സ്ഥാപനങ്ങള്‍ സേവനങ്ങളോ സാധനങ്ങളോ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട അധികാരികളില്‍ നിന്ന് അനുമതി നേടേണ്ടതാണ്. ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കില്ലെന്ന് ഉറപ്പാക്കുന്നതിനായി ഉൽപന്നങ്ങള് അവയുടെ യഥാര്‍ഥ രൂപം പ്രതിഫലിപ്പിക്കുന്ന രീതിയില്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളില്‍ പ്രദര്‍ശിപ്പിക്കണം. കൂടാതെ, ഉൽപന്ന വിതരണത്തിന്റെ സ്ഥലം, തീയതി, രീതി എന്നിവയും കച്ചവടക്കാര്‍ കൃത്യമായി ആശയവിനിമയം നടത്തണം. ഉപഭോക്തൃ അവകാശങ്ങള്‍ ലംഘിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കുന്നതിന് നിയമവ്യവസ്ഥകളുമായി പൊരുത്തപ്പെടുന്ന ഒരു എക്സ്ചേഞ്ച്, റിട്ടേണ്‍ ഉണ്ടാക്കുകയും വേണം.
അതേസമയം, കോവിഡ് മഹാമാരി കാലത്ത് നേടിയെടുത്ത ഓൺലൈൻ ഷോപ്പിങ് ശീലം ഇപ്പോഴും ഉപഭോക്താക്കൾ വിട്ടൊഴിഞ്ഞിട്ടില്ല. ഷോപ്പിങ്ങിനായി മാളുകളിലും സെന്ററിലും എത്തുന്നവരുടെ എണ്ണം വർധിച്ചിട്ടുണ്ട്. എന്നാൽ ഇവരിൽ ഭൂരിപക്ഷംപേരും ഓൺലൈനിനിലൂടെയാണ് സാധനങ്ങൾ വാങ്ങാൻ ഇഷ്ടപ്പെടുന്നതെന്ന് പറയുന്നു. എന്നാൽ, രാജ്യത്ത് 72 ശതമാനം ആളുകളും നേരിട്ട് ഷോപ്പിങ് നടത്താൻ ഇഷ്ടപ്പെടുന്നുവരാണെന്ന് ഡിജിറ്റൽ സൂചകങ്ങൾ കാണിക്കുന്നു.
വാറന്റികൾ, ഉൽപന്നങ്ങൾ സ്വീകരിക്കുന്നതും തിരികെ നൽകുന്നതും, ഡെബിറ്റ് -ക്രഡിറ്റ് കാർഡ് വിശദാംശങ്ങൾ നൽകുന്നതുമായി ബന്ധപ്പെട്ട സുരക്ഷ, ഡെലിവറി പോലുള്ള സാങ്കേതിക പ്രശ്നങ്ങൾ എന്നിവയിൽ ഏകദേശം 44 ശതമാനം ആളുകൾക്ക് ആശങ്കകളുണ്ടെന്നും പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.