ഓൺലൈൻ ബാങ്ക് തട്ടിപ്പ്: മുന്നറിയിപ്പുമായി ആർ.ഒ.പി

മസ്കത്ത്: ബാങ്കിങ് മേഖലയുമായി ബന്ധപ്പെട്ട് വിളിക്കുന്ന അജ്ഞാതർക്ക് കാർഡ് വിവരങ്ങൾ കൈമാറരുതെന്ന് റോയൽ ഒമാൻ പൊലീസ് മുന്നറിയിപ്പ് നൽകി. സ്വദേശികൾക്കും വിദേശികൾക്കുമായി നൽകിയ നിർദേശങ്ങളിലാണ് ബാങ്ക് കാർഡിന്‍റെ വിശദാംശങ്ങൾ, സി.വി.വി കോഡ്, ഒ.ടി.പി എന്നിവ കൈമാറരുതെന്ന് ആർ.ഒ.പി നിർദേശിച്ചിരിക്കുന്നത്. വ്യക്തിഗത ബാങ്ക് അക്കൗണ്ട്, ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍, ഒ.ടി.പി (വണ്‍ ടൈം പാസ്‌വേര്‍ഡ്) തുടങ്ങിയവ ആവശ്യപ്പെടുന്ന ഫോൺകാളുകളെയും മെസേജുകളെയും കുറിച്ച് ജാഗ്രത തുടരണമെന്ന് ബാങ്കിങ് മേഖലയിലുള്ളവരും നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു. വിവരങ്ങൾ പങ്കുവെച്ചുകഴിഞ്ഞാല്‍ അക്കൗണ്ടിൽനിന്ന് പണം തട്ടുന്ന രീതിയാണ് വ്യാപകമായി നടക്കുന്നത്. എന്നാൽ, ഓൺലൈനിലൂടെ സാധനങ്ങള്‍ വാങ്ങുന്നതിനും തട്ടിപ്പ് സംഘം ഇത്തരം രീതി ഉപയോഗിക്കുന്നുണ്ട്.

പ്രമുഖ വാണിജ്യസ്ഥാപനം, ബാങ്ക് എന്നിവിടങ്ങളിൽ സമ്മാനത്തിനും മറ്റും അര്‍ഹനായിരിക്കുന്നുവെന്നും നിങ്ങള്‍ക്ക് ലഭിച്ച ഒ.ടി.പി നമ്പറും മറ്റു വിവരങ്ങളും നല്‍കണമെന്നും ആവശ്യപ്പെട്ടാണ് തട്ടിപ്പുകൾ ആദ്യകാലത്ത് അരങ്ങേറിയിരുന്നത്. ഇത്തരം തട്ടിപ്പുകളെ കുറിച്ച് ആളുകൾ ബോധവാന്മാരായതോടെ പുത്തൻ അടവുകളാണ് ഇത്തരം സംഘങ്ങൾ പയറ്റുന്നതെന്ന് ബാങ്കിങ് മേഖലയിലുള്ളവർ പറയുന്നു.

ഫോൺകാള്‍, ടെക്സ്റ്റ് മെസേജ്, സോഷ്യല്‍ മീഡിയ എന്നിവയിലൂടെ ബാങ്കുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറാതിരിക്കുക എന്നതുതന്നെയാണ് ഇത്തരം തട്ടിപ്പ് രീതികളെ പ്രതിരോധിക്കാനുള്ള മികച്ച മാർഗം. അതേസമയം, സാങ്കേതികവിദ്യയിലെ സാധാരണക്കാരുടെ അജ്ഞയും മറ്റും മുതലെടുത്താണ് ഇത്തരം സംഘങ്ങൾ അരങ്ങുവാഴുന്നത്. സുരക്ഷിതമായ ബാങ്കിങ് അന്തരീക്ഷം രാജ്യത്ത് സൃഷ്ടിക്കാനായി സെന്‍ട്രല്‍ ബാങ്ക് ബാങ്കുകള്‍ക്കും പണവിനിമയ കമ്പനികള്‍ക്കും സമയബന്ധിതമായി സര്‍ക്കുലറുകള്‍, നിയന്ത്രണങ്ങള്‍ തുടങ്ങിയവയൊക്കെ നല്‍കാറുണ്ട്. ഫേസ്ബുക്ക് അടക്കമുള്ള സമൂഹമാധ്യമങ്ങളും തട്ടിപ്പ് സംഘങ്ങൾ ഉപയോഗിക്കുന്നുണ്ട്.

ഒരാളുടെ ഫേസ് ബുക്ക്‌ അക്കൗണ്ട് വ്യാജമായി നിർമിച്ച് അയാളുടെ അടുത്ത സുഹൃത്തുക്കളിൽനിന്നും പണം തട്ടിയെടുക്കുന്ന രീതി അടുത്തകാലത്തായി വർധിച്ചിരുന്നു. മലയാളികളടക്കമുള്ള നിരവധി പ്രവാസികൾക്ക് ഇത്തരത്തിലൂടെ പണം നഷ്ടപ്പെട്ടിട്ടുണ്ട്. ഓൺലൈൻ രംഗത്ത് നടക്കുന്ന തട്ടിപ്പുകളെ കുറിച്ച് ബോധവാന്മാരായി മുന്നോട്ടുപോകുകയാണ് ഇത്തരം ആളുകളെ തടയിടാനുള്ള മാർഗമെന്ന് ഈ മേഖലയിലുള്ളവർ പറയുന്നു.

Tags:    
News Summary - Online bank fraud: ROP issues warning

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.