മസ്കത്ത്: ഒമിക്രോൺ ഒമാനിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും ആരോഗ്യ സുരക്ഷ മാനദണ്ഡങ്ങൾ പൂർണമായി പാലിക്കണമെന്ന് ആരോഗ്യ വിദഗ്ധർ. സൗദി അറേബ്യ, യു.എ.ഇ അടക്കം 30 രാജ്യങ്ങളിൽ ഒമിക്രോൺ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് പുതിയ വകഭേദത്തിനെതിരെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകുന്നത്. പൊതുജനങ്ങൾ രോഗ ബാധിതരുമായി ബന്ധപ്പെടുന്നത് ഒഴിവാക്കണമെന്നും ഒത്തുകൂടലുകളും കൂട്ടം ചേരലുകളും മാറ്റിവെക്കണമെന്നും സുൽത്താൻ ഖാബൂസ് യൂനിവേഴ്സിറ്റി ആശുപത്രിയിലെ പകർച്ച വ്യാധി വിഭാഗം ഡോക്ടറായ സൈദ് ഹൽ ഹിനായ് ആവശ്യപ്പെട്ടു. മാസ്ക്കുകൾ കൃത്യമായും ശരിയായ രീതിയിലും ധരിക്കുക, കൈകഴുകുന്നത് അണുമുക്തമാക്കുന്നതും തുടരുക, രോഗലക്ഷണങ്ങൾ വരുമ്പോൾ തന്നെ സ്വയം ഐസൊലേഷനിൽ പോവുക തുടങ്ങിയ മാർഗനിർദേശങ്ങളും പാലിക്കണമെന്ന് അദ്ദേഹം നിർദേശിച്ചു. എല്ലാ മേഖലകളിലും സാമൂഹിക അകലം പാലിക്കണമെന്നും വാക്സിനേഷൻ പൂർണമായി എടുക്കണമെന്നും വിദഗ്ധർ ആവശ്യപ്പെടുന്നു.
ദക്ഷിണാഫ്രിക്കയിലും ലോകത്തിലെ മറ്റ് രാജ്യങ്ങളിലും പടരുന്ന കോവിഡിെൻറ പുതിയ വകഭേദത്തെ പറ്റി ശാസ്ത്രജ്ഞർ ഗവേഷണം നടത്തുകയാണ്. പഠനം സംബന്ധമായ കൂടുതൽ വിവരങ്ങൾ പൊതുജനങ്ങൾക്ക് നൽകുമെന്നും ലോകാരോഗ്യ സംഘടന അറിയിച്ചിരുന്നു. ഒമിക്രോൺ കൂടുതൽ വേഗത്തിൽ പടർന്ന് പിടിക്കുന്നതാണോ എന്ന് വ്യക്തമല്ലെന്നും വിദഗ്ധർ പറയുന്നു. ഒമിക്രോൺ മറ്റ് ഡെൽറ്റ അടക്കമുള്ള വകഭേദങ്ങൾ പോലെ ഗുരുതര രോഗങ്ങൾക്കും ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാക്കുമോ എന്ന് വ്യക്തവുമല്ല. പുതിയ വകഭേദം എത്രമാത്രം അപകടകാരിയാണെന്നറിയാൻ ആഴ്ചകൾ എടുക്കുമെന്ന് അൽ ഹിനായ് പറഞ്ഞു. ഡെൽറ്റ വ്യാപകമായി പടർന്ന രാജ്യങ്ങളിൽ പുതിയ വകഭേദം വേഗത്തിൽ പടരാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. വൈറസിന് ജനിതക മാറ്റം സംഭവിക്കുകയും മനുഷ്യെൻറ രോഗ പ്രതിരോധശേഷി കുറക്കുന്ന രീതിയിലേക്ക് അത് മാറുകയും ചെയ്തിട്ടുണ്ട്. അതിനാൽ പൊതുജനങ്ങൾ കോവിഡ് പ്രോട്ടോക്കോൾ പൂർണമായി പാലിക്കണം.
നിലവിൽ രോഗബാധയുള്ള രാജ്യങ്ങളിൽ നിന്നെത്തുന്നവരെ ആരോഗ്യമന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിച്ചു വരുകയാണ്. വൈറസ് ബാധ കൂടുതലുള്ള ഏഴ് രാജ്യങ്ങളിൽനിന്ന് വരുന്നവർക്ക് ഒമാനിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ ഒമാനിൽ കൂടുതൽ നിയന്ത്രണങ്ങൾ ഉണ്ടാവാനും സാധ്യതയുണ്ട്. അടുത്ത ദിവസങ്ങളിൽ നടക്കാനിരിക്കുന്ന സുപ്രീം കമ്മിറ്റി യോഗത്തിൽ എന്തൊക്കെ പുതിയ നിയന്ത്രണങ്ങളാണുണ്ടാവുക എന്ന് കാത്തിരിക്കുകയാണ് പ്രവാസികൾ. പുതിയ വകഭേദത്തിെൻറ തീവ്രത അനുസരിച്ചായിരിക്കും സുപ്രീം കമ്മിറ്റിയുടെ തീരുമാനമുണ്ടാവുക. ഇന്ത്യയിൽ പുതിയ വകഭേദം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഒമാൻ എന്ത് നിലപാടാണ് എടുക്കുക എന്ന വിഷയവും പ്രവാസികൾ സൂക്ഷ്മമായി വിലയിരുത്തുന്നുണ്ട്. നിലവിലെ അവസ്ഥയിൽ യാത്ര വിലക്കുണ്ടാവില്ലെന്ന് വിശ്വസിക്കുന്നവരും നിരവധിയാണ്. വിമാനത്താവളത്തിൽ വീണ്ടും പി.സി.ആർ പരിശോധന ആരംഭിക്കുമോ എന്ന വിഷയവും സ്ഥാപന സമ്പർക്കവിലക്ക് വീണ്ടും ആരംഭിക്കുമോ എന്നതും പ്രവാസികളിൽ ആശങ്കയുണ്ടാക്കുന്നതാണ്. ഇത്തരം നിയന്ത്രണങ്ങൾ ഉണ്ടാവുകയാണെങ്കിൽ ഇപ്പോൾ ടിക്കറ്റെടുത്ത് യാത്രക്കൊരുങ്ങി നിൽക്കുന്നവരിൽ വലിയ വിഭാഗം ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.