പോളിയോ വൈറസ് പരിശോധനക്കായി മൊബൈൽ സ്റ്റാൻഡേർഡ് ലബോറട്ടറിക്ക് ആരോഗ്യ മന്ത്രാലയം തുടക്കംകുറിച്ചപ്പോൾ
മസ്കത്ത്: രാജ്യത്ത് പരിസ്ഥിതി രോഗനിർണയ പോളിയോ വൈറസ് പരിശോധനക്കായി മൊബൈൽ സ്റ്റാൻഡേർഡ് ലബോറട്ടറിക്ക് ആരോഗ്യ മന്ത്രാലയം തുടക്കം കുറിച്ചു.പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനുള്ള ഒമാന്റെ പ്രതിബദ്ധതയുടെ ഭാഗമായി ലോകാരോഗ്യ സംഘടനയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്.
നിരവധി ആരോഗ്യ പരിപാടികളിലും സംരംഭങ്ങളിലും ആരോഗ്യ മന്ത്രാലയവും ലോകാരോഗ്യ സംഘടനയും തമ്മിൽ തന്ത്രപരമായ പങ്കാളിത്തമുണ്ടെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ അണ്ടർ സെക്രട്ടറി ഡോ. സയീദ് ബിൻ ഹരേബ് അൽ ലംകി പറഞ്ഞു.
പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും പോളിയോ നിർമാർജനം ചെയ്യുന്നതിനുമുള്ള ഒമാന്റെ പ്രതിബദ്ധതയാണ് ലബോറട്ടറി തുറന്നതിലൂടെ വ്യക്തമാക്കുന്നതെന്ന് ലോകാരോഗ്യ സംഘടനയുടെ ഒമാനിലെ പ്രതിനിധി ഡോ. ജീൻ ജബ്ബൂർ പറഞ്ഞു. പരിസ്ഥിതി നിരീക്ഷണം നടപ്പിലാക്കുന്ന ലോകാരോഗ്യ സംഘടനയുടെ കിഴക്കൻ മെഡിറ്ററേനിയൻ മേഖലയിലെ രാജ്യങ്ങളുടെ നിരയിൽ ഇപ്പോൾ ഒമാനും ചേർന്നിരിക്കുന്നു.
മലിനജലത്തിലെ പോളിയോവൈറസ് കണ്ടെത്തുക മാത്രമല്ല, വൈറസ് വ്യാപനത്തിനുള്ള ഒരു മുൻകൂർ മുന്നറിയിപ്പ് സംവിധാനമായും ലാബ് പ്രവർത്തിക്കും. ലോകാരോഗ്യ സംഘടനയുടെ അംഗീകൃത സൗകര്യം എന്ന നിലയിൽ, മലിനജലം പോലുള്ള പാരിസ്ഥിതിക ജല സാമ്പിളുകളിൽ വൈറസ് കണ്ടെത്തുന്നതിനായി രൂപകൽപ്പന ചെയ്തിരിക്കുന്ന ഒമാനിലെ വിപുലീകരിച്ച നിരീക്ഷണ സംവിധാനങ്ങളുടെ ഒരു മൂലക്കല്ലാണ് സ്റ്റാൻഡേർഡ് എൻവയോൺമെന്റൽ ഡയഗ്നോസ്റ്റിക് ലബോറട്ടറി ഫോർ പോളിയോവൈറസ്. ഇത് ഒമാനിലെ രോഗനിർണയ, പകർച്ചവ്യാധി നിരീക്ഷണ ശേഷികൾ മെച്ചപ്പെടുത്തു.
അക്യൂട്ട് ഫ്ലാസിഡ് പക്ഷാഘാതമോ പോളിയോ പോലുള്ള ലക്ഷണങ്ങളോ ഉള്ള കുട്ടികളിൽ നിന്നുള്ള മലം സാമ്പിളുകൾ പരിശോധിക്കുന്നതും ഉൾപ്പെടുന്നു.അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്താനും കൃത്യവും ഉയർന്ന നിലവാരമുള്ളതുമായ ലബോറട്ടറി സേവനങ്ങൾ നൽകുന്നതിന് അത്യാധുനിക സാങ്കേതികവിദ്യയും അന്താരാഷ്ട്ര മാനദണ്ഡങ്ങളും സ്വീകരിക്കാനുമാണ് പദ്ധതിയിലൂടെ ആരോഗ്യ മന്ത്രാലയം ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.