മസ്കത്ത്: ലബാനാനിലെ വെടിനിർത്തൽ പ്രഖ്യാപനത്തെ ഒമാൻ സ്വാഗതം ചെയ്തു. ഈ കരാറിലെത്താൻ നടത്തിയ അന്താരാഷ്ട്ര ശ്രമങ്ങളെ അഭിനന്ദിക്കുകയാണെന്നും വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
ഗസ്സ മുനമ്പിനെതിരെ ഇസ്രായേൽ അധിനിവേശ സേന നടത്തുന്ന ക്രൂരമായ യുദ്ധം അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ ഒമാൻ , വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങളെ അപലപിച്ചു. സുരക്ഷാ മന്ത്രിസഭ യോഗത്തിനുശേഷമാണ് ഹിസ്ബുല്ലയുമായുള്ള വെടിനിർത്തൽ കരാറിന് രൂപം നൽകിയ കാര്യം നെതന്യാഹു പ്രഖ്യാപിച്ചത്.
യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെയും ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവൽ മാക്രോണിന്റെയും നേതൃത്വത്തിൽ വെടിനിർത്തലിൽ തീരുമാനമുണ്ടാകുമെന്നാണ് ലബനാൻ അറിയിച്ചത്. വെടിനിർത്തൽ ഉടൻ പ്രാബല്യത്തിൽ വന്നേക്കുമെന്നാണ് സൂചന.
രണ്ടുമാസം മുമ്പ് ലബനാനിൽ അധിനിവേശം നടത്തിയ ഇസ്രായേൽ സൈന്യം ഘട്ടംഘട്ടമായി പിൻവാങ്ങും. ഇസ്രായേൽ അതിർത്തിയോട് ചേർന്നൊഴുകുന്ന ലിറ്റാനി നദിക്കരയിലെ ഹിസ്ബുല്ല സാന്നിധ്യവും അവസാനിപ്പിക്കും. 60 ദിവസത്തേക്കാകും വെടിനിർത്തൽ. ഇതോടെ ലബനാനിൽ ഹിസ്ബുല്ലയുമായി ഒരു വർഷമായി നടക്കുന്ന യുദ്ധത്തിൽ താൽക്കാലിക ഇടവേളയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.