മസ്കത്ത്: ഗസ്സയിലെ വെടിനിർത്തലിന്റെ ആദ്യ ഘട്ടം നടപ്പാക്കുന്നതിനുള്ള നിബന്ധനകളും സംവിധാനങ്ങളും സംബന്ധിച്ച കരാറിനെ സ്വാഗതം ചെയ്യുന്നതായി ഒമാൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. യുദ്ധം അവസാനിപ്പിക്കുന്നതിനും ഇരുവശത്തുനിന്നുമുള്ള തടവുകാരെ മോചിപ്പിക്കുന്നതിനും ഗസ്സ മുനമ്പിലേക്ക് ആവശ്യമായ മാനുഷികസഹായം എത്തിക്കുന്നതിനും കരാർ സഹായകമാകും.
വെടിനിർത്തൽ ഉറപ്പിക്കുന്നതിനും നീതിയുക്തവും സമഗ്രവുമായ രാഷ്ട്രീയപരിഹാരത്തിനാവശ്യമായ സാഹചര്യങ്ങൾ സൃഷ്ടിക്കുന്നതിനുമുള്ള സുസ്ഥിരമായ പ്രാദേശിക, അന്തർദേശീയ ശ്രമങ്ങളുടെ പ്രാധാന്യവും മന്ത്രാലയം ഊന്നിപ്പറഞ്ഞു.
ഫലസ്തീൻ ജനതയുടെ നിയമാനുസൃത അവകാശങ്ങൾ ഉറപ്പുനൽകുന്നതും മേഖലയിൽ സുരക്ഷയും സ്ഥിരതയും കൈവരിക്കുന്നതിന് സംഭാവന ചെയ്യുന്നതുമായ നീതിയുക്തവും സമഗ്രവുമായ ഒരു രാഷ്ട്രീയ പരിഹാരത്തിന് വഴിയൊരുക്കുന്നതിനും ലക്ഷ്യമിട്ടുള്ള പ്രാദേശികവും അന്തർദേശീയവുമായ ശ്രമങ്ങൾ തുടരേണ്ടതിന്റെ ആവശ്യകതയും ഒമാൻ ചൂണ്ടിക്കാട്ടി.
ഫലസ്തീൻ പ്രാദേശികസമയം 12 ഓടെയാണ് വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നത്. കരാറിന്റെ ആദ്യഘട്ടത്തിന് ഹമാസും ഇസ്രായേലും നേരത്തെ അംഗീകാരം നൽകിയിരുന്നു. തിങ്കളാഴ്ചയോടെ ഇസ്രായേലി ബന്ദികളെ വിട്ടയക്കുമെന്നും 24 മണിക്കൂറിനുള്ളിൽ ഗസ്സയില്‍നിന്ന് സൈന്യം പിൻവാങ്ങിത്തുടങ്ങുമെന്നുമാണ് റിപ്പോര്‍ട്ട്. ഖത്തറിന്റെ മധ്യസ്ഥതയിൽ നടന്ന ചർച്ചകൾക്കൊടുവിലാണ് വെടിനിർത്തൽ കരാറിന് അംഗീകാരമായത്. ഈജിപ്തിൽ നടന്ന ചർച്ചകൾക്കൊടുവിൽ ഗസ്സയിലെ വെടിനിർത്തൽ കരാറിന് അംഗീകാരം നൽകിയ വിവരം യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും സ്ഥിരീകരിച്ചിരുന്നു.
ഗസ്സ സമാധാന കരാറിനെ യു.എന്നും സ്വാഗതം ചെയ്തിട്ടുണ്ട്. യു.എസ്, ഖത്തർ, ഈജിപ്ത്, തുർക്കിയ തുടങ്ങിയ രാജ്യങ്ങളുടെ നേതൃത്വത്തിൽ നടന്ന ശ്രമങ്ങൾക്കൊടുവിലാണ് സമാധാനകരാർ യാഥാർഥ്യമായതെന്ന് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.