മസ്‌കത്ത്: വരാനിരിക്കുന്ന ഈദുൽ ഫിത്വർ പ്രമാണിച്ച് ആഭ്യന്തര വിപണിയിലെ ഇറച്ചി ലഭ്യത ഉറപ്പുവരുത്തുന്നതിനായി ഒമാൻ 2,85,890 കന്നുകാലികളെ ഇറക്കുമതി ചെയ്തു. ജനുവരി ഒന്ന് മുതൽ മാർച്ച് അഞ്ച് വരെയുള്ള കണക്കുകൾ പ്രകാരം കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
ഇറക്കുമതി ചെയ്തവയിൽ 27,718 പശുക്കളും 2,58,172 ആടുകളും ഉൾപ്പെടുന്നു. ഇതിനുപുറമെ പ്രാദേശിക ഉൽപാദനവും ശീതീകരിച്ച ഇറച്ചിയുടെ ലഭ്യതയും ഉറപ്പാക്കിയിട്ടുണ്ട്. മുൻ വർഷത്തെ അപേക്ഷിച്ച് കന്നുകാലി ഇറക്കുമതിയിൽ വലിയ വർധനവാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്. 2025 ജനുവരിയിൽ 1,41,008 ആടുകളെ ഇറക്കുമതി ചെയ്ത സ്ഥാനത്ത് 2026 ജനുവരിയിൽ ഇത് 1,56,419 ആയി ഉയർന്നു. പശുക്കളുടെ ഇറക്കുമതി 7,725-ൽ നിന്ന് 11,098 ആയും വർധിച്ചു.പെരുന്നാൾ സീസണിൽ വിപണിയിൽ ഇറച്ചിയുടെ ആവശ്യം വർധിക്കുന്നത് കണക്കിലെടുത്താണ് മന്ത്രാലയത്തിന്റെ ഈ നടപടി. ഇറക്കുമതി നടപടികൾ ലളിതമാക്കുന്നതിനും ക്വാറന്റൈൻ പരിശോധനകൾ വേഗത്തിലാക്കുന്നതിനും മന്ത്രാലയം പ്രത്യേക ശ്രദ്ധ നൽകുന്നുണ്ട്. ഈ കാലയളവിൽ 239 കന്നുകാലി ഇറക്കുമതി പെർമിറ്റുകൾക്ക് അംഗീകാരം നൽകി.
വിപണിയിലെ വിലനിലവാരവും ലഭ്യതയും മന്ത്രാലയം നിരന്തരം നിരീക്ഷിച്ചുവരികയാണ്. സ്വകാര്യ മേഖലയുമായുള്ള സഹകരണത്തിലൂടെ ഒമാനിലെ എല്ലാ ഗവർണറേറ്റുകളിലും തടസ്സമില്ലാതെ ഇറച്ചി ലഭ്യമാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.