മസ്‌കത്ത്: ഒമാനിൽ കഴിഞ്ഞ വർഷം ഔദ്യോഗിക അനുമതിയില്ലാതെ ധനസമാഹരണം നടത്തിയ 67 സംഭവങ്ങൾ കണ്ടെത്തിയതായി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. വിവിധ ഗവർണറേറ്റുകളിലായി നടത്തിയ ഇത്തരം അനധികൃത പിരിവുകളിലൂടെ ഏകദേശം 30,000 ഒമാനി റിയാൽ സമാഹരിച്ചതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് മസ്‌കത്ത് ഗവർണറേറ്റിലാണ്; 20 കേസുകൾ. എന്നാൽ, തെക്കൻ ശർഖിയ ഗവർണറേറ്റിൽ ഇത്തരത്തിലുള്ള ഒരു നിയമലംഘനവും റിപ്പോർട്ട് ചെയ്തിട്ടില്ല.
പൊതുജനങ്ങളിൽ നിന്നുള്ള ധനസമാഹരണം നിയന്ത്രിക്കുന്നതിനായി പുറപ്പെടുവിച്ച മന്ത്രാലയ നിയമം (മിനിസ്റ്റീരിയൽ റസലൂഷൻ No. 336/2024) അനുസരിച്ചാണ് ഇത്തരം നടപടികൾ സ്വീകരിക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. ധനസമാഹരണ കാമ്പയിനുകളുടെ നിയമസാധുത ഉറപ്പാക്കുന്നതിനും പൊതുജനങ്ങളുടെ പണം ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനുമായി വ്യക്തമായ മാർഗനിർദ്ദേശങ്ങളാണ് മന്ത്രാലയം നിശ്ചയിച്ചിട്ടുള്ളത്.
നിയമപരമായ അനുമതിയില്ലാതെ ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നടപടികൾ തുടരുമെന്നും മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.