മസ്കത്ത്: ഒമാനിലെ ഒരു മലയാളി കുടുംബത്തിൽ വീട്ടുജോലിക്കായി വിസിറ്റ് വിസയിൽ എത്തിയ മാനസികവും ശാരീരികവുമായ പീഡനങ്ങൾ നേരിട്ട മലയാളി വീട്ടമ്മക്ക് ഒടുവിൽ മോചനം. സാമൂഹിക പ്രവർത്തകനായ ഡോ. സജി ഉതുപ്പാന്റെ സമയോചിതമായ ഇടപെടലിലൂടെയാണ് മലയാളി വീട്ടമ്മയെ സുരക്ഷിതമായി രക്ഷപ്പെടുത്തിയത്. നിയമപരമായ എല്ലാ നടപടികളും പൂർത്തിയാക്കിയ ശേഷം കഴിഞ്ഞദിവസം അവർ നാട്ടിലേക്ക് യാത്ര തിരിച്ചു.
നാല് മാസം മുമ്പാണ് മലയാളി വീട്ടമ്മയെ നാട്ടിൽനിന്ന് വിസിറ്റ് വിസയിൽ ഒമാനിലേക്ക് വീട്ടുജോലിക്കായി കൊണ്ടുവന്നത്. ജോലിക്കായി കൊണ്ടു വന്ന വീട്ടുകാർ തന്നെ നിരന്തരമായി മാനസികവും ശാരീരികവുമായ പീഡനങ്ങൾ ഏൽപിച്ചതായി വിവരം ലഭിച്ചിട്ടുണ്ട്. വളരെ മോശമായ രീതിയിലായിരുന്നു കുടുംബത്തിന്റെ പെരുമാറ്റമെന്നും ദുരനുഭവങ്ങൾ സഹിക്കേണ്ടി വന്നതായും വീട്ടമ്മ വെളിപ്പെടുത്തി.
അവരുടെ ദുരവസ്ഥയെക്കുറിച്ചു നാട്ടിലുള്ള കുടുംബാംഗങ്ങൾ ഡോ. സജി ഉതുപ്പാനെ അറിയിക്കുകയായിരുന്നു. തുടർന്ന് അദ്ദേഹം നടത്തിയ കൃത്യവും സമയോചിതവുമായ ഇടപെടലുകളിലൂടെ നിയമനടപടികൾ ആരംഭിച്ചു. അധികാരികളുമായി ബന്ധപ്പെട്ട് പ്രശ്നം പരിഹരിക്കുകയും പീഡനം അനുഭവിച്ച വീട്ടജോലിക്കാരിയെ രക്ഷപ്പെടുത്തുകയും ചെയ്തു. ക
ഴിഞ്ഞ മൂന്ന് മാസമായി ലഭിക്കാതെ പോയ ശമ്പളവും യാത്ര ടിക്കറ്റും ഉറപ്പാക്കി നൽകിയ ശേഷം അവരെ നാട്ടിലേക്ക് സുരക്ഷിതമായി യാത്രയയച്ചതായി സാമൂഹിക പ്രവർത്തകരായ ജാഫർ കായംകുളം, ഫഹദ് എന്നിവർ അറിയിച്ചു. വിസിറ്റ് വിസയിൽ വീട്ടുജോലിക്കാരെ കൊണ്ടുവരുന്നത് നിയമപരമായി പ്രശ്നങ്ങൾ സൃഷ്ടിക്കാമെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കൂടുതൽ ജാഗ്രതയും ഉത്തരവാദിത്തവും ആവശ്യമാണെന്നും സാമൂഹിക പ്രവർത്തകർ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.