സാമൂഹിക വികസന മന്ത്രാലയം, മനുഷ്യക്കടത്തിനെ ചെറുക്കുന്നതിനുള്ള ദേശീയസമിതിയുമായി ചേർന്ന് നടത്തിയ ശിൽപശാല
മസ്കത്ത്: മനുഷ്യക്കടത്തിനെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനായി സാമൂഹിക വികസന മന്ത്രാലയം, മനുഷ്യക്കടത്തിനെ ചെറുക്കുന്നതിനുള്ള ദേശീയ സമിതിയുമായി ഏകോപിപ്പിച്ച് ശിൽപശാല സംഘടിപ്പിച്ചു. ഇരകളെ പിന്തുണക്കുന്നതിനുള്ള സംവിധാനങ്ങൾ ശക്തിപ്പെടുത്തുക, പ്രശ്നം പരിഹരിക്കുന്നതിൽ സമൂഹ സഹകരണം പ്രോത്സാഹിപ്പിക്കുക എന്നിവയും ശിൽപശാലയിലൂടെ ലക്ഷ്യമിട്ടിരുന്നു.
‘മനുഷ്യക്കടത്തിന്റെ സൂചകങ്ങൾ, അതിന്റെ അപകടങ്ങളെക്കുറിച്ചുള്ള അവബോധം വളർത്തൽ, അത് റിപ്പോർട്ട് ചെയ്യേണ്ടതിന്റെ പ്രാധാന്യം’ എന്ന വിഷയത്തിലായിരുന്നു ശിൽപശാല. കുട്ടികളുടെ സംരക്ഷണ പ്രതിനിധികൾ, പ്രൊട്ടക്ഷൻ ഹോമിലെ സൂപ്പർവൈസർമാർ, മന്ത്രാലയ ഉപഭോക്തൃ സേവന ജീവനക്കാർ, മനുഷ്യക്കടത്ത് വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന റോയൽ ഒമാൻ പൊലീസിലെ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
പൊതുജന അവബോധവും പ്രധാന പങ്കാളികൾക്കിടയിൽ ഏകോപനവും വർധിപ്പിക്കുന്നതിനുള്ള വിശാലമായ ശ്രമങ്ങളുടെ ഭാഗമായാണ് ശിൽപശാല നടന്നതെന്ന് മന്ത്രാലയ ഉദ്യോഗസ്ഥൻ പറഞ്ഞു. മനുഷ്യക്കടത്തിന്റെ ലക്ഷണങ്ങൾ തിരിച്ചറിയുന്നതിലും ഇരകളെ പിന്തുണക്കുന്ന രീതി മെച്ചപ്പെടുത്തുന്നതിലും വർക്ക്ഷോപ് ശ്രദ്ധ കേന്ദ്രീകരിച്ചു.
പരിപാടിയിൽ നാലു പ്രബന്ധങ്ങളുടെ അവതരണവും നടന്നു സ്വാതന്ത്ര്യമോ ഔദ്യോഗിക രേഖകളോ നിഷേധിക്കൽ, തൊഴിൽ നിയമലംഘനങ്ങൾ, നിർബന്ധിത ഭിക്ഷാടനം, അനുചിതമായ സ്ഥലങ്ങളിൽ സ്ത്രീകളുടെയും കുട്ടികളുടെയും സാന്നിധ്യം, ശാരീരിക പീഡനം, മോശം ജീവിത സാഹചര്യങ്ങൾ, ആശയവിനിമയത്തിന്റെ അഭാവം, വിദേശികളുടെ താമസ നിയമത്തിന്റെ ലംഘനം, കള്ളപ്പണം വെളുപ്പിക്കൽ, അനധികൃത കുടിയേറ്റം, കുടിയേറ്റക്കാരുടെ കള്ളക്കടത്ത് എന്നിവ ഉൾപ്പെടെയുള്ള മനുഷ്യക്കടത്തിന്റെ പൊതു സൂചകങ്ങൾ ആദ്യത്തെ പ്രബന്ധത്തിൽ റോയൽ ഒമാൻ പൊലീസ് വിശദീകരിച്ചു.
മനുഷ്യക്കടത്തിനെ ചെറുക്കുന്നതിനുള്ള ദേശീയ സമിതി അവതരിപ്പിച്ച രണ്ടാമത്തെ പ്രബന്ധം, ഒരു ദേശീയ കർമ പദ്ധതി തയാറാക്കൽ ഉൾപ്പെടെയുള്ള സമിതിയുടെ ചുമതലകൾ വിശദീകരിച്ചു. വ്യക്തമായ നിയന്ത്രണങ്ങളും നടപടിക്രമങ്ങളും അവതരിപ്പിക്കുന്നതിന്റെയും, ഇരകൾക്കായി പുനരധിവാസ പരിപാടികൾ വികസിപ്പിക്കുന്നതിന്റെയും, അതിർത്തി, ഗതാഗത അധികാരികളുമായുള്ള ഏകോപനം മെച്ചപ്പെടുത്തുന്നതിന്റെയും പ്രാധാന്യം എടുത്തുകാണിച്ചു. മനുഷ്യക്കടത്തിന്റെ പ്രാദേശികവും അന്തർദേശീയവുമായ പ്രത്യാഘാതങ്ങളെക്കുറിച്ചും കമ്മിറ്റി ചർച്ച ചെയ്തു.
നിർബന്ധിത തൊഴിൽ കേസുകൾ തിരിച്ചറിയുന്നതിൽ തങ്ങളുടെ പങ്ക് വിശദീകരിക്കുന്ന മൂന്നാമത്തെ പ്രബന്ധം തൊഴിൽ മന്ത്രാലയം അവതരിപ്പിച്ചു. ഭീഷണിയുടെ പേരിലും സ്വമേധയാ ഉള്ള സമ്മതമില്ലാതെയും ചെയ്യുന്ന ജോലികളാണ് അത്തരം കേസുകളെന്ന് അതിൽ വിവരിച്ചു.
നൽകാത്ത വേതനം, പാസ്പോർട്ടുകൾ കണ്ടുകെട്ടൽ, ശമ്പളമില്ലാത്ത അമിത ജോലി സമയം, നാടുകടത്തൽ ഭീഷണി, ദുരുപയോഗം, നിയന്ത്രിത സഞ്ചാരം, പ്രായപൂർത്തിയാകാത്തവരുടെ നിയമവിരുദ്ധ ജോലി എന്നിവ മുന്നറിയിപ്പ് അടയാളങ്ങളിൽ ഉൾപ്പെടുന്നു. മനുഷ്യക്കടത്ത് കൈകാര്യം ചെയ്യുന്നതിനുള്ള ഒമാന്റെ നിയമ ചട്ടക്കൂടിനെ അവലോകനം ചെയ്യുന്നതായിരുന്നു അന്തിമ പ്രബന്ധം.
മനുഷ്യക്കടത്ത് വിരുദ്ധ നിയമങ്ങൾ നടപ്പിലാക്കുന്നത് ശക്തിപ്പെടുത്തുന്നതിനും ഇരകൾക്ക് കൂടുതൽ ഫലപ്രദമായ പിന്തുണ ഉറപ്പാക്കുന്നതിനുമുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണ് ഈ ശിൽപശാലയെന്ന് അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.