മസ്കത്ത്: ബ്രിട്ടനിലെ (യു.കെ) ബിസിനസ് ആൻഡ് ട്രേഡ് വകുപ്പ് സഹമന്ത്രി നൈജൽ ഹഡിൽസ്റ്റൺ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി ഖായിസ് മുഹമ്മദ് അൽ യൂസഫുമായി ഇൻവെസ്റ്റ് ഒമാൻ ലോഞ്ചിൽ കൂടിക്കാഴ്ച നടത്തി.
ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളും യു.കെയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിന് പുറമെ ഇരു രാജ്യങ്ങളും തമ്മിലുള്ള പരസ്പര സഹകരണത്തിന്റെ മേഖലകളും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു.
ഒമാന്റെ വികസനത്തിൽ ചരിത്രപരമായ പങ്കുവഹിച്ചിട്ടുള്ള യുനൈറ്റഡ് കിങ്ഡം ഒമാനിന് ഒരു അനിവാര്യ പങ്കാളിയാണെന്നും അത് ഇനിയും തുടരുമെന്നും വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയത്തിലെ ഇന്റർനാഷനൽ കോഓപറേഷൻ ആൻഡ് ട്രേഡ് റിലേഷൻസ് ഡയറക്ടർ ഫൈസൽ അൽ നബ്ഹാനി പറഞ്ഞു.
ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ കൂടിക്കാഴ്ചയിലൂടെ സാധിച്ചു. കൂടാതെ, ഹരിത ഊർജം, വ്യാപാരം, നിക്ഷേപ പ്രോത്സാഹനം, പരസ്പര നിക്ഷേപം തുടങ്ങിയ മേഖലകളിലെ സഹകരണം തുടങ്ങിയ വിവിധ വിഷയങ്ങൾ യോഗം ചർച്ച ചെയ്തതായി അദ്ദേഹം പറഞ്ഞു. ഒമാനിലെ നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ (എഫ്.ഡി.ഐ) ഏറ്റവും വലിയ സ്രോതസ്സാണ് യുനൈറ്റഡ് കിങ്ഡം.
രാജ്യത്തിന് ലഭിക്കുന്ന മൊത്തം എഫ്.ഡി.ഐയുടെ ഏകദേശം 51.1 ശതമാനം വരും. 2022ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഈ വർഷത്തിലെ ഒന്നാം പാദത്തിൽ മാത്രം, ഈ കണക്ക് 44 ശതമാനത്തിലധികം വർധിച്ചു. ധനമന്ത്രാലയം സെക്രട്ടറി ജനറലും ഒമാനി-ബ്രിട്ടീഷ് സ്ട്രാറ്റജിക് അഡ്വൈസറി ഗ്രൂപ്പിലെ ഒമാനി വിഭാഗം തലവനുമായ നാസർ ഖമീസ് അൽ ജാഷ്മി, ഊർജ, ധാതു മന്ത്രാലയം അണ്ടർസെക്രട്ടറി മുഹ്സിൻ ഹമദ് അൽ ഹദ്റാമി എന്നിവർ ഹഡിൽസ്റ്റണിനെ ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.