മസ്കത്ത്: ലോകരാജ്യങ്ങൾക്കിടയിൽ ശമ്പള റാങ്കിങ്ങിൽ 27ാം സ്ഥാനം നേടി ഒമാന്‍ ശ്രദ്ധേയമായ നേട്ടം. നൂംബിയോ എന്ന പ്രശസ്ത ഡേറ്റബേസ് പുറത്തുവിട്ട കണക്കുകളിലാണ് മികച്ച മുന്നേറ്റം അടയാളപ്പെടുത്തിയിരിക്കുന്നത്. രാജ്യത്തിന്റെ ശക്തമായ സാമ്പത്തിക മുന്നേറ്റത്തെയും തൊഴിലാളികൾക്ക് മികച്ച കൂലി ലഭ്യമാക്കുന്നതിലെ രീതിയും വിളിച്ചോതുന്നതാണ് പുറത്തുവന്ന റിപ്പോർട്ട്. ലോകത്തെ വിവിധ രാജ്യങ്ങളിലെ ജീവിത നിലവാരവുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിടുന്ന നൂംബിയോയുടെ വാർഷിക ശമ്പള റാങ്കിങ് റിപ്പോർട്ട് കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്.
വിവിധ രാജ്യങ്ങളിലെ ശരാശരി മാസശമ്പളം വിലയിരുത്തിയാണ് പട്ടിക തയാറാക്കിയിരിക്കുന്നത്. ജീവിത നിലവാരം വർധിപ്പിക്കുന്ന പ്രധാന ഘടകമെന്ന നിലയിലാണ് ശമ്പളം വർഷാവർഷങ്ങളിൽ വിലയിരുത്തുന്നത്. നികുതി കഴിഞ്ഞുള്ള മാസാന്ത ശരാശരി ശമ്പളം ഒമാനിൽ 2205.82 ഡോളറാണ്. റാങ്കിങ് പട്ടികയിൽ അറബ് ലോകത്ത് അഞ്ചാം സ്ഥാനമാണ് ഒമാന്‍ ലഭിച്ചിരിക്കുന്നത്. സ്വിറ്റ്സർലൻഡാണ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്. ഇവിടെ ശരാശരി മാസശമ്പളം 6340.21 ഡോളറാണ്. ഗൾഫ് മേഖലയിൽനിന്ന് ഖത്തർ 4135.60 ഡോളറുമായി പട്ടികയിൽ നാലാം സ്ഥാനത്തെത്തിയിട്ടുണ്ട്. യു.എ.ഇ അഞ്ചാം സ്ഥാനത്തും കുവൈത്ത് 21ാം സ്ഥാനത്തുമാണ് എത്തിയത്. എന്നാൽ, സൗദി 29ാം സ്ഥാനത്താണ് ഇത്തവണ പട്ടികയിൽ ഇടംപിടിച്ചത്.
പ്രവാസികൾക്കും പൗരൻമാർക്കും മികച്ച തൊഴിൽ സാഹചര്യം സൃഷ്ടിച്ചെടുക്കാനുള്ള സർക്കാറിന്റെ പദ്ധതികളുടെ വിജയമാണ് ആഗോള തലത്തിലെ നേട്ടത്തിന് സഹായിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്. എണ്ണ, ഗ്യാസ്, ടൂറിസം, ലോജിസ്റ്റിക്സ്, നിർമാണം തുടങ്ങിയ മേഖലകളിലെ മുന്നേറ്റമാണ് രാജ്യത്തിന് സാമ്പത്തിക ഉണർവു നൽകിയിട്ടുള്ളത്. രാജ്യത്ത് എത്തിച്ചേരുന്ന പ്രഫഷനലുകൾക്ക് മികച്ച ശമ്പളം ഉറപ്പുവരുത്താൻ സാധിക്കുന്നത് കൂടുതൽ വിദേശ തൊഴിലാളികളെ ആകർഷിക്കാനും വിവിധ മേഖലകളുടെ വികാസത്തിനും സഹായിക്കുന്നതാണ്.
സുൽത്താൻ ഹൈതം ബിൻ താരിഖ് പ്രഖ്യാപിച്ച പുതിയ തൊഴിൽ നിയമം വിദേശ-സ്വദേശി തൊഴിലാളികള്‍ക്ക് ആത്മവിശ്വാസം പകരുന്നതാണെന്നതും ഒമാനെ ആകർഷകമായ കേന്ദ്രമാക്കി മാറ്റുന്ന ഘടകമാണ്. വിദേശ തൊഴിലാളികളുടെ മിനിമം വേതനം പുതിയ നിയമത്തിലും പരാമര്‍ശിച്ചിട്ടില്ലെങ്കിലും പ്രസ്തുത വിഷയത്തില്‍ സന്ദര്‍ഭോചിതമായ നിയമനിര്‍മാണത്തിന് തൊഴില്‍ മന്ത്രിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. തൊഴില്‍ കരാര്‍ അവസാനിക്കുമ്പോള്‍ ലഭിക്കുന്ന ഗ്രാറ്റ്വിറ്റിയിലും പുതിയ നിയമം വര്‍ധന നല്കുന്നു. സർവിസ് കാലഘട്ടത്തിലെ ഓരോ വര്‍ഷത്തിനും ഒരുമാസത്തെ അടിസ്ഥാന വേതനം നല്‍കണമെന്നു നിയമം നിര്‍ദേശിക്കുന്നു. ആദ്യ മൂന്നു വര്‍ഷങ്ങളില്‍ പകുതി മാസ വേതനമാണ് ഇതുവരെ നിലവിലുണ്ടായിരുന്നത്. തൊഴിലാളികളുടെ വേതനം ബാങ്ക് വഴി നല്കാന് നിയമത്തില്‍ കണിശമായ നിര്‍ദേശമുണ്ട്. തൊഴിലാളികള്‍ക്ക് സമയത്തിന് തന്നെ ശമ്പളം നല്‍കുന്നുണ്ടെന്ന് ഉറപ്പു വരുത്താന്‍ ഇത് സഹായകമാകും.
രണ്ടു മാസം തുടര്‍ച്ചയായി ശമ്പളം കിട്ടാത്ത ഒരാള്‍ക്ക് നിയമപരമായി ജോലി മതിയാക്കാന്‍ നിയമം അനുവാദം നല്കുന്നു. ഇത്തരത്തിലെ നിയമ പരിഷ്കരണങ്ങളും ജീവിതനിലവാര സൂചികയിൽ ഒമാന്റെ സ്ഥാനം ശക്തിപ്പെടുത്തുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.