‘സലൂത്ത്’ പുരാവസ്തു കേന്ദ്രത്തെ യുനെസ്കോ പൈതൃക പട്ടികയിൽ ഉൾപ്പെടുത്താൻ ഒമാൻ
ബഹ്‌ല: ഒമാന്റെ സാംസ്കാരിക പൈതൃകം സംരക്ഷിക്കാനും അതിന് അന്താരാഷ്ട്ര തലത്തിൽ കൂടുതൽ അംഗീകാരം നേടിക്കൊടുക്കാനുമുള്ള തന്ത്രപ്രധാനമായ നീക്കവുമായി പൈതൃക-വിനോദസഞ്ചാര മന്ത്രാലയം. സുൽത്താനേറ്റിലെ പ്രശസ്തമായ ‘സലൂത്ത്’ സൈറ്റിനെ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തുന്നതിനുള്ള നാമനിർദ്ദേശ പത്രികയും മാനേജ്മെന്റ് പ്ലാനും തയാറാക്കുന്നതിനായി മന്ത്രാലയം അന്താരാഷ്ട്ര കൺസൾട്ടൻസി ടെൻഡർ ക്ഷണിച്ചു.
അംഗീകൃത അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസൃതമായി നാമനിർദേശ നടപടികൾ പൂർത്തിയാക്കുന്നതിനും ഒമാന്റെ സാംസ്കാരിക കേന്ദ്രങ്ങളെ ആഗോള പൈതൃക ഭൂപടത്തിൽ അടയാളപ്പെടുത്തുന്നതിനുമുള്ള ദേശീയ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടിയെന്ന് പൈതൃക-വിനോദസഞ്ചാര മന്ത്രാലയത്തിലെ വേൾഡ് ഹെറിറ്റേജ് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ഇബ്തിസാം ബിൻത് അബ്ദുല്ല അൽ മഅ്മരിയ ഒമാൻ ന്യൂസ് ഏജൻസിയോട് പറഞ്ഞു.
സൈറ്റിന്റെ സുസ്ഥിരത ഉറപ്പാക്കാനും അതിന്റെ സാംസ്കാരിക-വിനോദസഞ്ചാര സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താനും ഇതിലൂടെ ലക്ഷ്യമിടുന്നു. ബഹ്‌ല വിലായത്തിലെ ബിസ്യ, സലൂത്ത് പുരാവസ്തു കേന്ദ്രങ്ങൾ ഒമാനിലെ ഏറ്റവും സവിശേഷമായ ചരിത്ര സൈറ്റുകളിൽ ഒന്നാണ്. വെങ്കലയുഗം മുതൽ ഇരുമ്പുയുഗവും ഇസ്‍ലാമിക കാലഘട്ടവും വരെയുള്ള പതിനായിരക്കണക്കിന് വർഷങ്ങളിലെ തുടർച്ചയായ മനുഷ്യവാസത്തിന്റെയും സംസ്കാരത്തിന്റെയും തെളിവുകൾ ഇവിടെയുണ്ട്. കൂടാതെ, ഇവിടേക്ക് എത്തുന്ന സന്ദർശകർക്കുള്ള സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനും സാംസ്കാരിക അനുഭവം മെച്ചപ്പെടുത്തുന്നതിനുമായി ബിസ്യ-സലൂത്ത് വിസിറ്റർ സെന്ററിന്റെയും പുരാവസ്തു സൈറ്റിന്റെയും മാനേജ്മെന്റ് ചുമതലകൾ ഏറ്റെടുത്ത് നടത്തുന്നതിനായി മന്ത്രാലയം നേരത്തെ മറ്റൊരു ടെൻഡറും ക്ഷണിച്ചിരുന്നു. ഇത്തരം ചരിത്ര സ്മാരകങ്ങളുടെ നടത്തിപ്പിൽ സ്വകാര്യ മേഖലയുടെ പങ്കാളിത്തം ഉറപ്പാക്കുകയാണ് ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.