കാറ്റിന്റെ ശക്തിയിൽ ചലിക്കുന്ന ലോകത്തെ ആദ്യത്തെ കൂറ്റൻ കപ്പൽ; ‘സുഹാർ മാക്സ്’ ഒമാൻ തീരത്തെത്തി
സുഹാർ: കാറ്റിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന അത്യാധുനിക സാങ്കേതികവിദ്യയോടെ രൂപകൽപന ചെയ്ത ലോകത്തെ ആദ്യത്തെ ‘വാലിമാക്സ്’വിഭാഗത്തിൽപ്പെട്ട ഭീമൻ ചരക്കുകപ്പൽ ‘സുഹാർ മാക്സ്’ സുഹാർ തുറമുഖത്തെത്തി. ഒമാൻ ലോജിസ്റ്റിക്സ് ഗ്രൂപ്പായ അസ്യാദ് ഷിപ്പിംഗും പ്രമുഖ ഖനന കമ്പനിയായ വാലിയും ചേർന്ന് കപ്പലിനെ വരവേറ്റു. ഒമാനിലെ വാലിയുടെ പ്രവർത്തനങ്ങൾക്കായി ഇരുമ്പയിര് എത്തിക്കാനാണ് ഈ കപ്പൽ ആദ്യ സർവീസ് നടത്തിയത്. സമുദ്ര മലിനീകരണവും കാർബൺ പുറന്തള്ളലും കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ അസ്യാദും വാലിയും തമ്മിലുള്ള ദീർഘകാല പങ്കാളിത്തത്തിന്റെ ഭാഗമായാണ് ഈ ചരിത്രനേട്ടം.
4 ലക്ഷം ടൺ ഇരുമ്പയിര് ഒരേസമയം വഹിക്കാൻ ശേഷിയുള്ള ഈ ഭീമൻ കപ്പൽ, ബ്രസീൽ, ചൈന, മിഡിൽ ഈസ്റ്റ് തുടങ്ങിയ പ്രധാന ആഗോള വാണിജ്യ പാതകളിലാണ് പ്രധാനമായും സർവീസ് നടത്തുക. ‘അനിമോയ് മറൈൻ ടെക്നോളജീസ്’ വികസിപ്പിച്ച 35 മീറ്റർ ഉയരവും അഞ്ചു മീറ്റർ വ്യാസവുമുള്ള അഞ്ചു കൂറ്റൻ റോട്ടർ സെയിലുകളാണ് കപ്പലിൽ സ്ഥാപിച്ചിരിക്കുന്നത്. കാറ്റിന്റെ വേഗതയെ ഊർജമാക്കി മാറ്റി കപ്പലിന് മുന്നോട്ട് കുതിക്കാൻ സഹായിക്കുന്ന ‘മാഗ്നസ് ഇഫക്ട്’ അടിസ്ഥാനമാക്കിയാണ് ഇത് പ്രവർത്തിക്കുന്നത്. ഇത് പ്രധാന എഞ്ചിന്റെ ഇന്ധന ഉപഭോഗം ഗണ്യമായി കുറക്കുന്നു.
തുറമുഖങ്ങളിൽ പ്രവേശിക്കുമ്പോഴും പാലങ്ങൾക്കടിയിലൂടെ കടന്നുപോകുമ്പോഴും ഈ കൂറ്റൻ അച്ചുതണ്ടുകൾ തിരശ്ചീനമായി മടക്കി വെക്കാനുള്ള സാങ്കേതികവിദ്യയും ഇതിലുണ്ട്. 2050-ഓടെ ഒമാൻ ലക്ഷ്യമിടുന്ന ‘നെറ്റ് സീറോ’ കാർബൺ ബഹിർഗമന പ്രഖ്യാപനത്തിലേക്കുള്ള വലിയൊരു ചുവടുവെപ്പാണ് ഈ പദ്ധതിയെന്ന് അസ്യാദ് ഷിപ്പിംഗ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡോ. ഇബ്രാഹിം ബിൻ ബഖിത് അൽ നസീരി വ്യക്തമാക്കി.
തുറമുഖങ്ങളിൽ നിന്നുള്ള കാർബൺ ബഹിർഗമനം കുറക്കുന്നതിനൊപ്പം പ്രവർത്തനക്ഷമത വർധിപ്പിക്കുന്ന സാങ്കേതികവിദ്യകളിൽ നിക്ഷേപം തുടരാനുള്ള കമ്പനിയുടെ പ്രതിജ്ഞാബദ്ധതയാണ് ഈ പദ്ധതിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കപ്പലുകളുടെ പ്രവർത്തനക്ഷമത വിലയിരുത്തുന്ന പ്രമുഖ ഏജൻസിയായ 'ഇനർവ മറൈൻ' നടത്തിയ സ്വതന്ത്ര പഠനമനുസരിച്ച്, ഈ സംവിധാനം ഘടിപ്പിച്ചതോടെ കപ്പലിന്റെ പ്രധാന എഞ്ചിന്റെ ഇന്ധന ഉപഭോഗത്തിൽ 14 മുതൽ 31 ശതമാനം വരെ കുറവുണ്ടായിട്ടുണ്ട്. ഇതുവഴി ഇന്ധനച്ചെലവിൽ പ്രതിവർഷം 10 ലക്ഷത്തിലധികം യു.എസ് ഡോളറിന്റെ (ഏകദേശം 8.3 കോടി രൂപ) ലാഭമാണ് കമ്പനി കൈവരിക്കുന്നത്.
വാലിയും അസ്യാദ് ഷിപ്പിംഗും തമ്മിലുള്ള തന്ത്രപ്രധാനമായ പങ്കാളിത്തത്തിന്റെ ഭാഗമായാണ് ഈ പദ്ധതി നടപ്പിലാക്കിയത്. വാലി വാടകയ്‌ക്കെടുത്ത നാലു കപ്പലുകളിൽ വിവിധ പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യകൾ പരീക്ഷിക്കുന്നതിനായി ഒപ്പുവെച്ച ആറു കരാറുകളുടെ അടിസ്ഥാനത്തിലാണ് ഈ പ്രവർത്തനം. കമ്പനിയുടെ ‘ഇക്കോ ഷിപ്പിംഗ്’ പരിപാടിയുടെ ഭാഗമായാണ് ഈ പരീക്ഷണങ്ങളെല്ലാം വിജയകരമായി പൂർത്തിയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.