ഒമാനിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്ന്
മസ്കത്ത്: സാഹസിക വിനോദസഞ്ചാരത്തിന്റെ ആഗോള കേന്ദ്രമായി മാറാൻ ഒമാൻ ഒരുങ്ങുന്നു. രാജ്യത്തിന്റെ പ്രകൃതിദത്തവും സാംസ്കാരികവുമായ സവിശേഷതകളാണ് സുൽത്താനേറ്റിലേക്ക് സാഹസിക സഞ്ചാരികളെ ആകർഷിക്കുന്ന പ്രധാന ഘടകം.
ഒമാനിലെ പർവതനിരകൾ, വൈവിധ്യമാർന്ന ഭൂപ്രകൃതി, സമ്പന്നമായ പൈതൃകം എന്നിവ സാഹസിക വിനോദസഞ്ചാരത്തിൽ കുതിച്ചുചാട്ടത്തിന് ആക്കം കൂട്ടുന്നതാണെന്ന് പൈതൃക, ടൂറിസം മന്ത്രാലയം പറയുന്നു. ഹൈക്കിങ്, സിപ്പ് ലൈനിങ് മുതൽ കേവിങ്വരെ സന്ദർശകർക്ക് സമ്മാനിക്കുന്നത് വേറിട്ടകാഴ്ചയാണ്. രാജ്യത്തിന്റെ സവിശേഷമായ ഭൂമിശാസ്ത്രവും സാഹസിക യത്രികർക്ക് ഹരം പകരുന്നതാണ്. കിഴക്കൻ, പടിഞ്ഞാറൻ അൽ ഹജർ പർവതനിരകൾ, ദോഫാർ, മുസന്ദം തുടങ്ങിയ പ്രദേശങ്ങളുടെ മനോഹാരിതയും ഏവരുടെയും മനംകവരും.
ആഗോള സാഹസിക കേന്ദ്രമെന്ന നിലയിൽ ഒമാന്റെ ആകർഷണം വർധിപ്പിക്കുന്നതിൽ ടൂറിസം ഓഫറുകൾ വൈവിധ്യവത്കരിക്കുക എന്നതാണ് പ്രധാന ലക്ഷ്യമെന്ന് മന്ത്രാലയത്തിലെ പ്രൊഡക്റ്റ് ഡെവലെപ്മെന്റ് മേധാവി യൂസഫ് ബിൻ റാഷിദ് അൽ ഹറാസി പറഞ്ഞു.
സാഹസിക വിനോദസഞ്ചാരത്തിൽ താൽപര്യമുള്ള നിരവധി ആളുകളെയും എല്ലാത്തരം സാഹസികരെയും ആകർഷിക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് സുൽത്താനേറ്റ് എന്ന് അദ്ദേഹം ഒമാൻ വാർത്ത ഏജൻസിയോട് പറഞ്ഞു. അതിന്റെ സവിശേഷമായ പ്രകൃതിദത്തവും ഭൂമിശാസ്ത്രപരവുമായ വൈവിധ്യം കാരണം, സാഹസികരും സാഹസിക വിനോദസഞ്ചാരം പരിശീലിക്കാൻ ആഗ്രഹിക്കുന്ന വിനോദസഞ്ചാരികളും ഇവിടേക്ക് ആകർഷിക്കുന്നു.
വർധിച്ചുവരുന്ന ഈ ആവശ്യം നിറവേറ്റുന്നതിനായി, അടിസ്ഥാന സൗകര്യങ്ങളും സുരക്ഷയും നൽകുന്നതിന് മന്ത്രാലയം ശക്തമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. പ്രത്യേകിച്ച് മസ്കത്തിലും അൽ ഹജർ ശ്രേണിയിലും, വിനോദസഞ്ചാരികളെ സുരക്ഷാ പ്രോട്ടോക്കോളുകളെക്കുറിച്ചും ഈ ഭൂപ്രകൃതികളുടെ പ്രാധാന്യത്തെക്കുറിച്ചും ബോധവത്കരിക്കാൻ സഹായിക്കുന്നതിനായി 73 ദിശാസൂചന അടയാളങ്ങളും 30 വിവര സൂചന അടയാളങ്ങളും സ്ഥാപിച്ചിട്ടുണ്ട്.
ഒമാന്റെ സാഹസിക ടൂറിസം വികസനം മികച്ച അന്താരാഷ്ട്ര രീതികളിലൂടെയാണ് രൂപപ്പെടുന്നത്. എല്ലാ സാഹസിക പ്രവർത്തനങ്ങൾക്കും ശക്തമായ നിയമപരവും സുരക്ഷാപരവുമായ ചട്ടക്കൂട് നിർമ്മിക്കുന്നതിനായി ആഗോളതലത്തിൽ ഏറ്റവും ഫലപ്രദമായ ഒന്നായി കണക്കാക്കപ്പെടുന്ന ന്യൂസിലൻഡ് മാതൃക മന്ത്രാലയം പഠിച്ചു. യാത്ര സംഘാടകർക്കായി ഇപ്പോൾ ഒരു ലൈസൻസിങ് സംവിധാനം നിലവിലുണ്ട്.
സാഹസിക കമ്പനികൾക്കായി ഒരു റിസ്ക്, സുരക്ഷാ ഓഡിറ്റ് സംവിധാനം വികസിപ്പിച്ചുകൊണ്ടിരിക്കുന്നു. സുരക്ഷാ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി, പ്രതിരോധ മന്ത്രാലയവുമായും ഒമാനി ഗൈഡുകളെ പരിശീലിപ്പിക്കുന്നതിനായി റോയൽ ആർമി ഓഫ് ഒമാന്റെ സാഹസിക പരിശീലന കേന്ദ്രവുമായും മന്ത്രാലയം സഹകരിക്കുന്നു.
സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയുമായി സഹകരിച്ച് പ്രത്യേക പ്രഥമശുശ്രൂഷ, പർവത രക്ഷാ പരിപാടികളും നടത്തുന്നുണ്ട്. ഒമാനി ടൂറിസം പ്രഫഷണലുകൾക്കായി എട്ട് കോഴ്സുകൾ ഇതിനകം പൂർത്തിയാക്കി. കഴിഞ്ഞമേയ് മാസത്തിൽ ഒമാൻ സൗദി ടൂറിസം അതോറിറ്റിയിൽ നിന്നുള്ള ഒരു പ്രതിനിധി സംഘം സുൽത്തനേറ്റിൽ എത്തുകയുണ്ടായി.
നിയന്ത്രണ മാതൃക പ്രദർശിപ്പിക്കുന്നതിനും ഒമാനി, സൗദി കമ്പനികൾ തമ്മിലുള്ള അനുഭവ കൈമാറ്റം സുഗമമാക്കുന്നതിനും ഇത് സഹായിച്ചു. ജബൽ അഖ്ദർ, അൽ സുജാറ വില്ലേജ് തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള ഫീൽഡ് ടൂറുകൾ സന്ദർശനത്തിൽ ഉൾപ്പെട്ടിരുന്നു. ഒമാന്റെ സാഹസിക ഓഫറുകളും സുരക്ഷാ സംവിധാനങ്ങളും നേരിട്ട് കാണാൻ ഇത് സഹായിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.