ഒമാൻ ഫുട്ബാൾ ടീം
മസ്കത്ത്: ഫിഫ ലോക റാങ്കിങ്ങിൽ രണ്ട് സ്ഥാനങ്ങള്‍ താഴോട്ടിറങ്ങി ഒമാൻ. ജൂലൈയിലെ ഫിഫ റാങ്കിങ്ങിൽ 81ാം സ്ഥാനത്താണ് റെഡ്വാരിയേഴ്സ്. 9.5 പോയന്റ് കുറഞ്ഞ് 1314.41പോയന്റാണ് ഒമാനുള്ളത്. ലോകകപ്പ് യോഗ്യത ഘട്ടത്തിലടക്കം അവസാന നാല് മത്സരങ്ങളില്‍ രണ്ട് ജയവും ഒരു തോല്‍വിയും ഒരു സമനിലയുമായിരുന്നു. ഇതാണ് തിരിച്ചടിയായത്.
സെന്‍ട്രല്‍ ഏഷ്യന്‍ ഫുട്ബാള്‍ അസോസിയേഷന് (കാഫ) സംഘടിപ്പിക്കുന്ന നാഷന്‍സ് കപ്പ് ടൂര്‍ണമെന്റാണ് ഇനി ഒമാനിന് മുന്നിലുള്ള പ്രധാന മത്സരം. തജീകിസ്താന്, ഉസ്ബകിസ്താന്‍ എന്നിവിടങ്ങളിലായാണ് ടൂര്‍ണമെന്റ്.
എട്ട് രാജ്യങ്ങള്‍ ഭാഗമാകുന്ന ടൂര്‍ണമെന്റില്‍ ടീമുകള്‍ രണ്ട് ഗ്രൂപ്പുകളിലായി അണിനിരക്കും. ആഗസ്ത് 29 മുതല്‍ സെപ്റ്റംബര്‍ എട്ട് വരെയാണ് നാഷന്‍സ് കപ്പ്.
ഗ്രൂപ്പ് എയില്‍ ശക്തര്‍ക്കൊപ്പമാണ് ഒമാന്‍. ഉസ്ബകിസ്താന്‍, കിര്ഗിസ്താന്, തുര്ക്ക്മെനിസ്താന് എന്നിവരാണ് മറ്റ് അംഗങ്ങള്‍. തജീകിസ്ഥാന്‍, ഇറാന്, അഫ്ഗാനിസ്താന്, മലേഷ്യ എന്നീ രാജ്യങ്ങള്‍ ഗ്രൂപ് ബിയിലും അണിനിരക്കും. ആഗസ്ത് 30ന് ഉസ്ബകിസ്ഥാനെതിരെയാണ് ഒമാന്റെ ആദ്യ മത്സരം. തുടര്‍ന്ന് സെപ്റ്റംബര്‍ രണ്ടിന് കിര്‍ഗിസ്ഥാനെയും അഞ്ചിന് തുര്‍ക്ക്മെനിസ്താനെയും നേരിടും.
സെപ്റ്റംബര്‍ എട്ടിനാണ് ഫൈനല്‍ പോരാട്ടങ്ങള്‍. ഗ്രൂപ് എയിലെയും ബിയിലെയും ഒന്നാം സ്ഥാനക്കാര്‍ തമ്മില്‍ ഫൈനലില്‍ ഏറ്റുമുട്ടും. ഇരുഗ്രൂപ്പുകളിലെയും രണ്ടാംസ്ഥാനക്കാര്‍ മൂന്നാംസ്ഥാനത്തിനായി കളത്തിലിറങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.