ട്വന്റി 20 ലോകകപ്പ് യോഗ്യത; നേട്ടങ്ങളുടെ നെറുകയിൽ വീണ്ടും ഒമാൻ

മസ്കത്ത്: സുൽത്താനേറ്റിന്റെ കായിക ഭൂപടത്തിൽ പുതിയ ഏടുക്കൾ കൂട്ടിച്ചേർത്ത് വീണ്ടും ഒമാൻ ക്രിക്കറ്റ് ടീം. മസ്‌കത്തിൽ നടന്ന ഏഷ്യ ഈസ്റ്റ് ഏഷ്യ -പസഫിക് യോഗ്യത റൗണ്ടിലൂടെ അടുത്ത വർഷം നടക്കുന്ന ട്വന്റി 20 ലോക കപ്പിന് യോഗ്യത നേടി. ഇത് നാലാം തവണയാണ് സുൽത്താനേറ്റ് കുട്ടി ക്രിക്കറ്റിന്റെ ആഗോള വേദിയിലേക്ക് എത്തുന്നത്.

സൂപ്പർ സിക്സ‌് പോരാട്ടങ്ങളിൽ നാലും ജയിച്ച് എട്ടു പോയന്റാണ് ഒമാനുള്ളത്. നേപ്പാളും യു.എ.ഇയും ലോകകപ്പിന് യോഗ്യത നേടിയിട്ടുണ്ട്. സൂപ്പർ സിക്സിൽ നേപ്പാളിനോട് മാത്രമാണ് ഒമാൻ തോൽവി വഴങ്ങിയത്.

ആമിറാത് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്‌ത നേപ്പാൾ 151 എടുത്തപ്പോൾ 113 റൺസ് നേടാനേ ഒമാന് കഴിഞ്ഞുള്ളു.അടുത്ത വർഷം ഇന്ത്യയിലും ശ്രീലങ്കയിലുമായാണ് ലോകകപ്പ് നടക്കുന്നത്. ഫെബ്രുവരി മുതൽ മാർച്ച് വരെയാണ് ലോകകപ്പ് മത്സരങ്ങൾ നടത്താൻ നിശ്ചയിച്ചിരിക്കുന്നത്.

അവസാന മത്സരവും ജയിച്ച് ഒമാൻ

മസ്കത്ത്: ട്വന്റി 20 ലോകകപ്പ് യോഗ്യത റൗണ്ട് സൂപ്പർ സിക്സിലെ അവസാന മത്സരത്തിലും വിജയം സ്വന്തമാക്കി ഒമാൻ. വെള്ളിയാഴ്ച ആമിറാത് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന കളിയിൽ ജപ്പാനെ ഒമ്പത് വിക്കറ്റിനാണ് പരാജയപ്പെടുത്തിയത്. ടോസ് നേടിയ ഒമാന്‍ ജപ്പാനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. 18.2 ഓവറില്‍ 103 റണ്‍സ് എടുക്കുന്നതിനിടെ മുഴുവന്‍ വിക്കറ്റുകളും ഒമാൻ എറിഞ്ഞിട്ടു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഒമാൻ മൂന്ന് ഓവർ ശേഷിക്കെ ലക്ഷ്യം കാണുകയായിരുന്നു.

55 പന്തില്‍ 50 റണ്‍സെടുത്ത ഹമ്മാദ് മിര്‍സ, 28 പന്തില്‍ 28 റണ്‍സെടുത്ത ആമിര്‍ കലീം, 19 പന്തില്‍ 25 റണ്‍സെടുത്ത വാസിം അലി എന്നിവരുടെ പ്രകടനമാണ് ഒമാന് വിജയം എളുപ്പമാക്കിയത്. നാല് ഓവറില്‍ 26 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത സുഫിയാന്‍ മഹ്മൂദും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തിയ ജിതിന്‍കുമാര്‍ രാമനന്ദിയും നദീം ഖാനുമാണ് ജപ്പാനെ കുറഞ്ഞ സ്കോറിൽ പുറത്താക്കാൻ സഹായിച്ചത്.

Tags:    
News Summary - Oman qualifies for the Twenty20 World Cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.