അബൂദബി: വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാൻ ‘നമ്മളെല്ലാം പൊലീസ്’ പദ്ധതിയിൽ അംഗത്വം സ്വീകരിച്ചു. അബൂദബി പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ മുഹമ്മദ് ഖൽഫാൻ ആൽ റുമൈതിയാണ് മന്ത്രിക്ക് അംഗത്വ നമ്പർ ഏഴ് സമർപ്പിച്ചത്. സാമൂഹിക പങ്കാളിത്ത മാതൃകയിൽ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഇടയിൽ പ്രവർത്തിക്കുന്ന ആധുനിക പൊലീസിങ് സങ്കൽപം അബൂദബി പൊലീസും സമൂഹത്തിലെ വിവിധ വിഭാഗങ്ങളും തമ്മിലുള്ള ആശയവിനിമയത്തെ ശക്തിപ്പെടുത്തുമെന്ന് അംഗത്വം സ്വീകരിച്ചുകൊണ്ട് ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാൻ പറഞ്ഞു. ‘നമ്മളെല്ലാം പൊലീസ്’ പദ്ധതി സുരക്ഷയും സുസ്ഥിരതയും വർധിപ്പിക്കും. പൊലീസും സമൂഹവും തമ്മിലുള്ള സമന്വയം നിയമത്തിെൻറ തത്വങ്ങളെ ശക്തിപ്പെടുത്തുകയും രാജ്യസുരക്ഷയുടെയും സുസ്ഥിരതയുടെയും നേട്ടങ്ങളെ കാത്തുസൂക്ഷിക്കുകയും ചെയ്യുമെന്നും ഉൗന്നിപ്പറഞ്ഞു.
രാഷ്ട്രപുരോഗതിക്ക് വേണ്ടി കാര്യക്ഷമമായി പ്രവർത്തിക്കുന്ന അബൂദബി പൊലീസിനെ മന്ത്രി അഭിനന്ദിക്കുകയും ചെയ്തു.2016 സെപ്റ്റംബറിലാണ് പ്രവാസികളെയും സ്വദേശികളെയും കമ്യൂണിറ്റി പൊലീസ് ഓഫിസർമാരായി നിയമിക്കുന്ന ‘നമ്മളെല്ലാം പൊലീസ്’ പദ്ധതി തുടങ്ങിയത്. അബൂദബി നാഷനൽ എക്സിബിഷൻ സെൻററിൽ അബൂദബി പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ മുഹമ്മദ് ഖൽഫാൻ ആൽ റുമൈതിയാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് സൈഫ് ബിൻ സായിദ് ആൽ നഹ്യാനാണ് 2003ൽ അബൂദബിയിൽ കമ്യൂണിറ്റി പൊലീസിന് തുടക്കമിട്ടത്. 2005ൽ ഇതിെൻറ പ്രവർത്തനം പൂർണാർഥത്തിൽ ആരംഭിക്കുകയും ക്രമേണ അബൂദബിയുടെ വിവിധ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുകയും ചെയ്തു. സേനയുടെ പ്രവർത്തനം കൂടുതൽ വികസിപ്പിക്കുന്നതിെൻറ ഭാഗമായാണ് ഇപ്പോൾ ‘നമ്മളെല്ലാം പൊലീസ്’ പദ്ധതി നടപ്പാക്കിയത്. ജപ്പാനിലെ ടോക്യോവിൽ നടപ്പാക്കി വിജയിച്ച മാതൃകയാണ് കമ്യൂണിറ്റി പൊലീസ് പദ്ധതി. പദ്ധതി നടപ്പാക്കിയതോടെ ടോക്യോയിൽ കുറ്റകൃത്യനിരക്കിൽ വലിയ കുറവുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.