മസ്കത്ത്: ഈജിപ്തിൽ നടക്കുന്ന സുപ്രീം കൗൺസിൽ ഫോർ ഇസ്ലാമിക് അഫയേഴ്സിന്റെ 36ാമത് അന്താരാഷ്ട്ര സമ്മേളനത്തിൽ ഒമാൻ വഖ്ഫ്-മതകാര്യ മന്ത്രാലയത്തെ പ്രതിനിധീകരിച്ച് മന്ത്രി ഡോ. മുഹമ്മദ് സഈദ് അൽ മഅ്മരിയുടെ നേതൃത്വത്തിൽ ഒമാൻ പ്രതിനിധി സംഘം പങ്കെടുത്തു. സമ്മേളനത്തെ അഭിസംബോധന ചെയ്ത മന്ത്രി, ഇസ്ലാമിക വിഷയങ്ങളിൽ സംവാദങ്ങൾക്ക് വേദിയൊരുക്കുന്നതിനും സംയുക്ത ഇസ്ലാമിക പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ഈജിപ്ത് തുടർച്ചയായി പുലർത്തുന്ന പ്രവർത്തനങ്ങളെ പ്രശംസിച്ചു.
നിർമിതബുദ്ധി (എ.ഐ) വ്യാപകമായി ഉപയോഗിക്കപ്പെടുന്ന പശ്ചാത്തലത്തിൽ തൊഴിൽ നൈതികതയും തൊഴിൽ ഭാവിയും നേരിടുന്ന വെല്ലുവിളികൾ സമ്മേളന വിഷയം പ്രതിഫലിപ്പിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു. പുതിയ തൊഴിൽ സംവിധാനങ്ങളിൽ മനുഷ്യന്റെ സ്ഥാനം സംരക്ഷിക്കുന്നതും തൊഴിലുകളുടെ ആത്മാവും അർഥവും നിലനിർത്തുന്നതുമാണ് പ്രധാന വെല്ലുവിളിയെന്ന് മന്ത്രി പറഞ്ഞു. സാങ്കേതികവിദ്യ പുരോഗതിക്ക് സഹായകരമായ ഉപകരണമായി തുടരേണ്ടതുണ്ടെന്നും, സാമൂഹിക സന്തുലിതാവസ്ഥയെ ഭീഷണിപ്പെടുത്തുകയോ നീതി ദുർബലപ്പെടുത്തുകയോ തൊഴിലിന്റെ മൂല്യം ശൂന്യമാക്കുകയോ ചെയ്യരുതെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
ഇസ്ലാമിക കാഴ്ചപ്പാടിൽ തൊഴിൽ ഒരു ജോലി മാത്രമല്ല, മറിച്ച് ‘അമാനത്ത്’ അഥവാ വിശ്വാസവും ഉത്തരവാദിത്ത്വവുമാണെന്ന് മന്ത്രി പറഞ്ഞു. കാലത്തിനതീതമായ ഈ ദർശനം, വേഗത്തിൽ മാറുന്ന ഉപകരണങ്ങളുടെയും സാഹചര്യങ്ങളുടെയും കാലഘട്ടത്തിൽ പോലും പ്രചോദനമാകാൻ ശേഷിയുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നാഗരികതയെ അളക്കുന്നത് ഉപകരണങ്ങളുടെ ശക്തിയാൽ മാത്രമല്ല, പ്രവർത്തനത്തിലെ നൈതികതയാലാണെന്നും അദ്ദേഹം പറഞ്ഞു. എ.ഐ നയിക്കുന്ന സാങ്കേതിക മാറ്റങ്ങൾ തൊഴിൽ ഉപകരണങ്ങളെ പുനഃപരിശോധിക്കേണ്ട സാഹചര്യം സൃഷ്ടിക്കുന്നതോടൊപ്പം, ഭാവിയിലെ തൊഴിൽ ദിശ നയിക്കുക ആരാകുമെന്ന ആഴമുള്ള ചോദ്യവും ഉയർത്തുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഈ രംഗത്ത് ഒമാൻ സുൽത്താനത്ത് നേടിയ അനുഭവങ്ങളും മന്ത്രി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.