മസ്കത്ത്: ഒമാനിലെ ഏതാനും കലാകാരന്മാരും കലാകാരികളും ഒരുക്കിയ കോവിഡ് കാലത്തെ അതിജീവന കഥ പറയുന്ന ‘കൊറോണയും നാല് പെണ്ണുങ്ങളും’ എന്ന ചിത്രം എൽമർ അന്താരാഷ്ട്ര ഹ്രസ്വ സിനിമാ ഫെസ്റ്റിവലിൽ ഏറ്റവും നല്ല രണ്ടാമത്തെ ഹ്രസ്വ സിനിമക്കുള്ള ബഹുമതി നേടി. മസ്കത്ത് നിവാസിയായ രേഖ പ്രേം സംവിധാനം ചെയ്ത ‘കാളിങ് ബെൽ’ പ്രത്യേക പരാമർശം നേടി. വിവിധ രാജ്യങ്ങളിൽനിന്നുള്ള 52 മറ്റു സിനിമകളെ പുറകിലാക്കിയാണ് മാധ്യമ പ്രവർത്തകനായ കബീർ യൂസുഫ് എഴുതി പ്രകാശ് വി. നായർ സംവിധാനം ചെയ്ത കൊറോണയും നാല് പെണ്ണുങ്ങളും മുന്നിലെത്തിയത്. നിരവധി ഹ്രസ്വ സിനിമകൾ ചെയ്ത എൻ.വി. നിഷാദ് ആണ് എഡിറ്റിങ് നിർവഹിച്ചത്.
ലോക്ഡൗൺ കാലത്ത് ഫ്ലാറ്റുകൾക്കുള്ളിൽ തളച്ചിടപ്പെട്ട നാല് സ്ത്രീകൾ നടത്തുന്ന അതിജീവനത്തിെൻറ കഥയാണ് കൊറോണയും നാല് പെണ്ണുങ്ങളും. വ്യത്യസ്ത ദേശങ്ങളിൽനിന്നുള്ള സ്ത്രീകൾ, പാൽ കിട്ടാതെ കരയുന്ന ഒരു കുഞ്ഞിന് തടസ്സങ്ങൾ അതിജീവിച്ച് പാൽ എത്തിക്കുന്ന കഥയാണ് അഞ്ചു മിനിറ്റുകൊണ്ട് ഈ ചിത്രം പറഞ്ഞു തീർത്തത്. സിനിമ, നാടക രംഗങ്ങളിൽ തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിച്ച ഷീന ഹിരൻ ദത്ത്, ചാന്ദ്നി മനോജ്, ശ്രീവിദ്യ രവീന്ദ്രൻ, ഇന്ദു ബാബുരാജ് എന്നിവരാണ് അഭിനേതാക്കളായി എത്തിയത്.
എൽമാർ സിനിമയുടെ സംവിധായകൻ ഗോപി കുറ്റിക്കോൽ, പ്രശസ്ത സിനിമാ, നാടക കലാകാരൻ സന്തോഷ് കീഴാറ്റൂർ, ഡയറക്ടർ ഓഫ് ഫോട്ടോഗ്രഫി ജിസ്ബിൻ സെബാസ്റ്റ്യൻ, എൽമാർ സിനിമയുടെ നിർമാതാവായ രാജേശ്വർ ഗോവിന്ദൻ എന്നിവരാണ് രാജ് ഗോവിന്ദ് പ്രൊഡക്ഷൻസ് ഒരുക്കിയ ഹ്രസ്വ സിനിമാ ഫെസ്റ്റിവലിെൻറ വിധികർത്താക്കൾ. ഹൃദയ് ഹിരൻ ദത്ത്, കെ.ടി. മനോജ്, ജഗൻ തേജ് മനോജ്, ഇ.എസ്. ബാബുരാജ്, ഗോപിക ബാബുരാജ്, രവീന്ദ്രൻ പാലിശ്ശേരി, ശ്രാവൺ രവീന്ദ്രൻ എന്നിവരാണ് കൊറോണയും നാല് പെണ്ണുങ്ങളും സിനിമയുടെ മറ്റു അണിയറ പ്രവർത്തകർ. കാസർകോട് ദേശത്തെ കുലത്തൊഴിലിലേക്ക് യുവത്വം തിരിച്ചു വരുന്ന കഥ പറഞ്ഞ ‘മോതിര വള്ളി’ ആണ് ഫെസ്റ്റിവലിൽ ഒന്നാം സ്ഥാനം നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.