മസ്കത്ത്: കേരളത്തെയും മറ്റു ഗൾഫ് രാജ്യങ്ങളെയും അപേക്ഷിച്ച് മലയാള നാടകത്തിന് വളക്ക ൂറുള്ള മണ്ണായി മാറുകയാണ് മസ്കത്ത്. സിനിമയുടെയും ടി.വിയുടെയും വരവോടെ മലയാളികൾ കൈയൊഴിഞ്ഞ നാടകത്തെ ഇരുകൈയും നീട്ടി സ്വീകരിക്കുകയാണ് മസ്കത്തിലെ പ്രവാസികൾ. ഒരു കാലത്ത് നാട്ടിലെ ഉത്സവ പറമ്പുകൾക്കും ആഘോഷങ്ങൾക്കും പൊലിമ നൽകിയ നാടകങ്ങൾ ആളില്ലാ ചടങ്ങായി മാറിയിട്ട് വർഷങ്ങൾ ഏറെയായി. കേരളത്തിെൻറ സാമൂഹിക സാംസ്കാരിക മേഖലകളിൽ മാറ്റത്തിെൻറ കുഴലൂത്ത് നടത്തിയ നാടകങ്ങളെ കുറിച്ച് ഒാർക്കുന്നവർേപാലും മലയാളികളിൽ ഇന്ന് കുറവാണ്. സ്കൂൾ കലോത്സവങ്ങളിൽ പോയൻറ് നേടാനുള്ള ഒരു ഗ്രൂപ് ഇനം മാത്രമായാണ് പുതിയ തലമുറ നാടകത്തെ കാണുന്നത്. നാടകം ചരിത്ര സ്മാരകമായി മാറുന്ന പുതിയ ലോകത്ത് ഇൗ അഭിനയകലക്ക് പുതുജീവൻ നൽകുകയാണ് മസ്കത്തിലെ കലാകാരന്മാർ. കൈമോശം വന്നുപോയ മലയാളത്തിലെ പഴയകാല നാടകങ്ങളെ പുനരുജ്ജീവിപ്പിക്കുന്നവരും ഇവരിലുണ്ട്. ജീവിതഗന്ധിയായ ചെറുകഥകളുടെ നാടകരൂപങ്ങളും നിരവധി തവണ അരങ്ങിലെത്തി. കലയോടും അഭിനയത്തോടുമുള്ള പ്രതിപത്തികൊണ്ട് മാത്രമാണിവർ ഏറെ ത്യാഗം സഹിച്ച് നാടകങ്ങൾ സ്റ്റേജിലെത്തിക്കുന്നത്. മസ്കത്തിെൻറ കലാസദസ്സ് ഇരുകൈയും നീട്ടിയാണ് ഇത്തരം നാടകങ്ങൾ സ്വീകരിക്കുന്നത്.മസ്കത്തിൽ അവതരിപ്പിച്ച മികച്ച നാടകങ്ങളെല്ലാം കാണാൻ നല്ല ആസ്വാദകരെത്തുന്നത് നാടകക്കാർക്ക് വൻ പ്രചോദനമാവുന്നുണ്ട്. നാടകത്തിന് തിരശ്ശീല ഉയരുന്നതിന് ഏറെ മുമ്പുതന്നെ ഇരിപ്പിടങ്ങൾ നിറഞ്ഞുകവിയുന്നത് മസ്കത്തിലെ കാഴ്ചയാണ്. വർധിച്ച സ്വീകാര്യത വഴി മലയാളി കൂട്ടായ്മകളുടെ വാർഷികാഘോഷ പരിപാടികളിലും നാടകം ഒരു സ്ഥിരം പരിപാടിയായി ഇടംപിടിച്ചു.
2015ൽ കേരളത്തിലെ ആദ്യകാല പ്രഫഷനൽ നാടകങ്ങളിലൊന്നായ ’അശ്വമേധം’ മസ്കത്തിൽ അവതരിപ്പിച്ചതോടെയാണ് ഒമാനിലെ നാടക േമഖലക്ക് ഇളക്കം വെച്ചത്. അതുവരെ സാംസ്കാരിക സംഘടനകളും കൂട്ടായ്മകളും അവതരിപ്പിച്ചിരുന്ന അമച്വർ നാടകങ്ങളാണ് മസ്കത്തിലുണ്ടായിരുന്നത്. നാടകത്തെ പ്രോത്സാഹിപ്പിക്കാനും ക്ലാസിക് നാടകങ്ങൾ വേദിയിലെത്തിക്കാനും രൂപം കൊണ്ട തിയറ്റർ ഗ്രൂപ് എന്ന കൂട്ടായ്മയാണ് അര നൂറ്റാണ്ടിലധികം പഴക്കമുള്ള അശ്വമേധം പഴയകാല തനിമയോടെ വേദിയിലെത്തിച്ചത്. മസ്കത്ത് സ്കൂൾ കായിക അധ്യാപകനും നാടകാചാര്യനുമായ അൻസാർ ഇബ്റാഹീമാണ് നാടകം സംവിധാനം ചെയ്തത്. മസ്കത്തിലെ കലാകാരന്മാരായിരുന്നു നാടകത്തിൽ അഭിനയിച്ചത്. നാടകത്തിന് സജ്ജീകരണമൊരുക്കാനും മറ്റു സഹായങ്ങൾക്കുമായി കേരളത്തിൽനിന്ന് ആർട്ടിസ്റ്റ് സുജാതൻ അടക്കം നാടക പ്രതിഭകളും എത്തിയിരുന്നു. ഇൗ നാടകത്തിെൻറ വിജയം തിയറ്റർ ഗ്രൂപ്പിന് വലിയ ആത്മവിശ്വാസം പകരുകയും വർഷംതോറും ഒാരോ പ്രഫഷനൽ നാടകം അവതരിപ്പിക്കാൻ തീരുമാനിക്കുകയും ചെയ്തു. പിന്നീട് മുടിയനായ പുത്രൻ, അസ്തമിക്കാത്ത സൂര്യൻ, കടലാസ് തോണി തുടങ്ങി കെ.പി.എ.സിയുടെ പഴയകാല നാടകങ്ങളും അരങ്ങിലെത്തി. ഒരു നാടകം അരങ്ങിലെത്താൻ കഠിനയത്നം തന്നെ ആവശ്യമാണെന്ന് അൻസാർ പറയുന്നു. ചുരുങ്ങിയത് നാലുമാസത്തെയെങ്കിലും റിഹേഴ്സൽ ആവശ്യമാണ്. അഭിനയിക്കുന്നവരെല്ലാം ജോലിക്കാരാണ്. രാത്രിയിലാണ് റിഹേഴ്സൽ. ദിവസവും രാത്രി എട്ടുമുതൽ 11 വരെ റിഹേഴ്സൽ നടത്തണം. ഒഴിവുദിവസങ്ങളിൽ രാവിലെമുതൽ വൈകീട്ട് വരെ റിഹേഴ്സൽ ഉണ്ടാവും. 50 വർഷം മുമ്പുള്ള വേഷങ്ങളുണ്ടാക്കൽ, രംഗപടം ഒരുക്കൽ എന്നിവയൊക്കെ ഏറെ പണിയുള്ളതാണ്. ഒരു കൂട്ടം കലാകാരന്മാരുടെ നാടകത്തിനോടുള്ള അഭിനിവേശം മാത്രമാണ് വിജയരഹസ്യമെന്നും അൻസാർ പറയുന്നു.
തിയറ്റർ ഗ്രൂപ്പിനുപുറമെ മറ്റു നാടക ഗ്രൂപ്പുകളും രംഗത്തെത്തിയതോടെ മസ്കത്തിലെ നാടകരംഗം കൂടുതൽ സജീവമായി. റെയിൻബോ നാടക ക്ലബിന് കീഴിൽ ‘അടയ്ക്ക’ എന്ന നാടകവും അടുത്തിടെ മഞ്ജുളെൻറ സംവിധാനത്തിൽ ‘മറത്തുകളി’ എന്ന നാടകവും അവതരിപ്പിച്ചിരുന്നു. ഡോ.രാജഗോപാലിെൻറ ചെറുകഥയെ ആസ്പദമാക്കി റോജിത്ത് കോഴൂർ ആണ് മറത്തുകളിയുടെ രചന നിർവഹിച്ചത്. നാടകരംഗം പ്രേക്ഷകശ്രദ്ധ നേടിയതോടെ മറ്റു നിരവധി കൂട്ടായ്മകളും ഇപ്പോൾ ഇൗ രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.