മസ്കത്ത്: ഒമാനിലെ പരമ്പരാഗത ജലസേചന സമ്പ്രദായമാണ് ഫലജുകൾ. മലഞ്ചെരുവുകളിലെയും ഭൂഗർഭത്തിലെയും ജലസ്രോതസ്സ ുകൾ അടക്കമുള്ളവയിൽനിന്ന് ഗാർഹിക^കാർഷിക ആവശ്യത്തിന് വെള്ളമെത്തിക്കുന്ന ചെറു കനാലുകളും ചാലുകളുമാണ് ഫലജ് എന്നറിയപ്പെടുന്നത്. ഭൂഗുരുത്വബലവും വെള്ളത്തിെൻറ പ്രകൃതി ദത്തമായ ഒഴുക്കുമാണ് ഈ ജലസേചനരീതിയുടെ അടിസ്ഥാന ം. അറബിയിൽ ഫലജ് എന്ന വാക്കിന് അർഥം ഭാഗങ്ങളായി വേർതിരിച്ചത് എന്നാണ്. എല്ലാവരിലും ജലം എത്തിച്ച് മരുഭൂമിയെ പച്ചപുതപ്പിക്കാൻ ഫലജുകൾ വഴി കഴിയുന്നു.
ഇന്നും പ്രവർത്തിക്കുന്ന ലോകത്തിലെ ഏറ്റവും പഴക്കംചെന്ന ജലം പങ്കുവ െക്കൽ സംവിധാനമാണ് ഇത്. രണ്ടായിരം വർഷത്തിലധികം പഴക്കമാണ് ഇൗ രീതിക്ക് ഉള്ളതെന്നാണ് ഗവേഷകർ അഭിപ്രായപ്പെടുന്നത്. ഇൗ നീർച്ചാലുകളുമായി ബന്ധപ്പെട്ടായിരുന്നു സ്വദേശി തലമുറകൾ തങ്ങളുടെ സാമൂഹിക ജീവിതം കെട്ടിപ്പടുത്തിരുന്നത്. സ്വദേശികളുടെ ജീവിതവുമായി ഇഴുകി ചേർന്നാണ് ഫലജുകൾ ഒഴുകിക്കൊണ്ടിരിക്കുന്നത്. ഇതിലൂടെ ഒഴുകുന്ന ജലം തർക്കങ്ങളില്ലാതെ പരസ്പരം പങ്കുവെക്കുന്നതിൽ അവർ ശ്രദ്ധിക്കുന്നു.
ഒമാെൻറ പൈതൃകത്തിെൻറ അടയാളമായ ഫലജുകളുടെ നിലനിൽപ് ഭീഷണിയിലാണെന്നാണ് ഗവേഷകർ പറയുന്നത്. ചിലയിടങ്ങളിൽ ഫലജുകൾ പൂർണമായി വറ്റിവരണ്ടപ്പോൾ മറ്റു ചിലയിടങ്ങളിൽ അവയിലൂടെ ഒഴുകുന്ന വെള്ളത്തിെൻറ അളവ് കുറഞ്ഞു. കിണറുകളുടെ എണ്ണത്തിൽ വന്ന വർധനയാണ് ഫലജുകളുടെ നിലനിൽപിന് പ്രധാനമായും ഭീഷണിയാകുന്നത്. നേരത്തേ ജനങ്ങൾ പൂർണമായും ഫലജുകളിലെ വെള്ളത്തെയായിരുന്നു ഗാർഹിക^കാർഷിക ആവശ്യങ്ങൾക്കായി ആശ്രയിച്ചിരുന്നത്. ഇപ്പോൾ കൂടുതൽ ആളുകൾ കിണറുകൾ കുഴിച്ച് ശക്തിയേറിയ പമ്പുകൾ ഉപയോഗിച്ച് വെള്ളം അടിച്ചെടുക്കുകയാണ്. ഇതുവഴി ഭൂഗർഭ ജലത്തിെൻറ അളവ് കുറഞ്ഞതിനാൽ ഫലജുകളിലേക്ക് എത്തുന്ന വെള്ളത്തിെൻറ അളവിനെയും ബാധിച്ചു. അറ്റകുറ്റപ്പണികളുടെ അഭാവവും ഇവയുടെ നിലനിൽപിന് ഭീഷണിയാകുന്നുണ്ട്.
പഴയകാലങ്ങളിൽ ഗ്രാമീണവാസികൾ ഫലജുകളുടെ ഭാഗമായ ടണലുകൾക്കുള്ളിലടക്കം കയറി പരമ്പരാഗത രീതിയിൽ അറ്റകുറ്റപ്പണി നടത്താറുണ്ടായിരുന്നു. ഇന്ന് അറ്റകുറ്റപ്പണികൾ കുറഞ്ഞതോടെ ടണലുകൾ മാലിന്യങ്ങളും മറ്റും അടിഞ്ഞ് ഉപയോഗയോഗ്യമല്ലാതെയായി. കാലാവസ്ഥാ മാറ്റമാണ് മറ്റൊരുകാരണം. ചൂടേറിയതും വരണ്ടതുമായ അന്തരീക്ഷ സാഹചര്യങ്ങൾ ഒമാനിലെ ഫലജുകളെയും ബാധിച്ചിട്ടുണ്ട്. അന്തരീക്ഷ താപനില വരും വർഷങ്ങളിലും ഉയരുന്ന പക്ഷം കൂടുതൽ ഫലജുകൾ വരളാനിടയുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഫലജിലെ വെള്ളത്തിെൻറ അളവ് കുറയുന്നത് ചൂണ്ടിക്കാട്ടി കർഷകർ കൂടുതലായി കിണറുകൾ കുഴിക്കുന്നുണ്ട്. ഇങ്ങനെ കിണറിൽനിന്ന് കിട്ടുന്ന വെള്ളം വിൽപന നടത്തുന്ന കർഷകരുമുണ്ട്.
കാലം ചെല്ലുന്നതോടെ ഒഴുക്ക് പൂർണമായി നിലച്ച് രാജ്യത്തിെൻറ പാരമ്പര്യത്തിെൻറയും പൈതൃകത്തിെൻറയും ചിഹ്നമായ ഫലജുകൾ ഒാർമയാകുമോയെന്ന ആശങ്കയിലാണ് പഴയതലമുറ. അതേസമയം, സ്വദേശി കൂട്ടായ്മകളുടെ കരുത്തിൽ പുതുജീവൻ ലഭിച്ച ഫലജുകളും രാജ്യത്തുണ്ട്. വെള്ളം ഉപയോഗിക്കുന്നവരിൽനിന്ന് പണം പിരിച്ചശേഷം അറ്റകുറ്റപ്പണി നടത്തി ഇവയിൽ വെള്ളമൊഴുക്ക് പുനഃസ്ഥാപിക്കുകയായിരുന്നു.
ഒമാെൻറ വിവിധ ഭാഗങ്ങളിലായി മൊത്തം 4100ൽ അധികം ഫലജുകൾ ഉണ്ടെന്നതാണ് കണക്ക്. ഇവയിൽ നാലിൽ ഒന്നും ഇതിനകം വരണ്ടുപോയതായാണ് കണക്കുകൾ പറയുന്നത്. ഫലജുകളുടെ ജലസ്രോതസ്സിെൻറ മൂന്ന് കിലോമീറ്റർ പരിധിയിൽ പുതിയ കിണറുകൾ കുഴിക്കരുതെന്നാണ് നിയമമെങ്കിലും അതും പാലിക്കപ്പെടുന്നില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇവയുടെ പുനരുജ്ജീവനത്തിന് സർക്കാർ തലത്തിലും നടപടികൾ പുരോഗമിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.