മസ്കത്ത്: ഭിന്നശേഷിയുള്ള കുട്ടിയുണ്ടായാൽ പരിഭ്രാന്തരാവുന്നവരാണ് ബഹുഭൂരിപ ക്ഷം രക്ഷകർത്താക്കളും. തെൻറ കുട്ടിയെ എങ്ങനെ മറ്റുള്ളവരെപോലെ ജീവിതം നയിക്കാൻ പ്രാപ്തരാക്കും എന്നറിയാതെ പലരും ജീവിതകാലം മുഴുവൻ ഇരുട്ടിൽ തന്നെയായിരിക്കും. പ്രത്യേക പരിചരണം ആവശ്യമുള്ള കുട്ടികളിൽ വളരെചെറിയ പങ്കുമാത്രമാണ് സ്വന്തംകാലിൽ നിൽക്കാൻ പ്രാപ്തരാകുന്നത്. പ്രിയപ്പെട്ടവർ നൽകിയ പിന്തുണയുടെ ബലം ഒന്നുമാത്രമാണ് ഇത്തരക്കാർക്ക് തുണ. ശാരീരിക വെല്ലുവിളികളെ മറികടന്ന് സ്വപ്നങ്ങൾ എത്തിപ്പിടിച്ച ഇത്തരം അപൂർവം ആളുകളുടെ പ്രതിനിധിയാണ് 17കാരനായ അബ്ദുല്ല സാലിഹ് അൽ റുഖൈഷി എന്ന സ്വദേശി യുവാവ്.
ഡൗൺ സിൻഡ്രോം ബാധിതനായ അബ്ദുല്ലയുടെ ഗിഫ്റ്റ്ഷോപ്പ് വ്യാഴാഴ്ച അൽ ഹെയിലിൽ പ്രവർത്തനമാരംഭിച്ചു. മെഴുകുതിരികൾ, ചോക്ലറ്റ്, സോപ്പ്, ബൊക്കെ തുടങ്ങി അബ്ദുല്ലതന്നെ നിർമിച്ച സാധനങ്ങളാണ് ‘ഗ്രീൻ െഎവി’ എന്ന ഷോപ്പിൽ വിൽപനക്കുള്ളത് എന്നതാണ് മറ്റൊരു പ്രത്യേകത. ചെന്നൈ സ്വദേശിയും മസ്കത്തിൽ സ്പെഷൽ എജുക്കേറ്ററും വൊക്കേഷനൽ ട്രെയിനറുമായ ഗായത്രി നരസിംഹന് കീഴിൽ കഴിഞ്ഞ രണ്ട് വർഷമായുള്ള തൊഴിൽ പരിശീലനത്തിനൊടുവിലാണ് അബ്ദുല്ല എന്ന വേറിട്ട സംരംഭകൻ ജനിക്കുന്നത്.
തെൻറ സ്വപ്നസാക്ഷാത്കാരമാണ് അബ്ദുല്ലയുടെ സ്ഥാപനമെന്ന് മാതാവ് ഹലീമ റാഷിദ് അൽ തോബി വാർത്തസമ്മേളനത്തിൽ പറഞ്ഞു. മൂന്നാം വയസ്സിൽ മകൻ ഡൗൺ സിൻഡ്രോം ബാധിതനാണെന്ന് തിരിച്ചറിഞ്ഞനിമിഷം എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലായിരുന്നു. പൊട്ടിത്തകർന്ന സ്വപ്നങ്ങൾ മനസ്സിലിട്ട് വേദനിക്കാതെ മകനെ സാധാരണ ജീവിതം നയിക്കാൻ പ്രാപ്തനാക്കുന്നതിനുള്ള ഒാട്ടപ്പാച്ചിലിൽ ആയിരുന്നു പിന്നീടെന്ന് ഹലീമ പറഞ്ഞു. സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും നിറഞ്ഞ പിന്തുണ ഇതിനുണ്ടായി. രണ്ടുവർഷം മുമ്പ് ഗായത്രിയുടെ അടുത്ത് എത്തിയതാണ് അബ്ദുല്ലയുടെ ജീവിതത്തിൽ വഴിത്തിരിവായതെന്ന് ഹലീമ പറയുന്നു.
ഉയർച്ച താഴ്ചകൾ നിറഞ്ഞ വഴികൾ താണ്ടിയാണ് അബ്ദുല്ലയെന്ന ഒമാനിലെ ആദ്യ ഡൗൺസിൻഡ്രോം ബാധിതനായ സംരംഭകൻ ജനിക്കുന്നതെന്ന് പരിശീലകയായ ഗായത്രി നരസിംഹൻ പറഞ്ഞു. ഡൗൺ സിൻഡ്രോം ബാധിതനാണെങ്കിലും പെരുമാറ്റ പ്രശ്നങ്ങളില്ലാത്ത കുട്ടിയായിരുന്നു അബ്ദുല്ല. കാര്യങ്ങൾ എളുപ്പത്തിൽ പഠിക്കുന്നതിനുള്ള അബ്ദുല്ലയുടെ ശേഷി മനസ്സിലാക്കിയതാണ് സ്വപ്നസാക്ഷാത്കാരത്തിനുള്ള വഴിയിൽ നിർണായകമായത്. ഡൗൺ സിൻഡ്രോം കുട്ടികൾക്കുള്ള പരിചരണത്തിനൊപ്പം കൗൺസലിങ്ങും കൈത്തൊഴിലുകൾ വികസിപ്പിക്കുന്നതിനുള്ള പരിശീലനവും നൽകിയെന്ന് ഗായത്രി പറഞ്ഞു. മറ്റുള്ളവർക്ക് പ്രത്യേകിച്ച് ശാരീരിക വൈകല്യങ്ങളുള്ളവർക്ക് പ്രചോദനവും പ്രോത്സാഹനവും നൽകുന്ന ജീവിതമാണ് അബ്ദുല്ലയുെടതെന്ന് ഇൻറർനാഷനൽ അസോസിയേഷൻ ഫോർ ഹാൻഡികാപ്ഡ് ഡ്രൈവേഴ്സ് ലൈസൺ മാനേജർ താരീഖ് ജവാദ് അൽ ഖാബൂരി പറഞ്ഞു.
മറ്റുള്ളവരെ ആശ്രയിക്കാതെ ജോലിചെയ്യുകയും ജീവിക്കുകയും ചെയ്യുന്ന ആദ്യത്തെ പ്രത്യേക പരിചരണം ആവശ്യമുള്ള വിഭാഗത്തിലെ കുട്ടിയായിരിക്കും അബ്ദുല്ലയെന്നും ഡോ. ജവാദ് പറയുന്നു. ഒാട്ടിസവും സെറിബ്രൽ പാൾസിയുമുള്ളതടക്കം 12ഒാളം കുട്ടികൾക്കാണ് ഗായത്രി പരിശീലനം നൽകിയിട്ടുള്ളത്. ചോക്ലറ്റ്, സോപ്പ്, മെഴുകുതിരി നിർമാണം, ചോക്ലറ്റ് ബൊക്വറ്റ്, ഫ്ലവർ ബൊക്വറ്റ്, പേപ്പർ ജ്വല്ലറി, സ്ക്രീൻ പ്രിൻറിങ്, ബ്ലോക്ക് പ്രിൻറിങ് എന്നിവയിലാണ് പരിശീലനം നൽകുന്നത്. സേവനമായിട്ടാണ് ഇത് ചെയ്തുനൽകുന്നതും.
മബേല ബ്ലൈൻഡ് സ്കൂൾ ഡയറക്ടർ ബോർഡ് അംഗം ബർക്ക അൽ ബഖ്രി, അബ്ദുല്ലയുടെ സഹോദരി സുഹൈല അൽ റുഖൈഷി എന്നിവരും വാർത്തസമ്മേളനത്തിൽ പെങ്കടുത്തു. അൽ ഹെയിലിൽ സീബ് വൊക്കേഷനൽ കോളജിന് എതിർവശത്താണ് അബ്ദുല്ലയുടെ ഷോപ്പ്. ഒമാൻ സെൻട്രൽ ബാങ്ക് എക്സിക്യൂട്ടിവ് വൈസ് പ്രസിഡൻറ് താഹിർ സലീം അൽ അമ്രിയാണ് ഉദ്ഘാടനം നിർവഹിച്ചത്. സൈൻബോർഡ് ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് ചെയർമാൻ ഡോ.ബേബി സാം സാമുവലും സ്ഥാപനത്തിെൻറ വെബ്സൈറ്റ് നോളജ് ഒമാൻ പ്രസിഡൻറ് ഖൽഫാൻ അൽ മഹ്രിസിയും അനാവരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.