ഒമാൻ എണ്ണവില 111 ഡോളറിൽ

മസ്കത്ത്: ദുബൈ മർക്കൈന്റൽ എക്സ്ചേഞ്ചിൽ ഒമാൻ അസംസ്കൃത എണ്ണവില ബാരലിന് 110.81 ഡോളറിലെത്തി. ഒറ്റദിവസം കൊണ്ട് ബാരലിന് 9.96 ഡോളറാണ് വർധിച്ചത്. ചൊവ്വാഴ്ച ഒമാൻ എണ്ണവില ബാരലിന് 100.85 ഡോളറായിരുന്നു . അന്താരാഷ്ട്ര മാർക്കറ്റിൽ എണ്ണവില 112 ഡോളറായിരുന്നു. എന്നാൽ, എണ്ണ ഉൽപാദന രാജ്യങ്ങളുടെ സഖ്യമായ ഒപെക് ഉൽപാദനം വർധിപ്പിക്കാൻ തീരുമാനിച്ചതോടെ വിലയിൽ രണ്ട് ഡോളർ കുറഞ്ഞു. കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ പത്തുശതമാനം വിലവർധനവാണ് ഉണ്ടായിരിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ എണ്ണവില ഇനിയും ഉയരാനുള്ള സാധ്യതയാണ് അമർത്യാസെൻ അടക്കമുള്ള സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.

റഷ്യ - യുക്രെയ്ൻ യുദ്ധം തന്നെയാണ് എണ്ണവില വർധിക്കാൻ പ്രധാന കാരണം. റഷ്യൻ എണ്ണ മറ്റു രാജ്യങ്ങൾക്ക് വാങ്ങാൻ കഴിയാത്ത അവസ്ഥയാണ്. അന്താരാഷ്ട്ര പണ കൈമാറ്റ സ്ഥാപനമായ 'സ്വിഫ്റ്റ് ' ഉപരോധം കാരണം റഷ്യക്ക് എണ്ണ വിൽക്കാൻ കഴിയുന്നില്ല. റഷ്യയുടെ പ്രധാന ഇടപാടുകാരായ യൂറോപ്യൻ രാജ്യങ്ങൾ റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നതിൽനിന്ന് ഒഴിഞ്ഞുമാറുകയാണ്. പ്രധാനമായും സ്വിഫ്റ്റ് ഉപരോധം കാരണം പല രാജ്യങ്ങൾക്കും ഇടപാടുകൾ നടത്താനും കഴിയുന്നില്ല. ഇതിനാൽ, റഷ്യയുടെ 70 ശതമാനം എണ്ണയും കയറ്റി അയക്കാൻ കഴിയുന്നില്ല. അതായത്, ദിവസവും 3.8 ദശലക്ഷം ബാരൽ എണ്ണയാണ് കയറ്റുമതി ചെയ്യാൻ കഴിയാതെ കെട്ടിക്കിടക്കുന്നത്. ചില യൂറോപ്യൻ കമ്പനികൾ റഷ്യൻ എണ്ണക്ക് അയിത്തവും കൽപിച്ചിട്ടുണ്ട്. എണ്ണമേഖലയിൽ പ്രവർത്തിക്കുന്ന ഇൻഷുറൻസ്, എണ്ണ ടാങ്കറുകൾ തുടങ്ങിയവും റഷ്യൻ എണ്ണയെ അകറ്റി നിർത്തുകയുമാണ്.

നിലവിലെ പ്രശ്നങ്ങൾ റിഫൈനറികളെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്. റിഫൈനറികളുടെ എണ്ണ വ്യാപാര സ്ഥാപനങ്ങളുടെയും ബാങ്ക് വായ്പകൾ അടക്കമുള്ള വിഷയങ്ങളിലും ആശങ്കകൾ നിലനിൽക്കുന്നുണ്ട്. അതിനിടെ, ബുധനാഴ്ച ചേർന്ന ഒപെക് രാജ്യ പ്രതിനിധികളുടെ അടിയന്തര യോഗം എണ്ണ ഉൽപാദനം വർധിപ്പിക്കാൻ തീരുമാനിച്ചത് എണ്ണ ഉപഭോക്തൃ രാജ്യങ്ങൾക്ക് ആശ്വാസം പകരുന്നുണ്ട്. ദിവസവും നാലുലക്ഷം ബാരൽ കൂടി അധികം ഉൽപാദിപ്പിക്കാനാണ് തീരുമാനം. ആഗോള മാർക്കറ്റിൽ എണ്ണവില 111 ഡോളറിൽ എത്തിയതുകൊണ്ടാണ് ഉൽപദാനം വർധിപ്പിക്കുന്നതെന്നാണ് ഒപെക് വ്യക്തമാക്കുന്നത്. എന്നാൽ സൗദി അറേബ്യ, യു.എ.ഇ ഒഴികെയുള്ള രാജ്യങ്ങൾക്ക് എണ്ണ ഉൽപാദനം വർധിപ്പിക്കാൻ കഴിയില്ല.

പല രാജ്യങ്ങളും അവയുടെ ഉൽപാദനക്ഷമതയുടെ പരമാവധി തന്നെ ഇപ്പോൾ ഉൽപാദിപ്പിക്കുന്നുണ്ട്. എണ്ണ വില വർധിക്കുന്നതോടെ സ്വർണവിലയും ഉയർന്നിട്ടുണ്ട്. ഗ്രാമിന് 23.700 എന്ന നിരക്കാണ് ഒമാനിലെ ജ്വല്ലറികൾ ഈടാക്കുന്നത്. സ്വർണ വില ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നും വിദഗ്ധർ വിലയിരുത്തുന്നു. എണ്ണവില ഉയരുന്നതിനനുസരിച്ച് രൂപയുടെ മൂല്യവും കുറയുന്നുണ്ട്. ഇത് റിയാലിന്റെ വിനിമയ നിരക്ക് ഉയരാനും കാരണമാക്കിയിട്ടുണ്ട്. റിയാലിന് 196 രൂപ എന്ന നിരക്കാണ് ഒമാനിലെ വിനിമയ സ്ഥാപനങ്ങൾ ബുധനാഴ്ച നൽകിയത്.

Tags:    
News Summary - Oman oil at $ 111

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.