സ്വകാര്യ മേഖലയിലെ റിമോട്ട് വർക്ക് സിസ്റ്റം; മാർഗ നിർദ്ദേശങ്ങളുമായി​ ഒമാൻ തൊഴിൽ മന്ത്രാലയം

മസ്കത്ത്: സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് റിമോട്ട് വർക്ക് സിസ്റ്റത്തിന് (വിദൂര ജോലിക്ക്) പുതിയ മാർഗ്ഗനിർദ്ദേശങ്ങളുമായി​ തൊഴിൽ മന്ത്രാലയം.വിദൂര ജോലികൾക്കുള്ള പുതിയ നിയന്ത്രണങ്ങൾ വിശദീകരിക്കുന്ന മന്ത്രിതല തീരുമാനം തൊഴിൽ മന്ത്രാലയം കഴിഞ്ഞ ദിവസംപുറപ്പെടുവിച്ചു. ഉൽപ്പാദനക്ഷമത, തൊഴിലാളികളുടെ അവകാശങ്ങൾ എന്നിവ സന്തുലിതമാക്കുന്ന വ്യക്തമായ നിയമ ചട്ടക്കൂട് സൃഷ്ടിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് അധികൃതർ പറഞ്ഞു.

തൊഴിൽ നിയമത്തിന് (റോയൽ ഡിക്രി നമ്പർ 53/2023) അനുസൃതമായി പുറപ്പെടുവിച്ച ഈ തീരുമാനം, വിദൂര ജോലി ക്രമീകരണങ്ങൾ നടപ്പിലാക്കുന്നതിനുള്ള നിബന്ധനകളും വ്യവസ്ഥകളും നിർവചിക്കുന്നു. ഒമാനിന് പുറത്തുള്ള തൊഴിലാളികളുമായി വിദൂര ജോലി കരാറുകൾ ഏർപ്പെടാൻ പാടില്ല എന്നും നിയമം വ്യവസ്ഥ ചെയ്യുന്നു. വിവര, ആശയവിനിമയ സാങ്കേതികവിദ്യ (ഐ.സി.ടി) ഉപകരണങ്ങൾ ഉപയോഗിച്ച് ജോലിസ്ഥലത്തിന് പുറത്ത് ഒമാനിൽ നിർവഹിക്കുന്ന ചുമതലകളെയാണ് വിദൂര ജോലിയായി നിർവചിച്ചിരിക്കുന്നത്.റിമോട്ട് വർക്ക് സിസ്റ്റത്തിന് കീഴിൽ ജോലി ചെയ്യുന്ന തൊഴിലാളിക്ക് തൊഴിൽ നിയമത്തിനും അതിന്റെ ചട്ടങ്ങൾക്കും തീരുമാനങ്ങൾക്കും അനുസരിച്ചുള്ള അവകാശങ്ങളും കടമകളും ഉണ്ടായിരിക്കും.

വിദൂര ജോലി സംവിധാനം നടപ്പാക്കുന്ന ഒരു സ്ഥാപനം ഇനിപ്പറയുന്നവ പാലിക്കേണ്ടതാണ്.

  • റിമോട്ട് വർക്ക് സിസ്റ്റത്തിന് കീഴിൽ പ്രവർത്തിക്കുന്ന തൊഴിലാളികളുടെ ലിസ്റ്റ് തയ്യാറാക്കുക. ആവശ്യപ്പെടുകയാണെങ്കിൽ യോഗ്യതയുള്ള അധികാരിക്ക് പകർപ്പ് നൽകുകയും ചെയ്യുക.
  • റിമോട്ട് ജോലിക്ക് ആവശ്യമായ ഐ.സി.ടി ഉപകരണങ്ങൾ, സോഫ്റ്റ്‌വെയർ, ആശയവിനിമയ മാർഗങ്ങൾ എന്നിവ നൽകുക. അല്ലെങ്കിൽ ഇൻസ്റ്റാളേഷന്റെയും അറ്റകുറ്റപ്പണിയുടെയും ചെലവുകൾ വഹിക്കുക.
  • തൊഴിലാളിക്ക് ജോലി ചുമതലകൾ നിർവഹിക്കുന്നതിന് ആവശ്യമായ അധികാരം നൽകുക.
  • തൊഴിലാളിയുടെ മേൽനോട്ടം, അവരുടെ പ്രകടനം നിരീക്ഷിക്കൽ, വിലയിരുത്തൽ എന്നിവ പ്രാപ്തമാക്കുന്ന ഇലക്ട്രോണിക് സംവിധാനം നൽകുക
  • തൊഴിലാളിയുടെ സ്വകാര്യത ലംഘിക്കുന്ന നിരീക്ഷണ സംവിധാനങ്ങൾ ഉപയോഗിക്കരുത്. ജോലിക്ക് പുറമെയുള്ള ആവശ്യങ്ങൾക്ക് തൊഴിലാളിയുടെ ഏതെങ്കിലും സ്വകാര്യ ഡാറ്റ ഉപയോഗിക്കുന്നതിൽ നിന്നും, അല്ലെങ്കിൽ ഒമാനിലെ ബാധകമായ നിയമങ്ങളുമായി പൊരുത്തപ്പെടാത്ത ഏതെങ്കിലും രീതികളിൽ ഏർപ്പെടുന്നതിൽ നിന്നും സ്ഥാപനം വിട്ടുനിൽക്കണം.

റിമോട്ട് വർക്ക് സിസ്റ്റത്തിന് കീഴിൽ ജോലി ചെയ്യുന്ന തൊഴിലാളി താഴെപ്പറയുന്നവ പാലിക്കണം

  • സമ്മതിച്ച പ്രവൃത്തി സമയങ്ങളിൽ ജോലി ചെയ്യുക.
  • സ്ഥാപനം നൽകുന്ന ഐ.സി.ടി ഉപകരണങ്ങൾ, സോഫ്റ്റ്‌വെയർ, ആശയവിനിമയ മാർഗങ്ങൾ അല്ലെങ്കിൽ സ്ഥാപനത്തിന്റെ വിവര സുരക്ഷാ സംവിധാനങ്ങൾക്ക് വിധേയമായി അവരുടെ സ്വന്തം ഐ.സി.ടി ഉപകരണങ്ങൾ ഉപയോഗിക്കുക
  • ജോലിയുമായി ബന്ധപ്പെട്ട ഡാറ്റ, വിവരങ്ങൾ, രേഖകൾ എന്നിവയുടെ രഹസ്യസ്വഭാവം സൂക്ഷിക്കുക
  • ജോലിക്കായി നൽകിയിരിക്കുന്ന ഐ.സി.ടി ഉപകരണങ്ങൾ പരിപാലിക്കുക. ആവശ്യപ്പെടമ്പോൾ അവ തിരികെ നൽകുക.
  • ജോലിയെ ബാധിച്ചേക്കാവുന്ന ഏതെങ്കിലും സാങ്കേതിക തകരാറുകൾ, ബുദ്ധിമുട്ടുകൾ അല്ലെങ്കിൽ മറ്റ് സാഹചര്യങ്ങൾ ഉണ്ടെങ്കിൽ ഉടനടി അറിയിക്കുക.
  • തൊഴിലാളിയുടെ സ്വകാര്യത ലംഘിക്കുന്ന ഉപകരണങ്ങൾ, സിസ്റ്റങ്ങൾ അല്ലെങ്കിൽ സോഫ്റ്റ്‌വെയർ എന്നിവ സ്ഥാപനം ഉപയോഗിക്കുന്നുണ്ടെന്ന് സ്ഥിരീകരിക്കപ്പെട്ടാൽ, അല്ലെങ്കിൽ തൊഴിലാളിയുടെ സമ്മതമില്ലാതെ ജോലിക്ക് പുറമെയുള്ള ആവശ്യങ്ങൾക്ക് വ്യക്തിഗത ഡാറ്റ ഉപയോഗിക്കുന്നുണ്ടെങ്കിൽ, സ്ഥാപനത്തിന്റെ ഇലക്ട്രോണിക് സിസ്റ്റത്തിൽ നിന്ന് തൊഴിലാളിക്ക് വിച്ഛേദിക്കാവുന്നതാണ്
  • തൊഴിലാളിക്ക് ഭാഗികമായി വിദൂരമായി ജോലിക്കായി അപേക്ഷ സമർപ്പിക്കാം. ജോലി ആവശ്യകതകൾക്കനുസരിച്ച് സ്ഥാപനത്തിന് അവ അംഗീകരിക്കുകയോ നിരസിക്കുകയോ ചെയ്യാം.

പൂർണതോതിലുള്ള വിദൂര തൊഴിൽ ആണെങ്കിൽ കരാർ രേഖാമൂലമുള്ളതായിരിക്കണം. അതിൽ ഇനിപ്പറയുന്നവ പ്രത്യേകമായി ഉൾപ്പെടുത്തണം

  • തൊഴിലുടമയുടെയും സ്ഥാപനത്തിന്റെയും പേര്, വിലാസം, വിശദാംശങ്ങൾ-
  • തൊഴിലാളിയുടെ പേര്, വിലാസം, ബന്ധപ്പെടാനുള്ള വിവരങ്ങൾ.
  • ജോലിക്കാരന്റെയും സ്ഥാപനത്തിന്റെയും പേര്, വിലാസം, ബന്ധപ്പെടാനുള്ള വിവരങ്ങൾ
  • ജോലി കരാർ അവസാനിച്ച തീയതിയും ജോലി ആരംഭിച്ച തീയതിയും
  • ജോലിയുടെ തരം, അതിന്റെ വ്യവസ്ഥകൾ, നിശ്ചിത കാലയളവിലേക്കാണെങ്കിൽ ആ കാലാവധി
  • വേതനവും പേയ്‌മെന്റ് ഷെഡ്യൂളും
  • ജോലി സമയം
  • ജോലിയിൽ ഉപയോഗിക്കുന്ന ഐ.സി.ടി ഉപകരണങ്ങളും ആശയവിനിമയ മാർഗങ്ങളും അവ നൽകുന്നതിനും ഇൻസ്റ്റാൾ ചെയ്യുന്നതിനും പരിപാലിക്കുന്നതിനും ഉത്തരവാദിത്തമുള്ള കക്ഷി
  • മേൽനോട്ടം, നിരീക്ഷണം, പ്രകടന വിലയിരുത്തൽ സംവിധാനം
  • തൊഴിൽ ആരോഗ്യ, സുരക്ഷാ ബാധ്യതകൾ
  • വിവര സുരക്ഷയും സ്വകാര്യതയും സംബന്ധിച്ച ബാധ്യതകൾ

ഭാഗികമായി വിദൂരമായി ജോലി ചെയ്യുന്ന തൊഴിലാളിയോട് ഇനിപ്പറയുന്ന സാഹചര്യങ്ങളിൽ ഓൺ-സൈറ്റ് ജോലി പുനരാരംഭിക്കാൻ സ്ഥാപനം ആവശ്യപ്പെടാം

  • വിവര സുരക്ഷക്ക് ഭീഷണിയുണ്ടെങ്കിൽ അല്ലെങ്കിൽ തൊഴിലാളി സ്ഥാപനത്തിന്റെ ഡാറ്റയെ അപഹരിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുകയാണെങ്കിൽ
  • സ്ഥാപനം പ്രയോഗിക്കുന്ന വിദൂര തൊഴിൽ സംവിധാനവുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങളുടെയും നയങ്ങളുടെയും തൊഴിലാളിയുടെ കടുത്ത ലംഘനം
  • പ്രവൃത്തി സമയം പാലിക്കാതിതിരിക്കൽ
Tags:    
News Summary - Oman Ministry of Labor issues guidelines for remote work system in the private sector

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.