ആരോഗ്യമേഖലയിൽ വിപ്ലവകരമായ മുന്നേറ്റവുമായി ഒമാൻ

മസ്കത്ത്: ലോകാരോഗ്യ രംഗത്ത് വീണ്ടും അഭിമാനകരമായ നേട്ടം കൈവരിച്ച് ഒമാൻ സുൽത്താനേറ്റ്.അമേരിക്കയിലെ വാഷിംഗ്ടൺ സർവകലാശാലയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് മെട്രിക്സ് ആൻഡ് ഇവാലുവേഷൻ (ഐ.എച്ച്.എം.ഇ) പുറത്തുവിട്ട പുതിയ കണക്കുകൾ പ്രകാരം ഒമാനിലെ ‘ഹെൽത്തി ലൈഫ് എക്സ്​പെക്ടൻസി’ അഥവാ ആരോഗ്യകരമായ ആയുർദൈർഘ്യം 66.07 വർഷമായി വർധിച്ചു. ഇത് ആഗോള ശരാശരിയേക്കാളും മിഡിൽ ഈസ്റ്റ് - നോർത്ത് ആഫ്രിക്ക (മെന) മേഖലയിലെ ശരാശരിയേക്കാളും കൂടുതലാണ്.

സാധാരണയായി പറയുന്ന ആയുർദൈർഘ്യത്തിൽ (ലൈഫ് എക്സ്പക്ടൻസി) നിന്നും വ്യത്യസ്തമാണ് ഹെൽത്തി ലൈഫ് എക്സ്​പെക്ടൻസി. മാരകമായ രോഗങ്ങളോ വൈകല്യങ്ങളോ ഇല്ലാതെ ഒരാൾക്ക് എത്ര കാലം ആരോഗ്യത്തോടെ ജീവിക്കാനാകും എന്നതിനെയാണ് ഈ സൂചിക അളക്കുന്നത്. വെറുതെ കൂടുതൽ കാലം ജീവിക്കുക എന്നതിലുപരി, ജീവിക്കുന്ന കാലം എത്രത്തോളം ഗുണനിലവാരമുള്ളതാകുന്നു എന്നതാണ് ഇതിൽ പ്രധാനം.

കോവിഡ്-19 മഹാമാരിക്ക് ശേഷം ലോകമെമ്പാടും ഈ സൂചികയിൽ കുറവുണ്ടായെങ്കിലും ഒമാൻ വളരെ വേഗത്തിൽ ഇതിനെ അതിജീവിച്ചതായി മാന്റെആരോഗ്യ കണക്കുകൾ സൂചിപ്പിക്കുന്നു. 2021-ൽ 62.74 വർഷമായിരുന്ന ആരോഗ്യകരമായ ആയുർദൈർഘ്യ സൂചിക 2022-ൽ 65.51 ലേക്കും ഇപ്പോൾ 66.07 ലേക്കും കുതിച്ചുയർന്നത് ഒമാന്റെ ആരോഗ്യ മേഖലയുടെ കരുത്തിനെയാണ് കാണിക്കുന്നത്.

ഒമാൻ വിഷൻ 2040-ന്റെ ഭാഗമായി ആരോഗ്യമേഖലയിൽ നടപ്പാക്കുന്ന വിപുലമായ പദ്ധതികളുടെ ഫലം കൂടിയാണ് ഈ നേട്ടം. 2030-ഓടെ ആരോഗ്യകരമായ ആയുർദൈർഘ്യം 67 വർഷമായും, 2040-ഓടെ 70 വർഷമായും ഉയർത്തുകയാണ് സുൽത്താനേറ്റിന്റെ ലക്ഷ്യം.

രോഗം വന്നതിനുശേഷമുള്ള ചികിത്സയേക്കാൾ രോഗം വരാതെ തടയുന്ന പ്രതിരോധ പ്രവർത്തനങ്ങൾക്കും ജീവിതശൈലീ മാറ്റങ്ങൾക്കും സർക്കാർ നൽകിയ മുൻഗണനയാണ് ആരോഗ്യകരമായ ആയുർദൈർഘ്യ വർധനവിന് പ്രധാന കാരണം. അത്യാധുനിക സാങ്കേതിക വിദ്യകളും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസും രോഗനിർണയത്തിനായി ഉപയോഗിക്കുന്നതിനൊപ്പം പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ സേവനം രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും എത്തിക്കാനും ഒമാന് സാധിച്ചിട്ടുണ്ട്. കൂടാതെ, ലോകമെമ്പാടുമുള്ള വിവിധ നഗരങ്ങളിലെയും രാജ്യങ്ങളിലെയും ജീവിതനിലവാരത്തെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്ന ലോകത്തിലെ ഏറ്റവും വലിയ ഡാറ്റാബേസുകളിൽ ഒന്നായ ‘നംബിയോ’ പുറത്തുവിട്ട 2025-2026 കാലഘട്ടത്തിലെ ‘ക്വാളിറ്റി ഓഫ് ലൈഫ് ഇൻഡക്സിൽ’ ഏഷ്യയിൽ ഒന്നാമതും ലോകത്ത് നാലാമതും എത്തിയതും ഒമാന്റെ മികച്ച ജീവിത സാഹചര്യങ്ങളെ അടിവരയിടുന്നു.

ഒമാന്റെ നേട്ടം ഒറ്റനോട്ടത്തിൽ

ഒമാനിലെ സൂചിക: 66.07 വർഷം

ആഗോള ശരാശരി: 63.1 വർഷം

മെന മേഖലയിലെ ശരാശരി: 62.7 വർഷം

2030 ഓടെ ഒമാന്റെ ആയുർദൈർഘ്യ ലക്ഷ്യം: 67

Tags:    
News Summary - Oman makes revolutionary strides in the health sector

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.