ലബനാനുമായുള്ള യോഗത്തിൽ ഒമാൻ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി ഖാഈസ് മുഹമ്മദ് അൽ യൂസഫ്
മസ്കത്ത്: വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി ഖാഈസ് മുഹമ്മദ് അൽ യൂസഫ് ലബനാൻ സാമ്പത്തിക, വ്യാപാര മന്ത്രി ഡോ. ആമിർ ബിസാറ്റുമായി സംസാരിച്ചു. വിഡിയോ കോൺഫറൻസ് വഴി നടന്ന യോഗത്തിൽ വ്യാപാര, നിക്ഷേപ സഹകരണം ശക്തിപ്പെടുത്തുന്നതിനും ഇരുരാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തത്തിനുള്ള പുതിയ വഴികൾ കണ്ടെത്തുന്നതിനുമുള്ള കാര്യങ്ങൾ ചർച്ച ചെയ്തു.
നിക്ഷേപങ്ങൾ വർധിപ്പിക്കുക, വ്യവസായങ്ങൾ വികസിപ്പിക്കുക, ലോജിസ്റ്റിക്സ് മേഖലയിലൂടെ അവരുടെ തന്ത്രപരമായ സ്ഥലങ്ങൾ പ്രയോജനപ്പെടുത്തുക എന്നിവയുൾപ്പെടെ നിരവധി പ്രധാന മേഖലകളിലെ സഹകരണത്തിനുള്ള അവസരങ്ങൾ ഇരുമന്ത്രിമാരും അവലോകനം ചെയ്തു. മസ്കത്തിനും ബൈറൂത്തിനും ഇടയിൽ നേരിട്ടുള്ള വിമാന സർവിസ് ആരംഭിക്കുന്നതിന്റെ സാധ്യതയെക്കുറിച്ചും ഇരുവരും ആരാഞ്ഞു. ഇത് ടൂറിസത്തിനും വ്യാപാര വിനിമയത്തിനും ഗുണപരമാകും.
ഒമാൻ-ലബനാൻ സാമ്പത്തിക ഫോറവും ലബനാൻ വ്യവസായങ്ങൾക്കായി പ്രദർശനവും സംഘടിപ്പിക്കാനുള്ള നിർദേശവും യോഗം ചർച്ച ചെയ്തു. സാമ്പത്തിക സഹകരണം വിശാലമായ തലങ്ങളിലേക്ക് ഉയർത്തേണ്ടതിന്റെയും സുസ്ഥിര വികസനം കൈവരിക്കുന്ന തന്ത്രപരമായ പങ്കാളിത്തങ്ങൾ സ്ഥാപിക്കുന്നതിന് ഒരുമിച്ച് പ്രവർത്തിക്കേണ്ടതിന്റെയും പ്രാധാന്യം ഇരു കക്ഷികളും ഊന്നിപ്പറഞ്ഞു. യോഗത്തിൽ ലബനാനിലെ ഒമാന്റെ അംബാസഡർ ഡോ. അഹമ്മദ് മുഹമ്മദ് അൽ സൈദിയും ഇരുരാജ്യങ്ങളിലെയും നിരവധി ഉദ്യോഗസ്ഥരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.