എയർ ഇന്ത്യ എക്സ്പ്രസ് റൺവേ ലൈറ്റുകളിലിടിച്ച സംഭവം; ഒമാൻ അന്വേഷണം തുടങ്ങി

മസ്കത്ത്: ഒമാനിലെ മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും കണ്ണൂരിലേക്ക് പുറപ്പെടാൻ ഒരുങ്ങിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റൺവേയിലെ വിളക്കുകളിലിടിച്ച് വൻ അപകടത്തിൽ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ടതിന്റെ വിശദാംശങ്ങൾ പുറത്തുവന്നു. മേയ് 15-ന് രാത്രി ഒമാൻ സമയം 9.10 ന് നടന്ന അപകടത്തിന്റെ വിവരങ്ങൾ ദിവസങ്ങൾക്ക് ശേഷമാണ് ഔദ്യോഗികമായി പുറത്തുവരുന്നത്. അപകടത്തെ തുടർന്ന് ഒമാൻ ട്രാൻസ്‌പോർട്ട് സേഫ്റ്റി ബ്യൂറോ (ഏവിയേഷൻ ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ സെക്ടർ) അടിയന്തര അന്വേഷണം പ്രഖ്യാപിച്ചു.

കണ്ണൂരിലേക്ക് പുറപ്പെടേണ്ടിയിരുന്ന IX 712 ബോയിങ് 737-800 വിമാനമാണ് അപകടത്തിൽപ്പെട്ടത്. ടാക്സിവേ ഇ സെവനിൽ നിന്നും വിമാനം റൺവേ 26 എല്ലിലേക്ക് പ്രവേശിച്ചപ്പോഴാണ് പൈലറ്റുമാർക്ക് ഗുരുതര വീഴ്ച സംഭവിച്ചത്. രാത്രി സമയമായതിനാൽ റൺവേയുടെ നടുവിലുള്ള സെൻട്രൽ ലൈൻ എന്ന് തെറ്റിദ്ധരിച്ച് പൈലറ്റുമാർ വിമാനം റൺവേയുടെ വലതുവശത്തുള്ള ലൈറ്റുകൾക്ക് നേരെ തിരിക്കുകയായിരുന്നു. റൺവേയുടെ മധ്യഭാഗത്തുനിന്നും മാറി വലതുവശത്തേക്ക് നീങ്ങിയ വിമാനം ടേക്കോഫിനായി അതിവേഗത്തിൽ മുന്നോട്ട് കുതിച്ചതോടെ വശങ്ങളിൽ സ്ഥാപിച്ചിരുന്ന നിരവധി റൺവേ എഡ്ജ് ലൈറ്റുകൾ തകർന്നു.

ഈ സമയം കോക്ക്പിറ്റിൽ വലിയൊരു സ്ഫോടന ശബ്ദം കേൾക്കുകയും മാസ്റ്റർ കോഷൻ മുന്നറിയിപ്പ് സന്ദേശം വരികയും ചെയ്തതോടെ പൈലറ്റുമാർ അടിയന്തരമായി ടേക്ക് ഓഫ് നടപടികൾ ഉപേക്ഷിച്ച് വിമാനം റൺവേയിൽ തന്നെ നിർത്തുകയായിരുന്നു. ശക്തമായ ഇടിയുടെ ആഘാതത്തിൽ വിമാനത്തിന്റെ മുൻചക്രത്തിന് കനത്ത കേടുപാടുകൾ സംഭവിക്കുകയും ഒരു ടയർ പൊട്ടുകയും ചെയ്തു. കൂടാതെ വിമാനത്തിന്റെ പ്രധാന ഹൈഡ്രോളിക് സംവിധാനത്തിൽ നിന്ന് ദ്രാവകം പൂർണമായും ചോർന്നുപോയി. വിമാനത്തിന്റെ രണ്ട് എൻജിനുകൾക്കും ഗുരുതരമായ തകരാറുകൾ സംഭവിച്ചിട്ടുണ്ട്. അപകട സമയത്ത് രണ്ട് പൈലറ്റുമാരും അഞ്ച് കാബിൻ ജീവനക്കാരും ഉൾപ്പെടെ വിമാനത്തിലുണ്ടായിരുന്ന 189 യാത്രികരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. റൺവേയിൽ വെച്ച് തന്നെ ഇവരെ സുരക്ഷിതമായി പുറത്തിറക്കി പിന്നീട് ടെർമിനലിലേക്ക് മാറ്റി.

യാത്രക്കാരെ തൊട്ടടുത്ത ദിവസം 13 മണിക്കൂറുകൾക്ക് ശേഷം മറ്റൊരു ബദൽ വിമാനത്തിലാണ് കണ്ണൂരിലേക്ക് അയച്ചത്. വിദേശ പൗരനായ പ്രധാന പൈലറ്റും ഇന്ത്യൻ സ്വദേശിയായ ഫസ്റ്റ് ഓഫീസറുമാണ് വിമാനം നിയന്ത്രിച്ചിരുന്നത്.

ഇവരെ രണ്ടുപേരെയും അന്വേഷണം പൂർത്തിയാകുന്നത് വരെ ഡ്യൂട്ടിയിൽ നിന്നും മാറ്റിനിർത്തിയിട്ടുണ്ട്. കനത്ത നാശനഷ്ടം സംഭവിച്ച വിമാനം ദിവസങ്ങളായി മസ്കത്ത് വിമാനത്താവളത്തിൽ തന്നെ തുടരുകയാണ്.

Tags:    
News Summary - Oman launches investigation into Air India Express crash into runway lights

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.