റൂവിയിലെ ഗാലക്സി ഹാളിൽ നടന്ന ഭാവലയ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽമുഖ്യാതിഥി ഒമാനിലെ ഇന്ത്യൻ അംബാസഡർ ജി.വി. ശ്രീനിവാസ് സംസാരിക്കുന്നു 

ഭാവലയ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ‘കലൈഡോസ്കോപ്പ് 2026’ അരങ്ങേറി; ‘ദി കോൾ’ മികച്ച ചിത്രം

മസ്കത്ത്: ഭാവലയ ആർട്ട് ആൻഡ് കൾച്ചറിന്റെ ആഭിമുഖ്യത്തിൽ ഭാവലയ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ‘കലൈഡോസ്കോപ്പ് 2026’ റൂവിയിലെ ഗാലക്സി ഹാളിൽ അരങ്ങേറി. ഒമാനിലെ ഇന്ത്യൻ അംബാസഡർ ജി.വി. ശ്രീനിവാസ് മുഖ്യാതിഥിയായ ചടങ്ങിൽ, പ്രശസ്ത ഒമാനി നടൻ താലിബ് അൽ ബലൂഷി, നടി സ്വപ്ന ട്രീസ എന്നിവർ സന്നിഹിതരായി. ഒരു ഡ്രൈവറുടെ ജീവിതത്തിലെ നിർണായകമായ ഒരു രാത്രിയിലെ സംഭവങ്ങൾ ദൃശ്യവൽക്കരിച്ച, അയ്യനാർ സംവിധാനം ചെയ്ത 'ദി കോൾ' മികച്ച ചിത്രം, മികച്ച തിരക്കഥ, മികച്ച സംവിധായകൻ എന്നീ പ്രധാന പുരസ്കാരങ്ങൾ കരസ്ഥമാക്കി.

14 ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത്. മലയാളം, അറബിക്, തമിഴ്, ഇംഗ്ലീഷ് ഭാഷകളിലുള്ള ഹ്രസ്വചിത്രങ്ങളാണ് മേളയിൽ മാറ്റുരച്ചത്. ഒമാനിലുടനീളമുള്ള സ്വതന്ത്ര ചലച്ചിത്ര പ്രവർത്തകരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും സിനിമാ പ്രേമികളുടെയും വൻ പങ്കാളിത്തത്തിനാണ് മേള സാക്ഷ്യം വഹിച്ചത്.

കലയും സംസ്കാരവും പ്രോത്സാഹിപ്പിക്കുന്നതിനായുള്ള ഭാവലയ ആർട്ട് ആൻഡ് കൾച്ചർ ഫൗണ്ടേഷന്റെ 16 വർഷത്തെ പ്രയാണത്തിന്റെ ഭാഗമായാണ് മത്സരം സംഘടിപ്പിച്ചത്. വിധികർത്താക്കളായ ഗിരീഷ് കുന്നുമ്മൽ, ഷാജഹാൻ ഒറ്റതയ്യിൽ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

ചടങ്ങിൽ ഭാവലയ ആർട്ട് ആൻഡ് കൾച്ചർ സ്ഥാപകനും ചെയർമാനുമായ ഡോ. ജെ. രത്നകുമാർ സംസാരിച്ചു. ചിത്രകാരന്മാർ, എഴുത്തുകാർ, സ്റ്റേജ് കലാകാരന്മാർ, അഭിനേതാക്കൾ, കവികൾ, ചലച്ചിത്ര പ്രവർത്തകർ എന്നിവർക്ക് തങ്ങളുടെ കഴിവ് പ്രകടിപ്പിക്കാനും അംഗീകരിക്കപ്പെടാനും ഒരു സ്വതന്ത്ര ഇടം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. സ്ഥാനമൊഴിയുന്ന പ്രിയങ്കരനായ അംബാസഡർ ജി. വി. ശ്രീനിവാസിനെ സദസ്സ് മുഴുവൻ എഴുന്നേറ്റു നിന്ന് നിറകൈയടികളോടെയാണ് യാത്രയാക്കിയത്.

Tags:    
News Summary - Bhavalaya Short Film Festival ‘Kaleidoscope 2026’ kicks off; ‘The Call’ wins best film

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.