ഒമാനിലെ ഇന്ത്യൻ അംബാസഡർ ഡോ. ജി.വി. ശ്രീനിവാസും നേവി ഒമാൻ കമാൻഡറും മാരിടൈം സെക്യൂരിറ്റി കമ്മിറ്റി ചെയർമാനുമായ റിയർ അഡ്മിറൽ സൈഫ് നാസർ അൽ റഹ്ബിയും ധാരണാപത്രത്തിൽ ഒപ്പുവെക്കുന്നു

ഒമാനും ഇന്ത്യയും തമ്മിലുള്ള ധാരണാപത്രം പുതുക്കി; പ്രതിരോധ പങ്കാളിത്തത്തിൽ പുതിയ അധ്യായം

മസ്കത്ത്: ഒമാനും ഇന്ത്യയും തമ്മിൽ കടൽ സുരക്ഷാ രംഗത്തുള്ള സംയുക്ത സഹകരണം ശക്തമാക്കുന്നതിനുള്ള ധാരണാപത്രം പുതുക്കി ഒപ്പുവെച്ചു. മസ്കത്തിലെ മാരിടൈം സെക്യൂരിറ്റി സെന്ററിനെ പ്രതിനിധീകരിച്ചാണ് ഒമാൻ സുൽത്താനേറ്റ് ഇന്ത്യയുമായുള്ള ഈ സുപ്രധാന കരാർ പുതുക്കിയത്. ഒമാന് വേണ്ടി റോയൽ നേവി ഒമാൻ കമാൻഡറും മാരിടൈം സെക്യൂരിറ്റി കമ്മിറ്റി ചെയർമാനുമായ റിയർ അഡ്മിറൽ സൈഫ് നാസർ അൽ റഹ്ബിയും ഇന്ത്യക്ക് വേണ്ടി ഒമാനിലെ ഇന്ത്യൻ അംബാസഡർ ഡോ. ജി.വി. ശ്രീനിവാസും ധാരണാപത്രത്തിൽ ഒപ്പുവെച്ചു.

ഗൾഫ് മേഖലയിൽ ദീർഘകാലമായി ഇന്ത്യയുടെ വിശ്വസ്ത പ്രതിരോധ പങ്കാളികളിലൊന്നാണ് ഒമാൻ സുൽത്താനേറ്റ്. പശ്ചിമേഷ്യയിലെ തന്ത്രപ്രധാനമായ ഈ പങ്കാളിത്തം കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കുന്നതാണ് പുതിയ കരാർ. ഹുർമുസ് കടലിടുക്കിനോട് ചേർന്നുള്ള ഒമാന്റെ ഭൂമിശാസ്ത്രപരമായ സ്ഥാനം ഇന്ത്യയുടെ സമുദ്ര സുരക്ഷക്കും വ്യാപാരത്തിനും അതീവ പ്രാധാന്യമുള്ളതാണ്. നിലവിൽ ഒമാനിലെ തന്ത്രപ്രധാനമായ ദുകം തുറമുഖം ഇന്ത്യൻ നാവികസേനയുടെ കപ്പലുകൾക്ക് അറ്റകുറ്റപ്പണികൾക്കും ഇന്ധനം നിറക്കുന്നതിനുമായി ഒമാൻ വിട്ടുനൽകിയിട്ടുണ്ട്. ഇത് ഇന്ത്യൻ സമുദ്രമേഖലയിലെ സുരക്ഷാ സാന്നിധ്യം ശക്തമാക്കാൻ ഇന്ത്യയെ സഹായിക്കുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം നിലനിർത്തുന്നതിനും സമുദ്ര സുരക്ഷാ രംഗത്തെ അറിവുകളും പരിചയസമ്പത്തും പരസ്പരം കൈമാറുന്നതിനുമാണ് കരാർ ലക്ഷ്യമിടുന്നത്.

ഇന്ത്യയും ഒമാനും തമ്മിൽ നിലവിൽ മൂന്ന് വിഭാഗങ്ങളിലായി പതിവായി സംയുക്ത സൈനിക അഭ്യാസങ്ങൾ നടത്താറുണ്ട്. നാവികസേനകൾ തമ്മിലുള്ള ‘നസീം അൽ ബഹർ‘, കരസേനകളുടെ ‘അൽ നജാ’, വ്യോമസേനകളുടെ ‘ഈസ്റ്റേൺ ബ്രിഡ്ജ്’ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഏദൻ ഗൾഫിലെയും അറബിക്കടലിലെയും കടൽക്കൊള്ള തടയുന്നതിനും അന്താരാഷ്ട്ര കപ്പൽ ചാലുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും പുതിയ സമുദ്ര സുരക്ഷാ കരാർ കൂടുതൽ കരുത്തുപകരുമെന്ന് അധികൃതർ വ്യക്തമാക്കി.

Tags:    
News Summary - Oman, India renew MoU; new chapter in defense partnership

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.