മസ്കത്ത്: രാജ്യത്തെ ടൂറിസം മേഖലക്ക് കരുത്തുപകർന്ന് നടക്കുന്ന ഒമാൻ കൈറ്റ് ഫെസ്റ്റവലിന്റെ ഒരുക്കം പുരോഗമിക്കുന്നു. ഒമാന്‍ സെയിലുമായി സഹകരിച്ച് ഒമാന്‍ ടൂറിസം ഡെവലപ്മെന്റ് കമ്പനി ( ഒമ്രാൻ) നടത്തുന്ന പരിപാടി ജുലൈ 15 മുതല്‍ 24 വരെയാണ് നടക്കുക.
ബാര്‍ അല്‍ ഹിക്മാനില്‍ നിന്ന് ആരംഭിച്ച് റാസ് അല്‍ ഹദ്ദില്‍ അവസാനിക്കുന്ന രീതിയിലാണ് ഫെസ്റ്റിവല്‍ ക്രമീകരിച്ചിരിക്കുന്നത്. ഒമാനിലെ ഏറ്റവും മനോഹരമായ തീര പ്രദേശത്താണ് ഫെസ്റ്റിവൽ നടക്കുന്നത്. ഏറെ പ്രത്യേകതകള്‍ നിറഞ്ഞതാകും ഫെസ്റ്റിവല്‍. ഭൂമിശാസ്ത്രപരമായ വ്യാപ്തി ഇതില്‍ പ്രധാനമാണ്. വികസിന രൂപത്തിലുള്ള ഇവന്റ് ഫോര്‍മാറ്റ് കൂടുതല്‍ അന്താരാഷ്ട്ര അത്ലറ്റുകളെ ആകര്‍ഷിക്കും. ഒമാന്റെ തീരദേശ പരിസ്ഥിതിയുടെ വൈവിധ്യത്തെ പ്രതിഫലിപ്പിക്കുന്ന സമ്പന്നമായ ടൂറിസം അനുഭവം ഫെസ്റ്റിവല്‍ സമ്മാനിക്കും.
വിനോദ സഞ്ചാര അനുഭവങ്ങള്‍ വൈവിധ്യവത്കരിക്കുന്നതിനും ഒമാന്റെ അസാധാരണമായ പ്രകൃതി സൗന്ദര്യ സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നതിനുമുള്ള ഒമ്രാന് ഗ്രൂപ്പിന്റെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് കൈറ്റ് ഫെസ്റ്റിവല്‍ ഒരുക്കുന്നതെന്ന് അസിസ്റ്റന്റ് മാനേജര്‍ സുല്‍ത്താന്‍ സുലൈമാന്‍ അല്‍ ഖുദൂരി പറഞ്ഞു. കഴിഞ്ഞ വര്‍ഷം സംഘടിപ്പിച്ച ഡൗണ്വൈന്ഡറിന് ലഭിച്ച മികച്ച സ്വീകാര്യത ഇത്തവണ ഫെസ്റ്റിവലിനെ വിപുലീകരിക്കുന്നതിന് പ്രേരകമായെന്നും അദ്ദേഹം പറഞ്ഞു. ഒമാനിലെ സമുദ്ര കായിക വിനോദ വികസനത്തില്‍ കൈറ്റ് ഫെസ്റ്റിവല്‍ ഒരു പ്രധാന നായികക്കല്ലാകുമെന്ന് ഒമാന്‍ സെയിലിലെ ഇവന്റ് സ്പെഷലിസ്റ്റ് ഷൈമ സഈദ് അല്‍ അസ്മി പറഞ്ഞു.
പാരിസ്ഥിതിക വൈവിധ്യം മുതല്‍ അനുകൂലമായ കാറ്റും കാലാവസ്ഥയും വരെയുള്ള രാജ്യത്തിന്റെ അനുയോജ്യമായ തീരദേശ സാഹചര്യങ്ങളെയും അവര്‍ ചൂണ്ടിക്കാണിച്ചു. രാജ്യാന്തര കൈറ്റ് സൈഫര്മാരുടെ പങ്കാളിത്തം ഫെസ്റ്റിവലിന് പുതിയ മാനം നല്‍കും. ജലത്തെ അടിസ്ഥാനമാക്കിയുള്ള സാഹസിക കായിക ടൂറിസത്തില്‍ ഒമാന്റെ സ്ഥാനം ഇതുവഴി ഉയരുമെന്നും ഷൈമ സഈദ് അല്‍ അസ്മി പറഞ്ഞു.
ബാര്‍ അല്‍ ഹിക്മാന്‍ മുതല്‍ മസീറ ദ്വീപ് വരെ, മസീറയില്‍ നിന്ന് റാസ് അല്‍ റുവൈസ് വരെ, പിങ്ക് ലഗൂണുകളില്‍ നിന്ന് അല്‍ അശ്ഖറ വരെ, റാസ് അല്‍ ജിന്‍സില്‍ നിന്ന് റാസ് അല്‍ ഹദ്ദ് വരെ എന്നിങ്ങനെ നാല് ഘട്ടങ്ങളിലായി നടക്കുന്ന മള്‍ട്ടി സ്റ്റേജ് ഡൗണ്‍വൈന്‍ഡര്‍ റേസ് ഉള്‍പ്പെടെ നിരവധി മത്സരങ്ങളും കൈറ്റ് ഫെസ്റ്റിവലിന്റെ ഭാഗമായി നടക്കും.
കൂടാതെ സാംസ്കാരിക, വിനോദ പ്രവർത്തനങ്ങൾക്കൊപ്പം കൈറ്റ്സർഫിങ് മത്സരങ്ങളുമുണ്ടാകും. വിസിറ്റ് ഒമാൻ, ഒമാൻ അഡ്വഞ്ചേഴ്സ് സെന്റർ എന്നിവയാണ് ഫെസ്റ്റിവലിനെ പിന്തുണക്കുന്നത്. പരിപാടികളുടെ ഷെഡ്യൂളുകളെക്കുറിച്ചും പൊതുജനങ്ങൾക്കുള്ള പ്രവേശനത്തെക്കുറിച്ചും കൂടുതൽ വിവരങ്ങൾ omankitefestival.omൽ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.