വിദേശ തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സ്  പരിരക്ഷ വൈകാതെ യാഥാര്‍ഥ്യമായേക്കും 

മസ്കത്ത്: സ്വദേശി തൊഴിലാളികള്‍ക്ക് ഒപ്പം വിദേശികളെയും സാമൂഹിക ഇന്‍ഷുറന്‍സ് നിയമത്തിന് കീഴില്‍ കൊണ്ടുവരുന്നത് സംബന്ധിച്ച തീരുമാനം വൈകാതെയുണ്ടായേക്കും. 
ഇതുസംബന്ധിച്ച പഠനം നടക്കുകയാണെന്ന് ജനറല്‍ ഫെഡറേഷന്‍ ഓഫ് ഒമാന്‍ ട്രേഡ് യൂനിയന്‍സ് (ജി.എഫ്.ഒ.ടിയു) ചെയര്‍മാന്‍ നബ്ഹാന്‍ അല്‍ ബത്താഷി പറഞ്ഞു. ഇത് യാഥാര്‍ഥ്യമാകുന്നതോടെ ജോലിക്കിടയില്‍ ഉണ്ടാകുന്ന മരണം, പരിക്ക്, രോഗം എന്നിവക്ക് വിദേശികള്‍ക്കും നഷ്ടപരിഹാരം ലഭിക്കും. നിലവില്‍ സാമൂഹിക  ഇന്‍ഷുറന്‍സ് നിയമത്തിന് കീഴില്‍ സ്വദേശികള്‍ക്ക് മാത്രമാണ് സഹായം നല്‍കുന്നത്.  സാമൂഹിക ഇന്‍ഷുറന്‍സ് നിയമത്തിന് കീഴില്‍ രൂപവത്കരിച്ച പബ്ളിക് അതോറിറ്റി ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സും(പി.എ.എസ്.ഐ)  ജി.എഫ്.ഒ.ടിയുവും സംയുക്തമായാണ് വിദേശികളുടെ ഇന്‍ഷുറന്‍സ് പരിരക്ഷ സംബന്ധിച്ച പഠനം നടത്തുന്നത്. പഠനം രണ്ടുമൂന്ന് മാസത്തിനുള്ളില്‍ പൂര്‍ത്തിയാകും. ഇതിന് ശേഷം നിയമമാക്കുന്നത് സംബന്ധിച്ച് നടപടികളുണ്ടാകുമെന്നാണ് കരുതുന്നത്. പി.എ.എസ്.ഐയില്‍ തൊഴിലാളിക്ക് ഒപ്പം തൊഴിലുടമയും സര്‍ക്കാറും ഒരു വിഹിതം നല്‍കിവരുന്നുണ്ട്.

 ജോലിക്കിടെയുണ്ടാകുന്ന പരിക്കിനും രോഗത്തിനുമൊപ്പം വാര്‍ധക്യത്തിലും വൈകല്യമുണ്ടാകുന്ന പക്ഷവും മരണം സംഭവിക്കുന്ന പക്ഷവും ഇന്‍ഷുറന്‍സ് സഹായം നല്‍കും. തൊഴില്‍ കരാര്‍ റദ്ദാക്കപ്പെടുമ്പോഴുള്ള ആനുകൂല്യം മാത്രമാണ് നിലവില്‍ വിദേശതൊഴിലാളിക്ക് ലഭിക്കുന്നത്. പരിക്കോ വൈകല്യമോ സംഭവിക്കുന്ന പക്ഷം ഈ തുക അപര്യാപ്തമാണെന്നും അല്‍ ബത്താഷി പറഞ്ഞു. തൊഴിലിടങ്ങളിലെ ആരോഗ്യസുരക്ഷയില്‍ ഓരോ മേഖലക്ക് അനുസരിച്ച് മാറ്റമുണ്ട്. എണ്ണ, പ്രകൃതിവാതക മേഖലയില്‍ മാത്രമാണ് സുരക്ഷാ നടപടികള്‍ കൃത്യമായി പാലിക്കപ്പെടുന്നത്. ജോലിസ്ഥലങ്ങളില്‍ നിരീക്ഷണം ശക്തമാക്കുകയും നിയമലംഘകര്‍ക്ക് കര്‍ശന ശിക്ഷ നല്‍കുകയും ചെയ്താല്‍ മറ്റിടങ്ങളിലെയും സുരക്ഷാ മാനദണ്ഡങ്ങള്‍ മെച്ചപ്പെടുമെന്ന് ബത്താഷി പറഞ്ഞു.

 മാനവ വിഭവശേഷി മന്ത്രാലയത്തിലെ തൊഴില്‍ സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥരും ജി.എഫ്.ഒ.ടി.യു അധികൃതരും തൊഴില്‍ സ്ഥലങ്ങളില്‍ പതിവ് പരിശോധനകള്‍ നടത്താറുണ്ട്. പരിശോധനകളില്‍ ചെറിയ സുരക്ഷാ പിഴവ് കണ്ടത്തെുന്ന പക്ഷം അത് പരിഹരിക്കണമെന്നാവശ്യപ്പെട്ട് നിര്‍ദേശം നല്‍കാറുണ്ട്. 
ഒരുമാസത്തിന് ശേഷം വീണ്ടും പരിശോധന നടത്തി പിഴവ് പരിഹരിച്ചിട്ടില്ളെങ്കില്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തുവരുന്നുണ്ട്. വലിയ സുരക്ഷാപിഴവുകള്‍ കണ്ടത്തെുന്ന പക്ഷം കമ്പനിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ നിര്‍ദേശിക്കാറുണ്ടെന്നും അല്‍ ബത്താഷി പറഞ്ഞു. 
286/2008ലെ തൊഴില്‍ നിയമവും മന്ത്രിതല ഉത്തരവും തൊഴിലിടങ്ങളിലെ ആരോഗ്യസുരക്ഷക്ക് കര്‍ശന മാനദണ്ഡങ്ങളാണ് നിര്‍ദേശിക്കുന്നത്. തൊഴില്‍ സുരക്ഷയും ആരോഗ്യവും സംബന്ധിച്ച നിര്‍ദേശങ്ങള്‍, ജോലിക്കാരുടെയും തൊഴിലുടമകളുടെയും ചുമതലകള്‍ എന്നിവ പരസ്യമായി പ്രദര്‍ശിപ്പിക്കണം. പരാതികള്‍ സ്വീകരിക്കാനും പരിഹരിക്കാനുമുള്ള സംവിധാനവും വേണമെന്ന് നിയമം നിര്‍ദേശിക്കുന്നു. ഇവക്ക് മാനവ വിഭവശേഷി മന്ത്രാലയത്തിന്‍െറ അനുമതി തേടുകയും വേണം. 
മാനദണ്ഡങ്ങള്‍ പാലിക്കാത്ത പക്ഷം തൊഴില്‍ നിര്‍ത്തിവെക്കാന്‍ തൊഴിലാളികള്‍ക്ക് അധികാരമുണ്ട്. മരണത്തിനും പരിക്കിനും നഷ്ടപരിഹാരം ഒരിക്കലും പകരമാകില്ല എന്നതിനാലാണ് സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ മന്ത്രാലയം നിര്‍ദേശിക്കുന്നതെന്നും അല്‍ ബത്താഷി പറഞ്ഞു. 

Tags:    
News Summary - oman insurance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.