മസ്കത്ത്: കോവിഡ് വ്യാപനം തടയാനുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായി വിദേശതൊഴിലാളികൾക്ക് കർശന മാർഗനിർദേശവുമായി ഒമാൻ മാനവവിഭവശേഷി മന്ത്രാലയം. ജോലി കഴിഞ്ഞ് വരുന്നവർ താമസ സ്ഥലത്തുനിന്ന് പുറത്തിറങ്ങരുതെന്നാണ് നിർദേശം. വാരാന്ത്യങ്ങളിലും പൊതുഅവധി ദിവസങ്ങളിലുമടക്കം പൊതുസ്ഥലങ്ങളിലും മാർക്കറ്റുകളിലും അടിയന്തര ആവശ്യങ്ങൾക്കല്ലാതെ പോവുകയും ചെയ്യരുത്. സ്വന്തം തൊഴിലാളികളോട് ഇത്തരം കാര്യങ്ങൾ നിർദേശിക്കണമെന്ന് കാട്ടി സ്വകാര്യ കമ്പനികൾക്കും തൊഴിലുടമകൾക്കും മന്ത്രാലയം സർക്കുലർ നൽകി.
തൊഴിലാളികളുടെ ഒരുവിധത്തിലുള്ള കൂടിച്ചേരലുകളും അനുവദിക്കില്ല. നിർദേശം പാലിക്കാത്തവർക്കെതിരെ നിയമ നടപടി കൈക്കൊള്ളുമെന്നും സർക്കുലറിൽ പറയുന്നു. ഒമാനിൽ മൂന്നു പേർക്ക് കൂടി ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ചു. മൂന്നു പേരും സ്വദേശികളാണ്. ജി.സി.സി രാജ്യത്തിൽനിന്ന് മടങ്ങിയെത്തിയ ബന്ധുവായ രോഗിയുമായുള്ള സമ്പർക്കത്തിലൂടെയാണ് ഇവർ രോഗികളായത്.
ഇതോടെ ഒമാനിൽ മൊത്തം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 55 ആയി ഉയർന്നു. ഇതിൽ 17 പേർ രോഗമുക്തി നേടിയിട്ടുണ്ട്. വൈറസ്ബാധയുള്ളയാളുമായുള്ള സമ്പർക്കത്തിലൂടെ ഇതുവരെ എട്ടുപേർക്കാണ് രോഗം പകർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.