ടെലിഫോണ്‍വഴി വീണ്ടും തട്ടിപ്പ്;  ഇരയായത്  മലയാളി സ്ത്രീ

മസ്കത്ത്: മുന്നറിയിപ്പുകള്‍ വ്യാപകമായി നല്‍കിയിട്ടും ടെലിഫോണ്‍വഴി ലോട്ടറി തട്ടിപ്പിന് ഇരയാകുന്ന മലയാളികളുടെ എണ്ണമേറുന്നു.  കൊല്ലം സ്വദേശിനിയായ ക്ളീനിങ് ജീവനക്കാരിയാണ് ഒടുവിലത്തെ ഇര. പ്രമുഖ കമ്പനിയില്‍ കുറഞ്ഞ ശമ്പളത്തില്‍ ജോലി ചെയ്യുന്ന സ്ത്രീയുടെ 500 റിയാലാണ് നഷ്ടപ്പെട്ടത്. 
കഴിഞ്ഞ 25 വര്‍ഷമായി ഒമാനില്‍ ക്ളീനിങ് ചെയ്യുന്ന ഇവര്‍ ആദ്യമായാണ് ഇത്തരം തട്ടിപ്പിനിരയായതെന്ന് പറയുന്നു. ഇതില്‍ 260 റിയാല്‍ സുഹൃത്തില്‍നിന്ന് കടം വാങ്ങിയാണ് ഇവര്‍ ബാങ്കില്‍ നിക്ഷേപിച്ചത്. കഴിഞ്ഞ ഞായറാഴ്ച ഉച്ചക്ക് 11 മണിയോടെയാണ് ഒമാന്‍ടെലില്‍നിന്നാണെന്ന് പരിചയപ്പെടുത്തി അറബിയില്‍ ഫോണ്‍ ചെയ്തത്. അറബി അറിയില്ളെന്നുപറഞ്ഞപ്പോള്‍ ഇംഗ്ളീഷില്‍ നിങ്ങള്‍ക്ക് 20,000 റിയാല്‍ ലോട്ടറി അടിച്ചിരിക്കുന്നുവെന്ന് അറിയിക്കുകയായിരുന്നൂ. 
നല്ല ഇംഗ്ളീഷിലാണ് തട്ടിപ്പുകാര്‍ സംസാരിച്ചത്. ഇത് തട്ടിപ്പാണെന്നും വിശ്വസിക്കില്ളെന്നും പറഞ്ഞപ്പോള്‍ ഒമാന്‍ടെല്ലില്‍നിന്ന് നിങ്ങള്‍ക്ക് സന്ദേശം വരുമെന്ന് അറിയിക്കുകയായിരുന്നു. ഒട്ടും സംശയത്തിന് ഇട നല്‍കാതെ പേരു വിളിച്ചാണ് സംസാരം തുടങ്ങിയത്. പണം ലഭിക്കണമെങ്കില്‍ ബാങ്ക് അക്കൗണ്ട് നമ്പര്‍  നല്‍കണമെന്നും എന്നാല്‍ മാത്രമേ പണം നിക്ഷേപിക്കാന്‍ കഴിയുകയുള്ളൂവെന്നുമാണ് തട്ടിപ്പുകാര്‍ ആദ്യം പറഞ്ഞത്. അതോടെ, സ്ത്രീ എച്ച്.എസ്.ബി.സി ബാങ്കിലെ സ്വന്തം അക്കൗണ്ട് നമ്പര്‍ നല്‍കി. എന്നാല്‍, താങ്കളുടെ അക്കൗണ്ടില്‍ മതിയായ പണമില്ളെന്നും മിനിമം ബാലന്‍സില്ലാതെ പണം കൈമാറാന്‍ കഴിയില്ളെന്നും തട്ടിപ്പുകാര്‍ പറഞ്ഞു. 500 റിയാലെങ്കിലും ബാലന്‍സ് വേണമെന്നും അതിനാല്‍ ഉടന്‍ അത്രയും പണം ബാങ്ക് മസ്കത്തിന്‍െറ അക്കൗണ്ട് നമ്പര്‍ നല്‍കി അതിലിടാന്‍ നിര്‍ദേശിച്ചു.  240 റിയാല്‍ മാത്രമാണ് ഉള്ളതെന്ന് പറഞ്ഞപ്പോള്‍ അത് അക്കൗണ്ടിലിടാന്‍ പറഞ്ഞു. 
ഇത് ചെയ്ത ശേഷവും പ്രൈസ് മണി  ട്രാന്‍സ്ഫറാക്കാന്‍ കഴിയാതെ ബുദ്ധിമുട്ടുകയാണെന്നും  അതിനാല്‍ 250 റിയാല്‍ കൂടി ആരില്‍നിന്നെങ്കിലും കടം വാങ്ങിയാണെങ്കിലും ഉടന്‍ നിക്ഷേപിക്കണമെന്നും വീണ്ടും വീണ്ടും ആവശ്യപ്പെട്ടു. അതോടെ, ഒരു സുഹൃത്തില്‍ നിന്ന് 260 റിയാല്‍ കൂടി കടം വാങ്ങി പ്രസ്തുത അക്കൗണ്ടില്‍ നിക്ഷേപിച്ചു. 
ലോട്ടറി നല്‍കുന്നത് നാലു കമ്പനികളാണെന്നും സൗദി മൊബൈല്‍ കമ്പനിയുടെ തുക കൂടി കിട്ടണമെങ്കില്‍ 150 റിയാല്‍ കൂടി ഇടണമെന്നുമായിരുന്നു അടുത്ത ആവശ്യം. അപ്പോള്‍ എനിക്ക് ലോട്ടറി വേണ്ടെന്നും അല്ളെങ്കില്‍ പൊലീസില്‍ പരാതി നല്‍കുമെന്നും പറഞ്ഞപ്പോള്‍ ഉടന്‍ ബാങ്കില്‍ പോവാനും പണം അക്കൗണ്ടില്‍ എത്തുമെന്നും പറഞ്ഞു. അങ്ങനെ ബാങ്കില്‍ പോയി മണിക്കൂറുകള്‍ കാത്തിരുന്നെങ്കിലും പണം വന്നില്ല. ഏറെ കഴിഞ്ഞശേഷം വീണ്ടും വിളിച്ച് 10 റിയാലിന്‍െറ ഉരീദു കാര്‍ഡ് നമ്പര്‍ അയച്ചുതന്നാല്‍ പണം കിട്ടുമെന്ന് പറഞ്ഞതനുസരിച്ച് അതും അയച്ചുകൊടുത്തു. എന്നാല്‍, പിന്നീട് ടെലിഫോണ്‍ ഓഫ് ആവുകയായിരുന്നു. 
തട്ടിപ്പാണെന്ന് അറിഞ്ഞതോടെ ബാങ്ക് മസ്കത്തിനെ സമീപിച്ചപ്പോള്‍ ബാങ്ക് അധികൃതര്‍ ബാങ്ക് സ്റ്റേറ്റ്മെന്‍റ് നല്‍കി. 
തുടര്‍ന്ന് പബ്ളിക് പ്രോസിക്യുഷന് പരാതി നല്‍കുകയും അവരുടെ നിര്‍ദേശമനുസരിച്ച്  കോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയും ചെയ്തു. 
കോടതി നിര്‍ദേശമനുസരിച്ച്  അല്‍ ഖുവൈര്‍ പൊലീസ് കേസ് അന്വേഷിക്കുകയാണ്. അക്കൗണ്ട് നമ്പറുള്ളതിനാല്‍ തട്ടിപ്പുകാരെ പിടിക്കാന്‍ കഴിയുമെന്നാണ് അധികൃതര്‍ പറയുന്നത്.

Tags:    
News Summary - oman crime

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.