ലബനാന് സമീപം അൽ ബുസ്താൻ വില്ലേജിന് മുകളിൽ ഇസ്രായേൽ വൈറ്റ് ഫോസ്ഫറസ് പ്രയോഗിക്കുന്ന ദൃശ്യം (ഫയൽ)
മസ്കത്ത്: സൈനികപ്രവർത്തനങ്ങളിൽ രാസവസ്തുക്കളും ആൾക്കൂട്ടങ്ങളെ നിയന്ത്രിക്കാൻ രാസവാതകങ്ങളും ഉപയോഗിക്കുന്നതിനെ അപലപിച്ച് ഒമാൻ. രാസായുധങ്ങളുടെ നിരോധനം ആവശ്യപ്പെട്ട് ഹേഗിൽ 23 രാജ്യങ്ങൾ പങ്കെടുത്ത സമ്മേളനത്തിൽ പങ്കെടുക്കവെയാണ് ഒമാൻ സംയുക്ത പ്രസ്താവനയിൽ ഒപ്പുവെച്ചത്. സംഘർഷ മേഖലയിലുള്ള രാസവസ്തുക്കളുടെ ഉപയോഗവുമായി ബന്ധപ്പെട്ട ലംഘനങ്ങൾ അവസാനിപ്പിക്കണമെന്നും അന്താരാഷ്ട്ര നിയമങ്ങളും കെമിക്കൽ വെപ്പൺസ് കൺവഷൻ നിർദേശങ്ങളും പൂർണമായി പാലിക്കണമെന്നും സമ്മേളനത്തിൽ പങ്കെടുത്ത രാജ്യങ്ങൾ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ഗസ്സ സിറ്റി പോർട്ടിന് സമീപം ഇസ്രായേൽ വൈറ്റ് ഫോസ്ഫറസ് പ്രയോഗിക്കുന്നതിന്റെ ദൃശ്യം (ഫയൽ)
നെതർലൻഡ്സിലെ ഒമാൻ അംബാസഡറും ഓർഗനൈസേഷൻ ഫോർ ദ പ്രൊഹിബിഷൻ ഓഫ് കെമിക്കൽ വെപ്പൺസിന്റെ (ഒ.പി.സി.ഡബ്ല്യു) സ്ഥിരം പ്രതിനിധിയുമായ ശൈഖ് അബ്ദുല്ല അൽഹാർത്തി പ്രമേയം അവതരിപ്പിച്ചു. ഫലസ്തൻ, ലബനാൻ പ്രദേശങ്ങളിൽ സാധാരണക്കാരെ ലക്ഷ്യംവെച്ച് ഇസ്രായേൽ അധിനിവേശസേന നടത്തിയ സൈനിക നടപടികളിൽ രാസവസ്തുക്കളും കലാപനിയന്ത്രണ വാതകങ്ങളും ഉപയോഗിച്ചതിനെ പങ്കെടുത്ത രാജ്യങ്ങളുടെ പ്രതിനിധികൾ ശക്തമായി അപലപിച്ചു. ഇസ്രായേലിന്റെ ഈ പ്രവൃത്തികൾ അന്താരാഷ്ട്ര നിയമത്തിന്റെയും കെമിക്കൽ വെപ്പൺസ് കൺവെൻഷന്റെയും തുറന്ന ലംഘനമാണെന്ന് ഒമാൻ പ്രതിനിധി ശൈഖ് അബ്ദുല്ല അൽഹാർത്തി ചൂണ്ടിക്കാട്ടി. യു.എൻ സെക്യൂരിറ്റി കൗൺസിൽ പ്രമേയങ്ങളും അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധിയും ഇസ്രായേൽ പാലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സിറിയയിലെ പ്രദേശങ്ങളും സർക്കാർ സ്ഥാപനങ്ങളും ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ ആക്രമണങ്ങളെയും അപലപിച്ചു.
ഫലസ്തീനിലെ ഗസ്സയിലും ലബനാനിലുമുള്ള സൈനിക നടപടികളിൽ ഇസ്രായേൽ വൈറ്റ് ഫോസ്ഫറസ് ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു. അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ഹ്യൂമൻ റൈറ്റ്സ് വാച്ച് ഇത് സ്ഥിരീകരിച്ചിരുന്നു. വൻതോതിൽ ചൂടും കനത്ത പുകയും സൃഷ്ടിക്കുന്ന വൈറ്റ് ഫോസ്ഫറസ്, തിരക്കേറിയ നഗരമേഖലകളിൽ ഉപയോഗിക്കുന്നത് സാധാരണ പൗരന്മാർക്ക് ഗുരുതര പരിക്കിനും ദീർഘകാല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും. ഗസ്സ സിറ്റിയിലും ഇസ്രായേൽ-ലബനാൻ അതിർത്തിയോടനുബന്ധിച്ച പ്രദേശങ്ങൾക്കും മുകളിൽ ആകാശത്തിൽ പൊട്ടിത്തെറിക്കുന്ന രീതിയിൽ ഇവ ഉപയോഗിച്ചിരിക്കുന്നതായാണ് കണ്ടെത്തിയത്.
വൈറ്റ് ഫോസ്ഫറസ് ശരീരവുമായി സമ്പർക്കത്തിൽപെട്ടാൽ എല്ലിനെവരെ ബാധിക്കുന്ന രാസ-താപ പ്രവർത്തനങ്ങൾ നടക്കും. വായുവിൽ സ്പർശിച്ചാൽ സ്വയം കത്തിത്തുടങ്ങുന്ന ഈ പദാർഥം, കെട്ടിടങ്ങളും കൃഷിസ്ഥലങ്ങളും ഒരുനിമിഷം കൊണ്ട് തീയിടാൻ ശേഷിയുള്ളതാണെന്നും ഹ്യൂമൻ റൈറ്റ്സ് വാച്ചിന്റെ റിപ്പോർട്ടിൽ പറയുന്നു.
ഗസ്സ പോലെയുള്ള അത്യന്തം ജനസാന്ദ്രതയേറിയ പ്രദേശത്ത് ഇതിന്റെ ഉപയോഗം അന്തർദേശീയ മനുഷ്യാവകാശനിയമങ്ങളുടെ ലംഘനമാണ്. 2009ലെ ഗസ്സയുദ്ധത്തിലും ഇസ്രായേൽ വൈറ്റ് ഫോസ്ഫറസ് ഉപയോഗിച്ചതായി രേഖകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.