നിർമാണം പുരോഗമിക്കുന്ന ഒമാൻ ബൊട്ടാണിക് ഗാർഡൻ

ഒമാൻ ബൊട്ടാണിക് ഗാർഡൻ: ടെൻഡർ ക്ഷണിച്ചു

മസ്കത്ത്: ഒമാൻ ബൊട്ടാണിക് ഗാർഡൻ നടത്തിപ്പുൾപ്പെടെ വിവിധ പദ്ധതികളുടെ നിർമാണത്തിന് പൈതൃക, വിനോദ സഞ്ചാര മന്ത്രാലയം ടെൻഡർ ക്ഷണിച്ചു. ദാഖിലിയ ഗവര്‍ണറേറ്റില്‍ ബഹ്‌ല വിലായത്തിലെ ജിബ്രീന്‍ കോട്ട, തെക്കന്‍ ബാത്തിന ഗവര്‍ണറേറ്റില്‍ റുസ്താഖ് വിലായത്തിലെ അല്‍ റമാഹ് കോട്ടയിലെ അല്‍ കസ്ഫാഹ് ടവര്‍ പുനര്‍ നിര്‍മാണം തുടങ്ങിയവയാണ് ടെൻഡർ ക്ഷണിച്ചവയിൽ ഉൾപ്പെടുന്നത്. ഒമാനിന്‍റെ സസ്യവൈവിധ്യങ്ങളെയും ജൈവ പാരമ്പര്യത്തെയും ലോകത്തിനു മുന്നിൽ കാഴ്ചവെക്കുന്ന ഒമാൻ ബൊട്ടാണിക് ഗാർഡന്‍റെ നിർമാണ പ്രവൃത്തികൾ നടന്നുകൊണ്ടിരിക്കുകയാണ്. സീബ് വിലയത്തിലെ അൽ ഖൂദ് ഏരിയയിൽ ഒരുങ്ങുന്ന ബൊട്ടാണിക് ഗാർഡന്‍റെ നിർമാണം അടുത്ത വർഷം അവസാനത്തോടെ പൂർത്തിയാക്കും.

ഒമാനിന്‍റെ സസ്യ വൈവിധ്യങ്ങൾക്ക് സുസ്ഥിര ഭാവി ഒരുക്കുന്നതിനൊപ്പം ജൈവ സമ്പത്ത് കാത്തുസൂക്ഷിക്കാൻ ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതും ലക്ഷ്യമിട്ടാണ് ബൊട്ടാണിക് ഗാർഡൻ പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. പരിസ്ഥിതിക്ക് അനുയോജ്യമായ വസ്തുക്കൾ മാത്രം ഉപയോഗിച്ചാണ് ബൊട്ടാണിക് ഗാർഡൻ നിർമിക്കുന്നത്. ഗാർഡൻ തുറക്കുന്നതോടെ ഇവിടേക്കും പുറത്തേക്കുമുള്ള ഗതാഗതം പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് ആകാതിരിക്കാൻ റസിഡൻഷ്യൽ ഏരിയയിൽനിന്ന് ദൂരെയാണ് സ്ഥലം കണ്ടെത്തിയിരിക്കുന്നത്. നഴ്സറി, സന്ദർശക കേന്ദ്രം, ഗവേഷണ കേന്ദ്രം, ഫീൽഡ് സ്റ്റഡി സെന്‍റർ, ഔട്ട്ഡോർ എൻവയോൺമെന്‍റ് സെന്‍റർ, നോർത്തേൺ മൗണ്ടൻസ് ഇൻഡോർ എൻവയോൺമെന്‍റ്, സതേൺ മൗണ്ടൻസ് ഇൻഡോർ എൻവയോൺമെന്‍റ്, എജുക്കേഷൻ പാർക്ക് എന്നിവയാണ് ബൊട്ടാണിക് ഗാർഡനിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

Tags:    
News Summary - Oman Botanic Garden: Tender invited

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.