ആക്രമണത്തിൽപ്പെട്ട മാർഷൽ ദ്വീപന്റെ എണ്ണക്കപ്പലായ എം.കെ.ഡി വയോം (കടപ്പാട്: എക്സ് (X) പ്ലാറ്റ്‌ഫോം)

ഒമാന് സമീപം എണ്ണക്കപ്പലിന് നേരെ വീണ്ടും ആക്രമണം; ഇന്ത്യൻ പൗരനായ ജീവനക്കാരൻ കൊല്ലപ്പെട്ടു

മസ്കത്ത്: ഒമാന് സമീപം കടലിൽ എണ്ണക്കപ്പലിനു നേരെ വീണ്ടും ഡ്രോൺ ആക്രമണം. മസ്കത്ത് തീരത്തുനിന്ന് ഏകദേശം 52 നോട്ടിക്കൽ മൈൽ അകലെ തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. ആക്രമണത്തിൽ കപ്പലിലെ ജീവനക്കാരനായ ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടു. മാർഷൽ ദ്വീപന്റെ എണ്ണക്കപ്പലായ എം.കെ.ഡി വയോം ആണ് ആക്രമണത്തിനിരയായത്. ഏകദേശം 59,463 മെട്രിക് ടൺ ചരക്കുമായി സഞ്ചരിച്ചിരുന്ന കപ്പലിൽ ഡ്രോൺ ആക്രമണം നടന്നതോടെ പ്രധാന എഞ്ചിൻ റൂമിൽ വൻ സ്ഫോടനം നടന്നു. തുടർന്ന് കപ്പലിൽ തീപിടിക്കുകയായിരുന്നു.

മാരിടൈം സെക്യൂരിറ്റി സെന്ററുമായി സഹകരിച്ച് കപ്പലിലുണ്ടായിരുന്ന 21 അംഗ സംഘത്തെ സുരക്ഷിതമായി ഒഴിപ്പിച്ചു. ഇതിൽ 16 പേർ ഇന്ത്യക്കാരും നാല് പേർ ബംഗ്ലാദേശുകാരും ഒരാൾ യുക്രൈൻ പൗരനുമാണ്. പനാമ വ്യാപാര കപ്പലായ എം.വി സാനഡ് വഴിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.

ആക്രമണത്തിനിരയായ കപ്പലിന്റെ സ്ഥിതിഗതികൾ ഒമാൻ റോയൽ നാവികസേന നിരീക്ഷിച്ചുവരികയാണ്. സമുദ്ര മേഖലയിലൂടെ സഞ്ചരിക്കുന്ന മറ്റ് കപ്പലുകൾക്ക് ആവശ്യമായ നാവിഗേഷൻ മുന്നറിയിപ്പുകളും പുറപ്പെടുവിച്ചിട്ടുണ്ടെന്ന് ബന്ധപ്പെട്ട അധികൃതർ അറിയിച്ചു. മേഖലയിൽ സംഘർഷാവസ്ഥ തുടരുന്നതിനാൽ ഹോർമൂസ് കടലിടുക്കിലൂടെയുള്ള കപ്പൽസഞ്ചാരം ഇറാൻ വിലക്കിയിരുന്നു. ഞായറാഴ്ച ഒമാനിലെ മുസന്ദം ഖസബ് തുറമുഖത്തിന് ഏകദേശം അഞ്ച് നോട്ടിക്കൽ മൈൽ അകലെ പലാവു എന്ന ദ്വീപ് രാഷ്ട്രത്തിന്റെ ‘സ്കൈലൈറ്റ്’ എണ്ണക്കപ്പലിന് നേരെയും ഡ്രോൺ ആക്രമണം നടന്നിരുന്നു. സംഭവത്തിൽ നാല് ജീവനക്കാർക്ക് പരിക്കേറ്റിരുന്നു. കപ്പലിലുണ്ടായിരുന്ന 15 ഇന്ത്യക്കാരും അഞ്ചു ഇറാനികളും ഉൾപ്പെടെ 20 ജീവനക്കാരെയും ഒമാൻ മാരിടൈം സെക്യൂരിറ്റി സെന്റർ സുരക്ഷിതമായി ഒഴിപ്പിച്ചു.

Tags:    
News Summary - Another attack on oil tanker near Oman; Indian national killed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.